ബംഗളൂരു: വംശനാശ ഭീഷണി നേരിടുന്ന 218 നക്ഷത്ര ആമകളെ ബാഗില്‍ കടത്താനുള്ള യാത്രക്കാരന്റെ ശ്രമം കണ്ടക്ടർ തടഞ്ഞു. പിന്നീട് വന്യജീവി സംരക്ഷണ പ്രവർത്തകർ പിടികൂടി. ഗാന്ധിനഗർ ആനന്ദ റാവു സർക്കിളില്‍നിന്ന് കയറിയ യാത്രക്കാരന്റെ ബാഗില്‍ ചലനം ശ്രദ്ധയില്‍പെട്ട് കണ്ടക്ടർ ചോദ്യംചെയ്തപ്പോള്‍ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പീപ്ള്‍ ഫോർ ആനിമല്‍സ് (പി.എഫ്.എ)യുടെ വന്യജീവി സംരക്ഷണ പ്രവർത്തകൻ എ. മോഹന്റെ നേതൃത്വത്തില്‍ പിന്തുടർന്ന് പിടികൂടുകയായിരുന്നു.ഏഷ്യൻ രാജ്യങ്ങളിലേക്ക് അനധികൃത വ്യാപാരത്തിനായി ചെന്നൈയിലേക്ക് ഇവയെ കടത്താൻ ഉദ്ദേശിച്ചിരുന്നതായി മോഹൻ പറഞ്ഞു.
അന്താരാഷ്‌ട്ര വിപണിയില്‍ നക്ഷത്ര ആമക്ക് 10,000 രൂപ വിലവരും. യാത്രക്കാരൻ കടത്താൻ ശ്രമിച്ച ആമകളില്‍ ഏറ്റവും വലുതിന് 864ഗ്രാം തൂക്കമുണ്ട്. നാല്-അഞ്ച് വർഷമാണ് പ്രായം. ഒരാഴ്ച പ്രായമുള്ള ഏറ്റവും ചെറുതിന് 23 ഗ്രാം മാത്രമാണ് ഭാരമുണ്ടായിരുന്നത്.കൂട്ടത്തില്‍ ഒരു ആമയെ ചത്തതായും കണ്ടെത്തി. എന്നാല്‍ മറ്റ് 217 ആമകളെ രക്ഷപ്പെടുത്തിയതായി പി.എഫ്.എയിലെ ചീഫ് വൈല്‍ഡ് ലൈഫ് വെറ്ററിനറി കേണല്‍ നവാസ് ശരീഫ് പറഞ്ഞു. കർണാടക വനം വകുപ്പ് നിർണയിക്കുന്ന അജ്ഞാത സ്ഥലത്ത് ആമകളെ ബാച്ചുകളായി വിട്ടയക്കും. ഓരോ ആമയുടെയും ആരോഗ്യനില പരിശോധിച്ചു. ശരീരഭാരം 80 ഗ്രാമെങ്കിലും നേടിയ ശേഷം അവയെ പുറത്തുവിടാമെന്ന് നിർദേശിച്ചിട്ടുണ്ട്.
വൻതോതില്‍ കള്ളക്കടത്ത്, ആവാസവ്യവസ്ഥയുടെ മോശംസ്ഥിതി എന്നിവ കാരണം ഇന്ത്യൻ നക്ഷത്ര ആമകളുടെ എണ്ണം കുറഞ്ഞുവരുകയാണ്. ഓരോ വർഷവും ആയിരങ്ങളെ അനധികൃതമായി കാട്ടില്‍നിന്ന് കൊണ്ടുപോകുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.