ബെംഗളുരു: മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനും എംഎല്‍എയായ എച്ച്ഡി രേവണ്ണയുടെ മകനുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക അതിക്രമങ്ങള്‍ ചെറുതൊന്നുമല്ലെന്ന് റിപ്പോര്‍ട്ട്. അശ്ലീല വീഡിയോ പുറത്തുവന്നതിനെതുടര്‍ന്ന് ഹാസന് എംപിയായ രേവണ്ണയെ ജനതാദള്‍ (സെക്കുലര്‍) പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള സഖ്യമായ എന്‍ഡിഎയുടെ ഭാഗമാണ് ജനതാദള്‍ (സെക്കുലര്‍). ലൈംഗിക വീഡിയോ പുറത്തുവന്നയുടന്‍ അറസ്റ്റ് ഭയന്ന് ഇയാള്‍ രാജ്യം വിട്ടതായാണ് അഭ്യൂഹം. ഏപ്രില്‍ 26 ന് തിരഞ്ഞെടുപ്പ് നടന്ന ഹാസന് ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു 33 കാരനായ പ്രജ്വല്‍.
പ്രജ്വലിനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നതിന് പിന്നാലെ വീട്ടുജോലിക്കാരിയും പരാതിയുമായി എത്തി. മാസങ്ങളോളമായി ഇയാളുടെ പീഡനം ഏല്‍ക്കേണ്ടിവന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. വീട്ടുജോലിക്കാരികളെ ഇയാള്‍ നിരന്തരം പീഡിപ്പിക്കാറുണ്ടെന്നും ഭയം മൂലമാണ് പുറത്തുപറയാതിരുന്നതെന്നും സ്ത്രീ വെളിപ്പെടുത്തി. മാത്രമല്ല, എച്ച്ഡി രേവണ്ണയും വീട്ടിലെ സ്ത്രീ തൊഴിലാളികളെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്ന് യുവതി പരാതിയില്‍ പറയുന്നു.
വീട്ടില്‍ ആറ് സ്ത്രീ തൊഴിലാളികള്‍ ഉണ്ടായിരുന്നു. ഇവരെ പലപ്പോഴായി മുറിയിലേക്ക് വിളിപ്പിക്കും. പ്രജ്വല്‍ രേവണ്ണ വീട്ടിലെത്തുമ്ബോഴെല്ലാം അവര്‍ ഭയത്തോടെയാണ് കഴിഞ്ഞിരുന്നത്. വീട്ടിലെ പുരുഷ തൊഴിലാളികളും സ്ത്രീ തൊഴിലാളികളോട് ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്കി. രേവണ്ണയുടെ ഭാര്യ ഇല്ലാത്തപ്പോഴെല്ലാം സ്ത്രീകളെ സ്റ്റോര്‍ റൂമിലേക്ക് വിളിച്ചു. പഴം കൊടുക്കുമ്ബോള്‍ സ്പര്‍ശിക്കുകയും സാരി പിന്നുകള്‍ ഊരിമാറ്റുകയും സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു.
പ്രജ്വല്‍ രേവണ്ണ തന്റെ മകളുമായി അടുക്കാന്‍ ശ്രമിച്ചെന്നും തുടര്‍ന്ന് നമ്ബര്‍ ബ്ലോക്ക് ചെയ്തെന്നും യുവതി പറയുന്നുണ്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 354 എ, 354 ഡി, 506, 509 എന്നിവ പ്രകാരം പോലീസ് കേസെടുത്തു.