Home Featured വിദ്യാർത്ഥിനികൾക്ക് സൗജന്യ സാനിറ്ററി പാഡ്; കർണാടകയിൽ ശുചി പദ്ധതി പുനരാരംഭിച്ചു

വിദ്യാർത്ഥിനികൾക്ക് സൗജന്യ സാനിറ്ററി പാഡ്; കർണാടകയിൽ ശുചി പദ്ധതി പുനരാരംഭിച്ചു

by admin

ബംഗളൂരു: സർക്കാർ സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ വിതരണം ചെയ്യുന്ന ‘ശുചി പദ്ധതി’ പുനരാരംഭിച്ചു. പദ്ധതിയിലൂടെ സംസ്ഥാനത്തുടനീളമുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും കോളജുകളിലുമായി 19 ലക്ഷം പെണ്‍കുട്ടികള്‍ക്ക് സൗജന്യ സാനിറ്ററി നാപ്കിനുകള്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.

സ്‌കൂളുകളില്‍ സാനിറ്ററി പാഡുകള്‍ ആരോഗ്യ പ്രവർത്തകർ എത്തിക്കും. ഓരോ കിറ്റിലും ഒരു പാക്കറ്റില്‍ 10 നാപ്കിനുകള്‍ ഉണ്ടായിരിക്കും. ഇത്തരത്തില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഒരു വര്‍ഷത്തേക്ക് ആവശ്യമായ നാപ്കിനുകള്‍ സൗജന്യമായി നല്‍കും.

47 കോടി രൂപ ചെലവില്‍ 19 ലക്ഷം സ്‌കൂള്‍, കോളജ് വിദ്യാർഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി നാപ്കിനുകള്‍ നല്‍കുന്നുണ്ടെന്നും ദരിദ്ര കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് ഇതിന്‍റെ ചെലവ് താങ്ങാനാകില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആര്‍ത്തവം സ്വാഭാവികമായ ഒരു പ്രക്രിയയാണെന്നും എന്നാല്‍, ചില അന്ധവിശ്വാസങ്ങള്‍ ഇതിനോട് ചേര്‍ന്നുനില്‍ക്കുന്നുണ്ടെന്നും അവ ഒഴിവാക്കി ശുചിത്വത്തെക്കുറിച്ചും സാനിറ്ററി നാപ്കിനുകളുടെ ഉപയോഗത്തെക്കുറിച്ചും ബോധവത്കരണം നടത്തേണ്ടത് ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം സാനിറ്ററി പാഡുകള്‍ക്ക് ബദലായി, ശുചി യോജനക്കുകീഴില്‍ മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ചെയ്യുന്നതിനായി രണ്ട് ജില്ലകളില്‍ ലഘു പരിപാടികളും നടപ്പിലാക്കിയിട്ടുണ്ട്. മെന്‍സ്ട്രുവല്‍ കപ്പുകള്‍ കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദമായതിനാല്‍ പദ്ധതിക്ക് ആളുകളില്‍ നിന്ന് മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. അതോടൊപ്പം സാനിറ്ററി പാഡുകള്‍ക്ക് പകരം മെന്‍സ്ട്രുവല്‍ കപ്പുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച്‌ ബോധവത്കരണം നടത്താന്‍ ആരോഗ്യവകുപ്പ് മറ്റു ചില പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group