Home Featured മൈസൂരുവില്‍ സ്വര്‍ണം വിറ്റ് മടങ്ങിയ മലയാളികളെ തട്ടിക്കൊണ്ടുപോയി 50 ലക്ഷം രൂപ കവര്‍ന്നു.

മൈസൂരുവില്‍ സ്വര്‍ണം വിറ്റ് മടങ്ങിയ മലയാളികളെ തട്ടിക്കൊണ്ടുപോയി 50 ലക്ഷം രൂപ കവര്‍ന്നു.

മൈസൂരുവില്‍ സ്വര്‍ണം വിറ്റ് മടങ്ങിയ മലയാളികളെ തട്ടിക്കൊണ്ടുപോയി 50 ലക്ഷം രൂപ കവര്‍ന്നു.കുടകില്‍ വെച്ച്‌ കാറടക്കം തട്ടിക്കൊണ്ടു പോയാണ് പണം കവര്‍ന്നത്. മലപ്പുറം തിരൂരങ്ങാടി കൊടക്കാട് സ്വദേശിയും കോണ്‍ട്രാക്ടറുമായ കെ.ഷംജദ് (38), സുഹൃത്തും വിദ്യാര്‍ത്ഥിയുമായ അഫ്‌നു (22) എന്നിവരെയാണ് സഞ്ചരിച്ച കാറടക്കം തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നത്. തട്ടിക്കൊണ്ടുപോയ ഇവരെ പിന്നീട് വിജനമായ സ്ഥലത്ത് വിട്ടയച്ചു.ഷംജദ് 750 ഗ്രാം സ്വര്‍ണം മൈസൂരുവില്‍ വിറ്റ് നാട്ടിലേക്ക് മടങ്ങവെയാണ് കൊള്ളയടിക്കപ്പെട്ടത്. കുടകിലെ തിത്തിമത്തി ഭദ്രഗോളയ്ക്കുസമീപം ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം.

ഷംജദിന്റെ പരാതിയില്‍ കുടക് പൊലീസ് അന്വേഷണം ആരംഭിച്ചു. ഷംജദിന്റെ കാര്‍ തിത്തിമത്തി ഭദ്രഗോളിക്കു സമീപമെത്തിയപ്പോള്‍ റോഡരികില്‍ ബ്രേക്ക് ഡൗണായ നിലയില്‍ ലോറി കണ്ടു. കാര്‍ നിര്‍ത്തിയപ്പോള്‍ ചില വാഹനങ്ങളിലെത്തിയ പതിനഞ്ചോളം പേരടങ്ങുന്ന സംഘം ഇവരോട് പണം ആവശ്യപ്പെടുകയും ഇല്ലെന്ന് പറഞ്ഞപ്പോള്‍ കാറടക്കം തട്ടിക്കൊണ്ടു പോകുകയും ആയിരുന്നു.ആക്രമികള്‍ മലയാളത്തിലായിരുന്നു സംസാരിച്ചത്. കൈയിലുണ്ടായിരുന്ന സ്വര്‍ണം വിറ്റുകിട്ടിയ 50 ലക്ഷം രൂപ ഇവര്‍ തട്ടിയെടുക്കുകയും വിജനമായ സ്ഥലത്ത് ഇറക്കിവിട്ട് കടന്നുകളയുകയുമായിരുന്നുവെന്ന് ഷംജദ് പറഞ്ഞു. ഇരുട്ടില്‍ സ്ഥലമറിയാതെ ഒന്നരക്കിലോമീറ്ററോളം നടന്ന് മെയിൻ റോഡിലെത്തി. ഒരു പത്രവാഹനത്തില്‍ കയറി പുലര്‍ച്ചെ നാലോടെ വീരാജ്പേട്ട പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.

ഗോണിക്കുപ്പയ്ക്കടുത്ത ദേവപുരയാണ് ഇറക്കിവിട്ട സ്ഥലമെന്ന് മനസ്സിലാക്കിയതോടെ പൊലീസ് ഇവരെ ഗോണിക്കൊപ്പ പൊലീസ് സ്റ്റേഷനിലെത്തിച്ചു. പൊലീസ് പരിശോധനയില്‍ ഇവരുടെ കാര്‍ കേടുപാടുകളോടെ കോലത്തോട് വില്ലേജില്‍നിന്ന് കണ്ടെടുത്തു.ഐ.ജി. ഡോ. ബോറലിംഗപ്പ, ജില്ലാ പൊലീസ് സൂപ്രണ്ട് കെ.രാമരാജൻ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അഡീഷണല്‍ എസ്‌പി.യുടെയും ഡിവൈ.എസ്‌പി.യുടെയും നേതൃത്വത്തില്‍ മൂന്ന് ഇൻസ്‌പെക്ടര്‍മാരും ഏഴ് സബ് ഇൻസ്‌പെക്ടര്‍മാരും ചേര്‍ന്ന് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപവത്കരിച്ചതായി ജില്ലാ പൊലീസ് സൂപ്രണ്ട് കെ.രാമരാജൻ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group