ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ അടുത്ത ഒരുമാസത്തേക്ക് ജനങ്ങൾ തിങ്ങിക്കൂടുന്ന പരിപാടികൾ പാടില്ലെന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ.
ധാരാളം ആളുകൾ പങ്കെടുക്കുന്ന യോഗങ്ങൾ, ആഘോഷപരിപാടികൾ, മതപരിപാടികൾ, പ്രതിഷേധങ്ങൾ, രാഷ്ട്രീയയോഗങ്ങൾ എന്നിവ പാടില്ലെന്നാണ് കോവിഡ് സാങ്കേതിക വിദഗ്ധസമിതിയുടെ നിർദേശമെന്നും മന്ത്രി പറഞ്ഞു. ആളുകൾ കൂടുന്നത് ഒഴിവാക്കാൻ രാഷ്ട്രീയനേതാക്കളോടും മതനേതാക്കളോടും ആവശ്യപ്പെടും.
കല്യാണ ആഘോഷങ്ങൾക്ക് 500 ആളുകൾ മാത്രമേ പങ്കെടുക്കാവൂ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് അറിയാൻ കല്യാണ ഓഡിറ്റോറിയങ്ങളിൽ കൂടുതൽ മാർഷൽമാരെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
നഗരത്തിൽ പുതിയ രണ്ട് ക്ലസ്റ്ററുകൾകൂടി രൂപപ്പെട്ടതിനാലാണ് നിയന്ത്രണം കർശനമാക്കുന്ന സാഹചര്യമുണ്ടായത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബെംഗളൂരുവിൽ കോവിഡ് കേസുകൾ ഉയരുന്നതിനാൽ ജാഗ്രത പുലർത്തണമെന്ന് ഡോ. കെ. സുധാകർ പറഞ്ഞു.
ബി.ബി.എം.പി.യുടെ പരിധിയിൽ 12 ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടുണ്ട്. കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം രൂക്ഷമായതാണ് സംസ്ഥാനത്ത് കേസുകൾ കൂടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.