ബെംഗളൂരു : ബെംഗളൂരുവിലെ കുടിവെള്ള ആവശ്യത്തിനായി ആറ് ഘനയടി വെള്ളം കൂടി ലഭ്യമാക്കാനുള്ള സർക്കാർ തീരുമാനം നഗരത്തിലെ കുടിവെള്ള പ്രശ്നം ഒരുപരിധി വരെ പരിഹരിക്കപ്പെടുന്നതിന് ഉപകരിക്കും. ബെംഗളൂരുവിലും സമീപ പ്രദേശങ്ങളിലുമായി വർഷത്തിൽ 24 ഘനയടി വെള്ളം ഉപയോഗിക്കാനാണ് കഴിഞ്ഞദിവസം സർക്കാർ ഉത്തരവിറക്കിയത്.നിലവിൽ 18 ഘനയടി വെള്ളമാണ് ബെംഗളൂരുവിൽ ഉപയോഗിക്കുന്നത്. ബെംഗളൂരുവിൽ കുടിവെള്ള ആവശ്യത്തിന് 24 ഘനയടി വെള്ളം ഉപയോഗിക്കാമെന്ന് 2018-ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.ബെംഗളൂരുവിന്റെ ഓരോ ഭാഗങ്ങളും അനുദിനം വികസിച്ചു കൊണ്ടിരിക്കുന്നതിനാൽ വെള്ളത്തിന്റെ ആവശ്യവും കൂടി വരുകയാണ്.
അതിനാൽ കൂടുതൽ കാവേരി വെള്ളം അത്യാവശ്യമാണ്. നഗരത്തിലെ കുടിവെള്ള പ്രശ്നം കൂടുതൽ രൂക്ഷമാകാതിരിക്കാനുള്ള നടപടികളുടെ ഭാഗമായിട്ടാണ് കാവേരി വെള്ളം കൂടുതൽ ഉപയോഗിക്കാൻ തീരുമാനിച്ചത്. നഗരത്തിലെ 144 തടാകങ്ങളിൽ 50 തടാകങ്ങളിലും 30 ശതമാനത്തിൽ താഴെ വെള്ളമേയുള്ളൂ. 43 തടാകങ്ങളിൽ സംഭരണ ശേഷിയുടെ 50 ശതമാനം വെള്ളമേയുള്ളൂ. നഗരത്തിലെ ഭൂഗർഭജലത്തിന്റെ അളവ് കുറയാതെ കാത്തുസൂക്ഷിക്കുന്നതിൽ തടാകങ്ങൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്.കുഴൽക്കിണറുകളിലും വെള്ളം കുറഞ്ഞു വരുന്നതിനാൽ കാവേരി വെള്ളം കൂടുതലായി ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.
ബെംഗളൂരുവിലേക്ക് ആവശ്യമായ അധിക വെള്ളം കെ.ആർ.എസ്. അണക്കെട്ടിലോ കാവേരിനദിയുടെ ഏതെങ്കിലും ഭാഗത്തോ സംരക്ഷിച്ച് വെക്കാനാണ് ലക്ഷ്യമിടുന്നത്.നഗരത്തിന്റെ പലഭാഗങ്ങളിലും കുഴൽക്കിണർ കുഴിച്ചിട്ടും വെള്ളം കിട്ടാത്ത അവസ്ഥയുണ്ട്. അതേസമയം, ആവശ്യത്തിന് വെള്ളമുള്ള തടാകങ്ങൾക്കുസമീപത്തെ പ്രദേശങ്ങളിൽ കുഴൽക്കിണറുകളിൽ വെള്ളം ലഭ്യമാകുന്നുണ്ട്. കുടിവെള്ളത്തിനായി സ്വകാര്യ വാട്ടർടാങ്കറുകളെ ആശ്രയിക്കുന്നവരും ഒട്ടേറെയാണ്.അതിനിടെ, ബെംഗളൂരുവിൽ ആറ് ഘനയടി കാവേരി വെള്ളം അധികം ഉപയോഗിക്കുന്നത് തമിഴ്നാടിന്റെ എതിർപ്പിന് ഇടയാക്കാനുള്ള സാധ്യതയുണ്ട്.
കുടിവെള്ളത്തിനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിക്കുകയാണ് സർക്കാർ ചെയ്തിരിക്കുന്നതെന്നുമാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞിട്ടുള്ളത്. ബെംഗളൂരുവിലും സമീപ ജില്ലകളിലും കുടിവെള്ളം ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള മേക്കേദാട്ട് പദ്ധതി കൂടി യാഥാർഥ്യമായാൽ നഗരത്തിലെ ജലപ്രതിസന്ധിക്ക് ശാശ്വത പരിഹാരമായേക്കും.