കൊച്ചി: പ്രശസ്ത സിനിമാ നടനും മിമിക്രി താരവുമായ നടന്‍ കലാഭവൻ ഹനീഫ് അന്തരിച്ചു.58 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. സംസ്കാരം നാളെ മട്ടാഞ്ചേരിയില്‍ നടക്കും. മിമിക്രിയിലൂടെ ബിഗ് സ്ക്രീനില്‍ എത്തിയ ഹനീഫ്, ചെപ്പ് കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെ ആണ് സിനിമിയില്‍ എത്തുന്നത്.
പിന്നീട് ഒട്ടനവധി സിനിമകളില്‍ കോമഡി വേഷങ്ങളില്‍ എത്തി തിളങ്ങിയിട്ടുണ്ട്. ഈ പറക്കും തളിക എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ മണവാളനായി എത്തിയ ഹനീഫിന്‍റെ കഥാപാത്രം ഇന്നും സോഷ്യല്‍ മീഡിയ മീമുകളില്‍ സജീവമാണ്. ഇതിനോടകം നൂറ്റി അന്‍പതിലധികം സിനിമകളില്‍ ഹനീഫ് വേഷമിട്ടിട്ടുണ്ട്. ഉര്‍വശിയും ഇന്ദ്രന്‍സും പ്രധാനവേഷങ്ങളില്‍ എത്തിയ ജലധാര പമ്പ് സെറ്റ് എന്ന ചിത്രത്തിലാണ് ഹനീഫ് അവസാനമായി അഭിനയിച്ചത്.
എറണാംകുളം ജില്ലയിലെ മട്ടാഞ്ചേരിയിലാണ് ഹനീഫ ജനിച്ചത്. പിതാവ് ഹംസ, മാതാവ് സുബൈദ. സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ മിമിക്രിയിലും മോണോ ആക്ടിലും കഴിവു തെളിയിച്ച ഹനീഫനി അക്കാലത്തുതന്നെ സിനിമാക്കമ്പവുമുണ്ടായിരുന്നു..പ്രീഡിഗ്രിക്കു ശേഷം പോസ്റ്റ് ഓഫിസ് ജീവനക്കാരനായും ഒരു ഹാർഡ് വെയർ കമ്പനിയുടെ സെയിൽസ് റപ്രസന്ററ്റീവായും പ്രവർത്തിച്ചു. ഒപ്പം മിമിക്രി പരിപാടികളും ചെയ്തിരുന്നു. സുഹൃത്തും പ്രശസ്ത മിമിക്രി, സിനിമാ താരവുമായിരുന്ന സൈനുദ്ദീനാണ് ഹനീഫിനെ കൊച്ചിൻ കലാഭവനിലെത്തിച്ചത്. സിദ്ദീഖ്, ലാൽ, ജയറാം, സൈനുദ്ദീൻ, ഹരിശ്രീ അശോകൻ തുടങ്ങിയവർക്കൊപ്പം കലാഭവനിൽ പ്രവർത്തിച്ചു.
അവിടെവച്ചാണ് ചെപ്പുകിലുക്കണ ചങ്ങാതി എന്ന സിനിമയിൽ അവസരം കിട്ടിയത്. പിന്നീട് കലാഭവൻ വിട്ട് പിതാവിന്റെ ബിസിനസിലേക്കെത്തി. ഇടവേളകളിൽ റിലാക്സ് എന്ന ട്രൂപ്പിലും പ്രവർത്തിച്ചു. അക്കാലത്തും സിനിമകളിൽ അഭിനയിക്കുന്നുണ്ടായിരുന്നു. അതിനു ശേഷം പൂർണമായും സിനിമയിൽ ശ്രദ്ധിച്ചു. ഒപ്പം ടെലിവിഷൻ പരമ്പരകളിലും പരിപാടികളിലും അഭിനയിച്ചു. അവ ഹനീഫിനെ കുടുംബസദസ്സുകൾക്കു പ്രിയപ്പെട്ട താരമാക്കി. സിനിമകളിൽ പലതിലും ചെറിയ വേഷങ്ങളായിരുന്നെങ്കിലും അവ പ്രേക്ഷകശ്രദ്ധ നേടി.ഭാര്യ: വാഹിദ. മക്കൾ: ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ്.