ഹരാരെ: ഇന്ത്യന്‍ ശതകോടീശ്വരനും മകനും വിമാനാപകടത്തില്‍ ദാരുണാന്ത്യം. ഖനന വ്യവസായിയായ ഹര്‍പാല്‍ രണ്‍ധാവയും മകന് അമേറു(22)മാണ് മരിച്ചത്. സിംബാബ്വെയില് വെച്ചായിരുന്നു അപകടം.ഹരാരെയില്‍ നിന്ന് മുറോവ വജ്രഖനിയിലേക്ക് പോകുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ മാസം 29നുണ്ടായ അപകടത്തില്‍ ആറു പേര് മരിച്ചിരുന്നു.
സാങ്കേതിക തകരാറിനെ തുടര്‍ന്നു സ്വകാര്യ വിമാനം തെക്കുപടിഞ്ഞാറന്‍ സിംബാബ്വെയിലെ ഒരു വജ്രഖനിക്ക് സമീപം തകര്‍ന്നുവീണാണ് ദാരുണമായ സംഭവം.ഹര്‍പാല്‍ രണ്‍ധാവയുടെ ഖനന കമ്പനിയായ റിയോസിമിന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള സെസ്ന 206 വിമാനത്തിലാണ് രണ്‍ധാവയും മകനും യാത്ര ചെയ്തിരുന്നത്.റിയോസിമിന്റെ ഭാഗികമായ ഉടമസ്ഥതയിലുള്ള മുറോവ ഡയമണ്ട്സ് ഖനിക്ക് സമീപമാണ് ഒറ്റ എഞ്ചിന് വിമാനം തകര്‍ന്നത്.