മുംബൈ: പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത് ഒഴിവാക്കുന്നതിനായി, പ്രിയപുത്രന്റെ മൃതദേഹവുമായി പിതാവ് ആശുപത്രിയില്‍നിന്ന് മുങ്ങി. ന്യൂമോണിയ ബാധിച്ച് മരിച്ച എട്ടുമാസം പ്രായമുള്ള മകന്റെ മൃതദേഹവുമായാണ് താനെ സ്വദേശിയായ സുധീര്‍ കുമാര്‍ കടന്നുകളഞ്ഞത്. കല്‍വയിലെ ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയിലാണ് സംഭവം.
വ്യാഴാഴ്ച രാത്രിക്കും വെള്ളിയാഴ്ച ഉച്ചക്കുമിടയിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. മകൻ ഡിസ്ചാര്‍ജ് ആയെന്ന് പറഞ്ഞ് കുഞ്ഞിന്റെ മൃതദേഹവുമായി ആശുപത്രി വളപ്പില്‍നിന്ന് പുറത്തുകടക്കാനായിരുന്നു സുധീര്‍ കുമാറിന്റെ ശ്രമം. ആശുപത്രി ജീവനക്കാരും സെക്യൂരിറ്റി ഗാര്‍ഡും തടയാൻ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഓട്ടോയില്‍ കടന്നുകളയുകയായിരുന്നു. പിന്നീട് ഷില്‍-ദേഗാര്‍ പൊലീസ് ഇടപെട്ട് രണ്ടുമണിക്കൂറിനുള്ളില്‍ ഇയാളെ കണ്ടെത്തി. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത് സഹിക്കാനാവാത്തതിനായാണ് കടന്നുകളഞ്ഞതെന്ന് സുധീര്‍ പൊലീസിനോട് പറഞ്ഞു.
എട്ടുമാസം പ്രായമുള്ള മകൻ സൂര്യയുമായി വ്യാഴാഴ്ച രാത്രിയാണ് താനെ മുനിസിപ്പല്‍ കോര്‍പറേഷന് കീഴിലുള്ള ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയില്‍ സുധീര്‍ എത്തിയത്. ന്യൂമോണിയ കലശലായെന്നായിരുന്നു പരിശോധനയില്‍ കണ്ടെത്തിയത്. ആരോഗ്യാവസ്ഥ ഗുരുതര നിലയിലായിരുന്ന കുഞ്ഞിനെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍, വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ കുഞ്ഞ് മരിച്ചു.
കല്‍വയിലെ ആശുപത്രിയിലെത്തുന്നതിന് മുമ്ബ് കുഞ്ഞിനെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായി താനെ മുനിസിപ്പല്‍ കോര്‍പറേഷൻ ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് 24 മണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചാല്‍, പോസ്റ്റ്മോര്‍ട്ടം ആവശ്യമാണെന്നാണ് നിബന്ധന. നഴ്സ് ഇക്കാര്യം സൂചിപ്പിച്ചതിനു പിന്നാലെയാണ് സുധീറിനെയും കുഞ്ഞിനെയും കാണാതായത്.
ഇതുശ്രദ്ധയില്‍പെട്ട നഴ്സ് ഉടൻ ആശുപത്രി അധികൃതരെ വിവരമറിയിച്ചു. സെക്യൂരിറ്റി ഗാര്‍ഡുമാര്‍ക്കും നിര്‍ദേശം നല്‍കി. ആശുപത്രിയുടെ താഴെ നിലയിലെത്തിയ സുധീറിനെ സെക്യൂരിറ്റി ജീവനക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ കുഞ്ഞിനെ എക്സ്റേ എടുക്കാൻ കൊണ്ടുപോവുകയാണെന്നാണ് അയാള്‍ ആദ്യം മറുപടി നല്‍കിയത്. പിന്നീട് ഡിസ്ചാര്‍ജായെന്നും പറഞ്ഞു. തടഞ്ഞുനിര്‍ത്താനുള്ള സെക്യൂരിറ്റി ഗാര്‍ഡുമാരുടെ ശ്രമങ്ങള്‍ക്കിടയിലാണ് സുധീര്‍ ഓട്ടോയില്‍ രക്ഷപ്പെട്ടത്.
ആശുപത്രി അധികൃതര്‍ ഉടൻ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഉടൻ ഉണര്‍ന്നുപ്രവര്‍ത്തിച്ച പൊലീസ് രണ്ടുമണിക്കൂറിനകം സുധീറിനെ കണ്ടെത്തി. കുഞ്ഞിന്റെ മൃതദേഹവും അയാളുടെ കൈയിലുണ്ടായിരുന്നു.
അമിതമായ അളവില്‍ മരുന്നുനല്‍കിയതാവാം കുഞ്ഞിന്റെ മരണകാരണമെന്ന് സംശയിക്കുന്നതായി താനെ മുനിസിപ്പല്‍ കോര്‍പറേഷൻ അധികൃതര്‍ സൂചിപ്പിച്ചു. രക്ഷിതാക്കളാണോ ആദ്യം ചികിത്സിച്ച സ്വകാര്യ ആശുപത്രിയാണോ ഇതിന് കാരണക്കാരെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം പിന്നീട് കല്‍വ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. സംഭവവുമായി ബന്ധപ്പെട്ട് കല്‍വ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.