ബെംഗളൂരു: അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ ഭാര്യ അശ്വിനിയെ കർണാടകത്തിൽ അവയവദാന പ്രചാരണത്തിന്റെ ബ്രാൻഡ് അംബാസഡറായി സർക്കാർ നിശ്ചയിച്ചു. സ്ഥാനമേറ്റെടുക്കാൻ അശ്വിനിയെ ആരോഗ്യ കുടുംബക്ഷേമ വകുപ്പുമന്ത്രി ദിനേശ് ഗുണ്ടുറാവു ഔദ്യോഗികമായി ക്ഷണിച്ചു.
കന്നഡ സിനിമയിലെ സൂപ്പർ താരമായിരുന്ന ഡോ. രാജ്കുമാറിന്റെ മകനാണ് പുനീത്. രാജ്കുമാറും പുനീതും മരിച്ചപ്പോൾ അവരുടെ ആഗ്രഹപ്രകാരം അവയവങ്ങൾ ദാനം ചെയ്തിരുന്നു. പുനീതിന്റെ കണ്ണുകളാണ് ദാനംചെയ്തത്. ഇത് മാതൃകയാക്കി അദ്ദേഹത്തിന്റെ ഒട്ടേറെ ആരാധകർ അവയവദാനത്തിന് സമ്മതപത്രം നൽകിയിരുന്നു. ഇക്കാര്യം കണക്കിലെടുത്താണ് അശ്വിനിയെ ബ്രാൻഡ് അംബാസഡറാക്കാൻ സർക്കാർ തീരുമാനിച്ചത്. 2021 ഒക്ടോബർ 29-നാണ് പുനീത് രാജ്കുമാർ അന്തരിച്ചത്.
ബെംഗളൂരുവിൽ ഭീകരാക്രമണത്തിന് പദ്ധതി ഒളിവിലുള്ള പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്
ബെംഗളൂരു: ബെംഗളൂരുവിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘത്തിലെ ഒളിവിലുള്ള പ്രതിക്കുവേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബെംഗളൂരു ആർ.ടി. നഗർ സ്വദേശി ജുനൈദിനെ പിടികൂടാനാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് നോട്ടീസ് പുറപ്പെടുവിച്ചത്. ഇയാൾ എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല. വിദേശത്തേക്ക് കടന്നതായാണ് സംശയം.
സംഘത്തിലെ അഞ്ചുപേരെ പോലീസ് കഴിഞ്ഞ ബുധനാഴ്ച അറസ്റ്റുചെയ്തിരുന്നു. ബെംഗളൂരു സ്വദേശികളായ സൈദ് സുഹേൽ ഖാൻ (24), മുഹമ്മദ് ഉമർ (29), ശാഹിദ് തബ്രേസ് (25), സൈദ് മുദസിർ പാഷ (28), മുഹമ്മദ് ഫൈസൽ (30) എന്നിവരാണ് അറസ്റ്റിലായത്.
നഗരത്തിലെ സുൽത്താൻപാളയയ്ക്ക് സമീപമുള്ള കനകനഗർ ഭാഗത്തെ ഒരു വീട്ടിൽനിന്നാണ് ഇവരെ പിടികൂടിയത്. ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണത്തിന് ഇവർ പദ്ധതിയിട്ടതായാണ് കേസ്. ഇവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തുവരുന്നു. ജൂനൈദിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഇവരിൽനിന്ന് അറിയാനാണ് ശ്രമം.
ഇയാൾ ഏതു രാജ്യത്താണുള്ളതെന്ന് വ്യക്തമായതിനുശേഷം തിരച്ചിലിനായി ഇന്റർപോളിന്റെ സഹായം തേടാനാണ് നീക്കമെന്ന് പോലീസ് പറഞ്ഞു.