ബെംഗളൂരു: കർണാടകത്തിൽ മഴ ശക്തമായതോടെ പല സ്ഥലങ്ങളും വെള്ളപ്പൊക്ക ഭീഷണിയിൽ. നദികളും തോടുകളും കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. കനത്ത മഴ കണക്കിലെടുത്ത് ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി ജില്ലകളിൽ ചൊവ്വാഴ്ച രാവിലെ വരെ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു.
ചിക്കമഗളൂരു, കുടക്, ശിവമോഗ ജില്ലകളിൽ ഓറഞ്ച് ജാഗ്രതയും ബെലഗാവി, ഹാവേരി, കലബുറഗി, വിജയപുര, ഹാസൻ ജില്ലകളിൽ മഞ്ഞ ജാഗ്രതയും പുറപ്പെടുവിച്ചിട്ടുണ്ട്. കുടക്, ബെലഗാവി, ധാർവാഡ്, ഉത്തര കന്നഡ, ഹാവേരി, ഹാസൻ, ചിക്കമഗളൂരു, ശിവമോഗ, ഉഡുപ്പി, ദക്ഷിണ കന്നഡ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധിയായിരുന്നു.
വെള്ളത്തിന്റെ ഒഴുക്കുകൂടിയതിനെ തുടർന്ന് ചിക്കമഗളൂരു ജില്ലയിലെ കല്ലതിഗിരി വെള്ളച്ചാട്ടത്തിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി.
ജില്ലയിലെ ദട്ടപദ റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കുടക് ജില്ലയിൽ വെള്ളത്തിലായ പാലത്തിലൂടെ അപകടകരമാം വിധം വാഹനമോടിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നു. വാഹനമോടിച്ചയാൾക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെയാളുകൾ രംഗത്തെത്തി. ബെംഗളൂരുവിലും തിങ്കളാഴ്ച ശക്തമായി മഴ പെയ്തു. പല സ്ഥലങ്ങളിലും റോഡുകളിൽ വെള്ളം പൊങ്ങിയതിനെത്തുടർന്ന് വാഹന ഗതാഗതം താറുമാറായി.
നേത്ര, വൈദ്യപരിശോധനാ ക്യാമ്പ് നടത്തി
ബെംഗളൂരു: ശ്രീനാരായണഗുരു ധർമ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സൗജന്യനേത്ര, വൈദ്യപരിശോധനാ ക്യാമ്പ് നടത്തി. പീപ്പിൾ ട്രീ ആശുപത്രിയുടെയും സോളങ്കി കണ്ണാശുപത്രിയുടെയും സഹകരണത്തോടെയായിരുന്നു ക്യാമ്പ്. ഡോ. ബസവരാജ് ഉദ്ഘാടനം ചെയ്തു.
250-ലധികം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. 145 കണ്ണടകൾ വിതരണം ചെയ്തു. തിമിര ശസ്ത്രക്രിയക്കായി തിരഞ്ഞെടുക്കപ്പെട്ട അഞ്ചുപേർക്ക് സൗജന്യമായി ശസ്ത്രക്രിയ നടത്താനുള്ള ക്രമീകരണം ചെയ്തു. ക്യാമ്പ് കോ-ഓർഡിനേറ്റർ എ.വി. നാരായൺ, എസ്. സദാശിവൻ, സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.