തെലങ്കാന, കര്‍ണാടക അടക്കം ദക്ഷിണേന്ത്യയിലും കനത്ത മഴ. തെലങ്കാനയില്‍ അടുത്ത മൂന്ന് ദിവസം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ വൈകിട്ട് മുതല്‍ പെയ്ത കനത്ത മഴയില്‍ ഹൈദരാബാദ് നഗരത്തിന്റെ പലയിടങ്ങളിലും വെള്ളം കയറി.
ദക്ഷിണ കന്നഡയില്‍ നദികളുടെ ജലനിരപ്പ് അപകടനിലക്ക് അടുത്തെത്തി. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ആശങ്കയിലാണ്. ഉഡുപ്പിയില്‍ മൂന്ന് പേര്‍ വെള്ളത്തില്‍ മുങ്ങിമരിച്ചു. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. ദക്ഷിണ കന്നഡയില്‍ റെഡ് അലര്‍ട്ടുണ്ട്. ഇവിടെയും ഉഡുപ്പിയിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.
തെലങ്കാനയിലെ നിരവധി ജില്ലകളില്‍ അടുത്ത നാലഞ്ച് ദിവസങ്ങളില്‍ മഴയുണ്ടാകും. ഇന്ന് മുതല്‍ വ്യാഴം വരെ റെഡ് അലര്‍ട്ടുമുണ്ട്. ഹൈദരാബാദില്‍ തിങ്കാളഴ്ച വൈകിട്ടുണ്ടായ അര മണിക്കൂര്‍ മാത്രം നീണ്ട കനത്ത മഴയില്‍ പലയിടങ്ങളിലും വെള്ളം കയറുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ഡല്‍ഹിയില്‍ യമുന നദി അപകടനിലക്ക് മുകളില്‍ തന്നെയാണ് ഒഴുകുന്നത്. ഇന്ന് രാവിലെ 205.45 മീറ്റര്‍ ഉയരെയാണ് നദിയിലെ ജലനിരപ്പ്.
മഴശക്തം:മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്
ബെംഗളൂരു: കർണാടകത്തിൽ മഴ ശക്തമായതോടെ പല സ്ഥലങ്ങളും വെള്ളപ്പൊക്ക ഭീഷണിയിൽ. നദികളും തോടുകളും കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. കനത്ത മഴ കണക്കിലെടുത്ത് ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി ജില്ലകളിൽ ചൊവ്വാഴ്ച രാവിലെ വരെ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു.
ചിക്കമഗളൂരു, കുടക്, ശിവമോഗ ജില്ലകളിൽ ഓറഞ്ച് ജാഗ്രതയും ബെലഗാവി, ഹാവേരി, കലബുറഗി, വിജയപുര, ഹാസൻ ജില്ലകളിൽ മഞ്ഞ ജാഗ്രതയും പുറപ്പെടുവിച്ചിട്ടുണ്ട്. കുടക്, ബെലഗാവി, ധാർവാഡ്, ഉത്തര കന്നഡ, ഹാവേരി, ഹാസൻ, ചിക്കമഗളൂരു, ശിവമോഗ, ഉഡുപ്പി, ദക്ഷിണ കന്നഡ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധിയായിരുന്നു.
വെള്ളത്തിന്റെ ഒഴുക്കുകൂടിയതിനെ തുടർന്ന് ചിക്കമഗളൂരു ജില്ലയിലെ കല്ലതിഗിരി വെള്ളച്ചാട്ടത്തിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി.
ജില്ലയിലെ ദട്ടപദ റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കുടക് ജില്ലയിൽ വെള്ളത്തിലായ പാലത്തിലൂടെ അപകടകരമാം വിധം വാഹനമോടിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നു. വാഹനമോടിച്ചയാൾക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെയാളുകൾ രംഗത്തെത്തി. ബെംഗളൂരുവിലും തിങ്കളാഴ്ച ശക്തമായി മഴ പെയ്തു. പല സ്ഥലങ്ങളിലും റോഡുകളിൽ വെള്ളം പൊങ്ങിയതിനെത്തുടർന്ന് വാഹന ഗതാഗതം താറുമാറായി.