ബെംഗളൂരു: നഗരത്തിലെ മാലിന്യ സംസ്കരണം ഫലപ്രദമായി നടപ്പിലാക്കുന്നതിലേക്കായി വീട് ഒന്നിന് പ്രതിമാസം 200 രൂപ അധിക ചാർജ് ഈടാക്കാൻ ബിബിഎംപി തീരുമാനിച്ചിരുന്നു. ഇത് കറണ്ട് ചാർജിനൊപ്പം ബില്ലു നൽകി വീടുകളിൽനിന്ന് പിരിക്കാനായി ബസ്കോമിനെ ചുമതലപ്പെടുത്താനും തീരുമാനിച്ചിരുന്നു.
ബിബിഎംപി കമ്മീഷണർ മഞ്ജുനാഥ പ്രസാദ് ഇതുസംബന്ധിച്ച് ബസ്കോം മാനേജിംഗ് ഡയറക്ടർക്കും നഗരവികസന വിഭാഗം അഡീഷണൽ ചീഫ് സെക്രട്ടറിക്കും കത്തയച്ചിരുന്നു. വിവിധ രാഷ്ട്രീയ കക്ഷികളും നഗരവാസികളും ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.
എന്നാൽ ചാർജ് ഈടാക്കാനുള്ള നടപടികൾ നിർത്തിവെച്ചു എന്നും ഇത് സംബന്ധിച്ച് പുതിയ പദ്ധതികളൊന്നും നിലവിൽ പരിഗണനയിൽ ഇല്ലെന്നും ബിബിഎംപി അഡ്മിനിസ്ട്രേറ്റർ ഗൗരവ് ഗുപ്ത അറിയിച്ചു.
ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി അധിക ചാർജ് ഈടാക്കാനുള്ള ആശയം പദ്ധതി സമർപ്പണം വരെ എത്തിയെങ്കിലും നിലവിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് ബിബിഎംപി കമ്മീഷണർ മഞ്ജുനാഥ് പ്രസാദ് അറിയിച്ചു.