ബംഗളൂരു: സസ്പെന്‍സ് നിലനിര്‍ത്തികൊണ്ട് ചൊവ്വാഴ്ച രാത്രിയും കര്‍ണാടക മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ് നേതൃത്വം.കര്‍ണാടക മുഖ്യമന്ത്രിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ കോണ്‍ഗ്രസ് ഹൈകമാന്‍ഡ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.അവസാന നിമിഷം വരെ പദവിക്കായി ഉറച്ചുനിന്ന പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിനെ അനുനയിപ്പിച്ച് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്.
എന്നാല്‍, നാളെ മാത്രമേ മുഖ്യമന്ത്രി ആരാണെന്ന ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുവെന്നാണ് വാര്‍ത്തകള്‍.ഏറെനേരം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ രാഹുല്‍ ഗാന്ധി സിദ്ധരാമയ്യക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ചുമതല കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നിരീക്ഷക സമിതി, ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് കൈമാറിയിരുന്നു.ബി.ജെ.പിക്കെതിരെ നേടിയ ത്രസിപ്പിക്കുന്ന ജയത്തിന്‍റെ തിളക്കം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നതിലൂടെ ഇല്ലാതാവരുതെന്ന് മുതിര്‍ന്ന നേതാക്കള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നു.
നേരത്തെ, എ.ഐ.സി.സി നിരീക്ഷക സമിതി എല്ലാ എം.എല്‍.എമാരുമായും സംസാരിച്ച് ആരെയാണ് പിന്തുണക്കുന്നതെന്ന അഭിപ്രായം തേടിയിരുന്നു. 85 എം.എല്‍.എമാരും സിദ്ധരാമയ്യയെ പിന്തുണക്കുന്നുവെന്നാണ് നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട്. 45 എം.എല്‍.എമാരാണ് ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടത്. അതേസമയം അഞ്ച് അംഗങ്ങള്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കട്ടേയെന്ന നിലപാടുകാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെയാണ്, മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചുമതല ദേശീയ അധ്യക്ഷന് വിട്ടത്.മുഖ്യമന്ത്രി സ്ഥാനം ശിവകുമാറുമായി പങ്കുവെക്കാന്‍ തയാറെന്ന് സിദ്ധരാമയ്യ നേതൃത്വത്തെ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ആദ്യത്തെ രണ്ടുവര്‍ഷം മുഖ്യമന്ത്രി പദം തനിക്ക് വേണമെന്നാണ് ആവശ്യം. ആദ്യ രണ്ട് വര്‍ഷത്തിന് ശേഷം താന്‍ സ്ഥാനമൊഴിയുമെന്നും തുടര്‍ന്നുള്ള മൂന്ന് വര്‍ഷം ശിവകുമാറിന് മുഖ്യമന്ത്രി പദത്തില്‍ തുടരാമെന്നുമായിരുന്നു നിര്‍ദേശം. ശിവകുമാറിന് ഈ നിര്‍ദേശത്തോട് യോജിപ്പുണ്ടെന്നും, ആഭ്യന്തര വകുപ്പുള്ള ഉപമുഖ്യമന്ത്രിയാക്കണമെന്ന നിര്‍ദേശമുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.ചരടുവലികള്‍ക്കായി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചെലവഴിക്കുകയും കോണ്‍ഗ്രസ് നേതാക്കളെ കണ്ട് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
പാര്‍ട്ടി തീരുമാനത്തെ അനുസരിക്കുമെന്നും പിന്നില്‍ നിന്ന് കുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യില്ലെന്നും ഡി.കെ. ശിവകുമാറും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലെ യോഗം വയറുവേദനയാണെന്ന് പറഞ്ഞ് ഡി.കെ ശിവകുമാര്‍ അവസാന നിമിഷം റദ്ദാക്കിയിരുന്നു. ഇന്ന് രാവിലെയാണ് അദ്ദേഹം ഡല്‍ഹിയില്‍ എത്തിയത്.പാര്‍ട്ടിക്ക് ആവശ്യമുണ്ടെങ്കില്‍ എന്നെ ഉത്തരവാദിത്തം ഏല്‍പ്പിക്കാം. ഞങ്ങളുടെത് ഐക്യമുള്ള വീടാണ്. അതില്‍ 135 അംഗങ്ങളുണ്ട്. ഇവിടെ നിന്ന് ആരെയും ഭിന്നിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
അവര്‍ക്ക് എന്നെ ഇഷ്ടമായാലും ഇല്ലെങ്കിലും, ഞാന്‍ ഉത്തരവാദിത്തമുള്ള മനുഷ്യനാണ്. ഞാന്‍ പിന്നില്‍ നിന്ന് കുത്തുകയില്ല. ഭീഷണിപ്പെടുത്തുകയുമില്ല.’ – ശിവകുമാര്‍ വ്യക്തമാക്കി.വ്യാഴാഴ്ചയാകും കര്‍ണാടകയില്‍ പുതിയ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ. 224 അംഗ നിയമ സഭയില്‍ 135 അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷം നേടിക്കൊണ്ടാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജയിച്ചത്. ബി.ജെ.പിക്ക് 66 സീറ്റ് മാത്രമാണ് നേടാനായത്. കോണ്‍ഗ്രസിന്‍റെ മുന്‍ സഖ്യകക്ഷിയായ ജെ.ഡി.എസിന് 19 സീറ്റ് മാത്രമാണ് നേടാനായത്.