ബംഗളൂരൂ: ബിജെപിയെ ബഹുദൂരം പിന്നിലാക്കി കോണ്‍ഗ്രസ് മിന്നും വിജയം സ്വന്തമാക്കിയ കര്‍ണാടകയില്‍ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ സമവായ ഫോര്‍മുല മുന്നോട്ട് വച്ച് സിദ്ധരാമയ്യ.മുഖ്യമന്ത്രിസ്ഥാനത്തിന് വേണ്ടി സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും ചരടുവലി തുടരുന്നതിനിടെയാണ് സിദ്ധരാമയ്യയുടെ പുതിയ നീക്കം.ആദ്യത്തെ രണ്ട് വര്‍ഷം താനും പിന്നീട് ശിവകുമാറും മുഖ്യമന്ത്രിമാരാകാമെന്ന നിര്‍ദേശം സിദ്ധരാമയ്യ മുന്നോട്ട് വച്ചെന്ന് എഐസിസി വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍ ഇക്കാര്യത്തില്‍ ശിവകുമാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് ശേഷം ഇരുവരും ഡല്‍ഹിയിലെത്തും. നേതാക്കളുമായി ചര്‍ച്ച ചെയ്ത് സമവായത്തിലെത്തിയശേഷം ഇന്ന് തന്നെ കോണ്‍ഗ്രസ് നേതൃത്വം മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
25000 കോടിയുടെ മയക്കുമരുന്ന് വേട്ട; കടത്തുകാര്‍ മദര്‍ഷിപ്പ് മുക്കിയ ശേഷമാണ് രക്ഷപ്പെട്ടതെന്ന് സ്ഥിരീകരിച്ച് എന്‍ സി ബി
കൊച്ചി:പുറങ്കടലില്‍ 25000 കോടിയുടെ മെത്താംഫെറ്റമിന്‍ എന്ന മാരകലഹരിവസ്തു പിടികൂടിയ സംഘത്തില്‍ ലഹരിക്കടത്തിനുപയോഗിച്ച മദര്‍ഷിപ്പ് കടത്തുകാര്‍ രക്ഷപ്പെടും മുന്‍പ് മുക്കിയെന്ന് സ്ഥീരീകരിച്ച് നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ.കൂടുതല്‍ മയക്കുമരുന്ന് പിടിച്ചെടുക്കുമെന്നാണ് എന്‍.സി.ബി നല്കിയ വിവരം. രാസലഹരി ഇന്ത്യയിലെ ചില നഗരങ്ങളിലേക്കും എത്തിക്കാന്‍ ലക്ഷ്യം വച്ചിരുന്നതായാണ് എന്‍സിബി അറിയിക്കുന്നത്.
കൊച്ചിയടക്കം നഗരങ്ങളില്‍ ഇതിന്റെ അന്വേഷണം ഉണ്ടാകും.ഇന്ത്യന്‍ തീരം വഴിയുള്ള അന്താരാഷ്ട്ര ലഹരികടത്ത് തടയുന്നതിന് ഓപ്പറേഷന് സമുദ്രഗുപ്തിന് കഴിഞ്ഞ വര്‍ഷമാണ് രൂപം നല്‍കിയത്. നാവികസേന സഹായത്തോടെ എന്‍സിബി നടത്തിയ തിരച്ചിലിലാണ് ഇത്രയധികം ലഹരി കടത്ത് പിടിച്ചത്. സംഭവത്തില്‍ ബോട്ടില്‍ രക്ഷപ്പെട്ടവര്‍ നാവികസേനയുടെ മുന്നില്‍വച്ചാണ് മദര്‍ഷിപ്പ് തകര്‍ത്ത് രക്ഷപ്പെട്ടത്.ആകെ 2525 കിലോഗ്രാം മെത്താംഫെറ്റമിന്‍ ആണ് പിടികൂടിയത്.
ഉയര്‍ന്ന ഗുണനിലവാരമുള്ളതിനാലാണ് മൂല്യവും വര്‍ദ്ധിച്ചതെന്ന് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ വ്യക്തമാക്കി. 23 മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് കണക്കെടുപ്പ് പൂര്‍ത്തിയായത്. പിടികൂടിയത് 15000 കോടി രൂപയുടെ ലഹരിവസ്തുക്കള്‍ എന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്. പിടികൂടിയ ലഹരിവസ്തുക്കളും പാകിസ്ഥാന് പൗരനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.ആകെ അഞ്ച് ബോട്ടുകളിലാണ് സംഘം വന്നതെന്നാണ് വിവരം