ബെംഗളൂരു∙ വൈറ്റ്ഫീൽഡിലേക്കും തിരിച്ചുമുള്ള നരകതുല്യമായ റോഡ് യാത്ര ഇനി പഴങ്കഥ. നമ്മ മെട്രോ കെആർപുരം–വൈറ്റ്ഫീൽഡ് പാതയിലെ ആദ്യയാത്ര ആഘോഷമാക്കി നഗരവാസികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്ത പാതയിൽ ഇന്നലെയാണ് ബിഎംആർസി പൊതുജനത്തിനായി സർവീസ് തുടങ്ങിയത്. നഗരം ഇന്നലെ നേരത്തേ ഉണർന്ന് കെആർപുരം– വൈറ്റ്ഫീൽഡ് യാത്ര ആഘോഷമായി ഏറ്റെടുത്തു. ആദ്യ മെട്രോ ഓടിത്തുടങ്ങിയിട്ട് 12 വർഷം പിന്നിട്ടെങ്കിലും വൈറ്റ്ഫീൽഡ് മേഖലയിലേക്ക് മെട്രോയിൽ യാത്ര ചെയ്യാനുള്ള ജനത്തിന്റെ ആഗ്രഹം സഫലമായത് ഇന്നലെയാണ്.
ഇതിന്റെ ആഹ്ലാദത്തിലാണ് കന്നിയാത്ര അവിസ്മരണീയമാക്കിയത്. കെആർപുരം, വൈറ്റ്ഫീൽഡ് സ്റ്റേഷനുകളിൽ നിന്ന് ഇരുദിശകളിലേക്കും പുറപ്പെട്ട ആദ്യ ആദ്യ ട്രെയിനിൽ കയറാനെത്തിയവരെ റോസാപ്പൂക്കൾ നൽകിയാണ് ജീവനക്കാർ വരവേറ്റത്. 13.70 കി.മീ പാതയിലെ 12 സ്റ്റേഷനുകളിൽ കൂടി ട്രെയിൻ ഓടിയപ്പോൾ, ഈ പാതയിലെ കാഴ്ചകൾ മുകളിൽ നിന്നു കാണുന്നതിന്റെ പുതുമ പലരുടെയും മുഖത്ത് ദൃശ്യമായിരുന്നു.
ഫീഡർ ബസുകളിലും തിരക്ക്: കെആർപുരം, ബയ്യപ്പനഹള്ളി സ്റ്റേഷനുകളിൽ നിന്ന് ആരംഭിച്ച ബിഎംടിസി ഫീഡർ ബസ് സർവീസുകളിലും ആദ്യ ദിനം തിരക്ക് അനുഭവപ്പെട്ടു. 10 രൂപയാണ് നിരക്ക്. രാവിലെ 5 മുതൽ രാത്രി 11.30 വരെ 10 മുതൽ 25 മിനിറ്റ് ഇടവേളയിലാണ് സർവീസ്. ബെന്നിഗനഹള്ളിയിലും സ്റ്റോപ്പുണ്ട്. അപ്പാർട്മെന്റ് കോംപ്ലക്സ്, ടെക്പാർക്കുകളെ ബന്ധിപ്പിച്ചുള്ള ഫീഡർ സർവീസുകളാണ് ഇനി തുടങ്ങാനുള്ളത്. വരുംദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് റൂട്ടുകൾ നിശ്ചയിക്കുമെന്ന് ബിഎംടിസി അറിയിച്ചു.
പ്രതീക്ഷയേകി മൊബിലിറ്റി കാർഡ് :ബിഎംടിസിയിലും ഉപയോഗിക്കാനാകുന്ന കോമൺ മൊബിലിറ്റി കാർഡ് വരുന്നതോടെ പൊതുഗതാഗത സംവിധാനം കൂടുതൽ പേർ പ്രയോജനപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ബിഎംആർസി. ബിഎംടിസി ഫീഡർ ബസുകളിൽ ഉൾപ്പെടെ ഈ കാർഡ് ഉപയോഗിക്കാൻ കഴിയും. ഇതോടെ കൂടുതൽ പേർ ഇരു ഗതാഗതമാർഗങ്ങളെ കൂടുതലായി ആശ്രയിക്കും. മറ്റു നഗരങ്ങളിലെ മെട്രോ സർവീസുകളിലും ഈ കാർഡ് ഉപയോഗിക്കാനാകും.
ചരിത്രം കഥപറയുന്ന വഴിത്താര: മൈസൂരു രാജാവായിരുന്ന കൃഷ്ണരാജ വൊഡയാറിന്റെ പേരിലുള്ള കൃഷ്ണരാജ പുരത്തെയും (കെആർ പുരം) ബ്രിട്ടിഷുകാരുടെ വിശ്രമസങ്കേതമായിരുന്ന വൈറ്റ്ഫീൽഡിനെയും ബന്ധിപ്പിക്കുന്ന പുതിയ യാത്രാമാർഗമാണിത്. ടെക്പാർക്കുകളും അപ്പാർട്മെന്റുകളും ഏറെയുള്ള ഈ മേഖലയിൽ ഇതിലേറെ വിപ്ലവകരമായ മാറ്റങ്ങൾക്ക് മെട്രോ തുടക്കം കുറിക്കും. ഈ യാത്രയിൽ പച്ചത്തുരുത്തായി നല്ലൂരഹള്ളിയും കാടുഗോഡി ട്രീ പാർക്കും വേറിട്ടുനിൽക്കുന്നു.
റോഡിനിരുവശവും തബേബ്യൂയ മരങ്ങൾ പിങ്കും പർപ്പിളും നീലയും മഞ്ഞയും നിറങ്ങളിൽ പൂത്തുനിൽക്കുന്നതിന്റെ ദൃശ്യവിരുന്നും കാണാം. ഇതു മൊബൈലിൽ പകർത്താൻ യാത്രക്കാരും മത്സരിച്ചു. മെട്രോയെ വരവേൽക്കാനായി മാളുകളും ഹോട്ടലുകളും കൂറ്റൻ എൽഇഡി ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള സ്റ്റേഷനിലേക്കുള്ള ദൂരവും മറ്റു വിവരങ്ങളും ഈ ബോർഡുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ടിക്കറ്റ് നിരക്ക് 10 രൂപ മുതൽ