ബംഗളൂരു: സമത്വം ഉറപ്പാക്കാന്‍ കര്‍ണാടകയില്‍ ഏക സിവില്‍കോഡ് നടപ്പാക്കുന്നത് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുവെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.ഭരണഘടന ദിനത്തില്‍ ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയതലത്തില്‍ ബി.ജെ.പിയുടെ പ്രകടനപത്രികയുടെ പ്രധാന ഭാഗമാണ് ഏക സിവില്‍കോഡെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങളില്‍ ഏക സിവില്‍കോഡ് സംബന്ധിച്ച് കമ്മിറ്റികള്‍ രൂപവത്കരിച്ചിട്ടുണ്ട്.അവയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി എല്ലാ വശവും പരിഗണിച്ചാണ് നിയമം നടപ്പാക്കുകയെന്നും അത് നടപ്പാക്കേണ്ടത് പ്രധാനമാണെന്നും ബൊമ്മൈ പറഞ്ഞു.
വെള്ളിയാഴ്ച ശിവമൊഗ്ഗയില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ ത്രിദിന ക്യാമ്ബിലും ബൊമ്മൈ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ദീന്‍ദയാല്‍ ഉപാധ്യായയുടെ കാലം മുതല്‍ ഏക സിവില്‍കോഡിനെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്നും ഇപ്പോള്‍ രാജ്യത്ത് ഗൗരവമായ ചര്‍ച്ച നടക്കുന്നുണ്ടെന്നും അനുയോജ്യമായ സമയമെത്തുമ്ബോള്‍ അത് നടപ്പാക്കുമെന്നും ബൊമ്മൈ പറഞ്ഞു.
മതപരിവര്‍ത്തന നിരോധന നിയമം ഭരണഘടന വിരുദ്ധമാണെന്ന് ചിലര്‍ പറയുന്നു. എന്നാല്‍, നിര്‍ബന്ധിത മതപരിവര്‍ത്തനം കുറ്റകരമാണെന്ന് സുപ്രീംകോടതിതന്നെ ഇപ്പോള്‍ ഉത്തരവിട്ടതായും അദ്ദേഹം ചുണ്ടിക്കാട്ടി.
കര്‍ണാടകയിലെ വോട്ടര്‍ പട്ടിക വിവരം ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഏതെങ്കിലും ഉദ്യോഗസ്ഥനോ സംഘടനയോ ഏജന്‍സിയോ കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബി.ജെ.പിയോട് അടുത്ത ബന്ധം പുലര്‍ത്തുന്ന ചിലുമെ എന്ന സന്നദ്ധ സംഘടനയാണ് വോട്ടര്‍ പട്ടിക രേഖ പുറത്തായതിന് പിന്നിലെന്നാണ് ആരോപണം.
എട്ടാം ക്ലാസ് വരെ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് കേന്ദ്രം വെട്ടി
ചങ്ങനാശേരി: ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികളുടെ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് കേന്ദ്രസര്‍ക്കാര്‍ വെട്ടി.എല്ലാ സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിച്ച് സ്കൂള്‍, ജില്ല, സംസ്ഥാന തലത്തിലുള്ള പരിശോധനകള്‍ നടത്തി അപേക്ഷ നല്‍കേണ്ട അവസാന തീയതിയും കഴിഞ്ഞപ്പോഴാണ് ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് കൊടുക്കേണ്ടെന്ന ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്.
ഒമ്ബത്, പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്കു മാത്രം സ്കോളര്‍ഷിപ്പ് നല്കിയാല് മതിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയം.ഈ വര്‍ഷം ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചപ്പോള്‍ മുന്‍ വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായി വരുമാന സര്‍ട്ടിഫിക്കറ്റിനോടൊപ്പം മൈനോരിറ്റി അല്ലെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും വേണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് എഡ്യുക്കേഷന്‍ നിര്‍ദേശിച്ചിരുന്നു.
1000 രൂപ ലഭിക്കുന്ന സ്കോളര്‍ഷിപ്പിനുവേണ്ടി രണ്ടും മൂന്നും ദിവസങ്ങള്‍ ജോലി നഷ്ടപ്പെടുത്തിയാണ് പല രക്ഷിതാക്കളും അക്ഷയ വഴി അപേക്ഷ സമര്‍പ്പിച്ചത്. വില്ലേജ് ഓഫീസുകളില്‍നിന്നു വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ വൈകിയതായും പരാതി ഉയര്‍ന്നിരുന്നു. ഇങ്ങനെ അപേക്ഷ നല്‍കിയവര്‍ക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഇരുട്ടടിയായത്.
ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസവകാശ നിയമപ്രകാരം സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കുന്നത് സര്‍ക്കാരിന്റെ കടമയാണെന്ന വാദത്തിലൂന്നിയാണ് ഈ ക്ലാസുകളിലെ കുട്ടികളുടെ സ്കോളര്‍ഷിപ്പ് ആനുകൂല്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചിരിക്കുന്നത്.