Home Featured മോദിയുടെ പിറന്നാളിന് ‘56 ഇഞ്ച്’ താലിയുമായി ഒരു റെസ്റ്റോറന്‍റ്

മോദിയുടെ പിറന്നാളിന് ‘56 ഇഞ്ച്’ താലിയുമായി ഒരു റെസ്റ്റോറന്‍റ്

by കൊസ്‌തേപ്പ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിരണ്ട് വയസ് പൂർത്തിയാകും. പിറന്നാൾ ദിനത്തില്‍ മധ്യപ്രദേശിലാണ് നരേന്ദ്രമോദിയുടെ പരിപാടികൾ. പിറന്നാൾ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സേവാ ദിവസമായി ആചരിക്കാനാണ് ബിജെപിയുടെ തീരുമാനം. അതേസമയം, മോദിയുടെ പിറന്നാളിനോടനുബന്ധിച്ച് ’56 ഇഞ്ച്’ താലി വിളമ്പി ആഘോഷമാക്കുകയാണ് ദില്ലിയിലെ കൊണാട്ട് പ്ലേസിലെ ‘ആര്‍ദോര്‍ 2.1’ എന്ന റെസ്റ്റോറന്‍റ്.

പിറന്നാള്‍ ദിനമായ ശനിയാഴ്ച മുതല്‍ പത്ത് ദിവസത്തേയ്ക്ക് 56 വിഭവങ്ങളുള്ള ഈ പ്രത്യേക താലി വിളമ്പുമെന്ന് കടയുടമ സുമിത് കല്‍റ പറയുന്നു. ഇരുപതുതരം സബ്ജികള്‍, വിവിധയിനം ബ്രെഡ്, ദാല്‍, ഗുലാബ് ജാമുന്‍, കുല്‍ഫി എന്നിവ അടങ്ങിയ ഈ പ്രത്യേക താലിക്ക് മൂവായിരം രൂപയാണ് വില. 

മോദിയുടേത് 56 ഇഞ്ചുള്ള നെഞ്ചാണെന്ന പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് താലിയുടെ പേരും വിഭവങ്ങളുടെ എണ്ണവും 56 ആയത്. മോദിയോടുള്ള ആദരവുകൊണ്ടാണ് താന്‍ ഈ താലി ഒരുക്കിയതെന്ന് സുമിത് പറഞ്ഞു. 

മോദി പലപ്പോഴായി തന്റെ ഇഷ്ടഭക്ഷണമായി ചൂണ്ടിക്കാണിച്ചിട്ടുള്ള ഒന്നാണ് ‘താലി മീല്‍സ്’. പ്രത്യേകിച്ച്, ഗുജറാത്തിന്റെ തനത് രുചിയായ താലി. മുമ്പ് പല പിറന്നാളിനും ഗാന്ധിനഗറിലുള്ള വീട്ടിലെത്തി അമ്മയോടൊപ്പം ഇരുന്ന് മോദി ഈ താലി കഴിക്കുന്നതിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. 

ബസ്മതി റൈസും, പൂരിയും, പരിപ്പും, പപ്പടവും, പച്ചക്കറി കൊണ്ടുളള രണ്ടോ മൂന്നോ ഇനം കറികള്‍, എന്തെങ്കിലും പയറുവര്‍ഗത്തില്‍ പെട്ട ഒന്നിന്റെ കറി, മോര്, മധുരം, പലതരം ചട്ണികള്‍ – എന്നിങ്ങനെ പോകും താലി മീല്‍സിലെ വിഭവങ്ങള്‍. താലി മീല്‍സ് എന്ന് പറഞ്ഞാല്‍ തന്നെ സമ്പൂര്‍ണ്ണ ഭക്ഷണം എന്നാണത്രേ അര്‍ത്ഥം. അത്രയും പോഷകസമ്പത്തുള്ള ആഹാരമായതിനാലാകാം ഇതിന് ഈ പേര് വന്നതും. 

നരേന്ദ്രമോദിക്ക് ഇന്ന് 72-ാം പിറന്നാള്‍; രാജ്യമെങ്ങും ബിജെപിയുടെ വിപുലമായ പരിപാടികള്‍

ന്യൂദല്‍ഹി: ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 72-ാം ജന്മദിനം. 1950 സെപ്തംബര്‍ 17 ന് ഗുജറാത്തിലെ വാദ്‌നഗറിലാണ് നരേന്ദ്ര മോദിയുടെ ജനനം.

ഇന്ത്യയുടെ 14-ാമത് പ്രധാനമന്ത്രിയായ മോദി 2014 മുതല്‍ ആ സ്ഥാനത്ത് തുടരുന്നുണ്ട്. 2001 മുതല്‍ 2014 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു.

ദാമോദര്‍ ദാസ് മൂല്‍ചന്ദ് മോദിയുടേയും, ഹീരാബെന്നിന്റേയും ആറ് മക്കളില്‍ മൂന്നാമനായിരുന്നു മോദിയുടെ ജനനം. തന്റെ എട്ടാമത്തെ വയസ് മുതല്‍ ആര്‍ എസ് എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയത്തിലേക്കു വന്ന മോദി ഗുജറാത്തിലെ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തില്‍ വിദ്യാര്‍ത്ഥി നേതാവായി.
1.ഗുജറാത്ത് മുഖ്യമന്ത്രിയായതോടെ രാഷ്ട്രീയത്തിലെ വളര്‍ച്ച അതിവേഗമായിരുന്നു. 2014 ല്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തിയതോടെ ബി ജെ പിയുടെ ക്രൗഡ് പുള്ളര്‍ നേതാവായി മോദി മാറി. പിന്നാലെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ തന്റെ വ്യക്തി പ്രഭാവം കൊണ്ട് പാര്‍ട്ടിയെ വളര്‍ത്തി. അതേസമയം മോദിയുടെ ജന്മദിനം പ്രമാണിച്ച്‌ നിരവധി പരിപാടികളാണ് ഇന്ന് ബി ജെ പി ആസൂത്രണം ചെയ്തിരിക്കുന്നത്.

2.പിറന്നാള്‍ ദിനത്തില്‍ നമീബിയയില്‍ നിന്നും കൊണ്ടുവന്ന ചീറ്റപ്പുലികളെ മോദി ഇന്ന് കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നുവിടും. അതേസമയം രാജ്യവ്യാപകമായി 16 ദിവസം സേവാ ദിവസമായി ആചരിക്കാനാണ് ബി ജെ പിയുടെ തീരുമാനം. ഇന്ന് മുതല്‍ ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2 വരെ നീളുന്ന ആഘോഷ പരിപാടികളാണ് ബി ജെ പി സംഘടിപ്പിക്കുന്നത്.

3.അതേസമയം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ അഭിലാഷങ്ങള്‍ക്കും വികസന മോഹങ്ങള്‍ക്കും ചിറകേകിയ അംബേദ്കറുടെ സ്വപ്നങ്ങള്‍ സഫലീകരിക്കുന്ന പ്രധാനമന്ത്രിയാണ് മോദിയെന്ന് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ജനങ്ങളുടെ ശക്തിയിലുള്ള ദൃഢവിശ്വാസവും ആശയവിനിമയത്തിലെ സുതാര്യതയുമാണ് മോദിയെ വ്യത്യസ്തനാക്കുന്നതെന്ന് ബി ജെ പി പ്രസിഡന്റ് ജെ പി നദ്ദയും പറഞ്ഞു.

4.രക്തദാന ക്യാംപ് മുതല്‍ ഇന്ന് ജനിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ണ മോതിരം നല്‍കുന്ന പരിപാടി വരെയാണ് വിവിധ സംസ്ഥാനങ്ങളില്‍ ബി ജെ പി ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാ ജില്ലകളിലും ബി ജെ പി പ്രവര്‍ത്തകര്‍ രക്തദാന ക്യാംപുകള്‍ നടത്തും. സൗജന്യ ആരോഗ്യ പരിശോധനാ ക്യാംപുകളും സംഘടിപ്പിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group