Home Featured മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടകയിലേക്ക്; സിപിഎം റാലിയില്‍ പങ്കെടുക്കും, ഒപ്പം എം എ ബേബിയും

മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടകയിലേക്ക്; സിപിഎം റാലിയില്‍ പങ്കെടുക്കും, ഒപ്പം എം എ ബേബിയും

by കൊസ്‌തേപ്പ്

ബംഗളൂരു: കര്‍ണാടകയിലെ ബാഗെപ്പള്ളിയില്‍ ബഹുജന റാലിയും പൊതുയോഗവും സംഘടിപ്പിക്കാന്‍ സിപിഎം. സെപ്റ്റംബര്‍ 18നാണ് റാലിയും പൊതുയോഗവും. കേരള മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുന്നുണ്ട്. പിണറായി വിജയന്‍റെ ചിത്രം അടങ്ങിയ പോസ്റ്റര്‍ കര്‍ണാടക സിപിഎം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. പിണറായിക്കൊപ്പം കേരളത്തില്‍ നിന്നുള്ള എം എ ബേബിയും പൊതുയോഗത്തില്‍ സംസാരിക്കും.

കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സംബന്ധിച്ചുള്ള സിപിഎമ്മിന്‍റെ പ്രതികരണം നേരത്തെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ബിജെപിയോടും ആർഎസ്എസിനോടും പോരാടുന്നതിനെന്ന പേരിൽ നടത്തുന്ന യാത്രയിൽ 18 ദിവസം രാഹുൽ കേരളത്തിലൂടെയാണ് യാത്ര ചെയ്യുന്നതെന്നായിരുന്നു സിപിഎമ്മിന്‍റെ വിമര്‍ശനം. ബിജെപി ഭരിക്കുന്ന യുപിയിൽ വെറും രണ്ട് ദിവസം മാത്രമാണ് രാഹുൽ യാത്ര നടത്തുന്നതെന്നും സിപിഎം കുറ്റപ്പെടുത്തി.

സിപിഎം ഔദ്യോഗിക ട്വിറ്റ‍ര്‍ അക്കൗണ്ടിൽ രാഹുലിന്റെ കാരിക്കേച്ചര്‍ അടക്കമുള്ള പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു പ്രതികരണം. ബിജെപിയോടും ആർഎസ്എസിനോടും പോരാടുന്നതിനുള്ള വിചിത്ര വഴിയാണ് ‘ഭാരത് ജോഡോ യാത്ര’യെന്നും സിപിഎം പരിഹസിച്ചു. ഈ സാഹചര്യത്തില്‍ ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ സിപിഎം  സംഘടിപ്പിക്കുന്ന റാലിയിലും പൊതു യോഗത്തിലും പിണറായി വിജയന്‍ പങ്കെടുക്കുന്നത് സാമൂഹിക മാധ്യമങ്ങളില്‍ ഇതിനകം ചര്‍ച്ചയായിട്ടുണ്ട്.

ഈ റാലി നടക്കുന്നത് ബിജെപി ഭരിക്കുന്ന കർണാടകയിൽ ആണ് എന്ന് കുറിച്ചാണ് മന്ത്രി വി ശിവന്‍കുട്ടി പിണറായി വിജയന്‍റെ ചിത്രമടങ്ങുന്ന പരിപാടിയുടെ പോസ്റ്റര്‍ പങ്കുവെച്ചത്. സേഫ് സോണിലല്ല പ്രകടനം എന്നാണ് തിരുവമ്പാടി എംഎല്‍എ ലിന്‍റോ ജോസഫ് പോസ്റ്റ് ഇട്ടത്. എന്നാല്‍, ഭാരത് ജോഡോ യാത്രയെ സിപിഎം എതിർക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. കേരള സർക്കാരിനെയോ സിപിഎമ്മിനെയോ ശരിയല്ലാത്ത രീതിയിൽ വിമർശിച്ചാൽ  പ്രതികരണങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റ് അം​ഗം എം സ്വരാജിന്റെ കണ്ടെയ്നർ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിനും ​ഗോവിന്ദൻ മറുപടി നൽകി.

ജോഡോ യാത്രയിൽ സിപിഎമ്മിന്റെ നിലപാട് വ്യക്തമാക്കിയെന്നും പാർട്ടി നിലപാട് വ്യക്തമാക്കിയാൽ ആ നിലപാടിൽ നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസിനെതിരെ പോരാടാൻ ജീവിതം ഉഴിഞ്ഞുവെച്ച ആളാണ് കേരള മുഖ്യമന്ത്രിയെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ജയ്റാം രമേശ് വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുന്നു. ജയ്റാം രമേശിന്റെ ഉപദേശമാണ് രാഹുൽ സ്വീകരിക്കുന്നതെങ്കിൽ യാത്ര വഴിതെറ്റുമെന്നും ബ്രിട്ടാസ് പറഞ്ഞു. 

ഓട്ടം പോകാന്‍ തയ്യാറായില്ല, ഡ്രൈവറുമായി വാക്കേറ്റം, യുവാവിനെ പൊലീസുകാരനടക്കം മര്‍ദ്ദിച്ചെന്ന് പരാതി

പത്തനംതിട്ട: പത്തനംതിട്ടയിൽ ഫർണിച്ചർ കടയിലെ ജീവനക്കാരനെ പൊലീസുകാരനടങ്ങിയ സംഘം മർദ്ദിച്ചെന്ന് പരാതി. പുത്തൻപീടിക സ്വദേശി അഭിജിത്തിനാണ് മർദ്ദനമേറ്റത്. പൊലീസിൽ പരാതി നൽകിയിട്ടും കേസെടുക്കുന്നില്ലെന്നും അഭിജിത് പറയുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. പത്തനംതിട്ട നഗരത്തിലെ ചുരുളിക്കോടുള്ള ഫർണിച്ചർ കടയിൽ വച്ചാണ് സംഭവം. കടയിൽ നിന്ന് വാങ്ങിയ ഫർണിച്ചർ വാഹനത്തിൽ കയറ്റുന്നത് സംബന്ധിച്ച തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. കടയിൽ സാധനം വാങ്ങാനെത്തിയ കുടുബത്തിനായി അഭിജിത്ത് പിക്ക് അപ്പ് വാൻ വിളിച്ചു.

എന്നാൽ ഓട്ടം പോകാൻ പിക്ക് അപ്പ് ഡ്രൈവർ തയ്യാറായിരുന്നില്ല. ഇതിനെ ചൊല്ലി പിക്ക്അപ്പ് ഡ്രൈവറും അഭിജിത്തും തമ്മിൽവാക്കേറ്റമായി. തുടർന്നാണ് പിക്ക് അപ്പ് ഡ്രൈവർക്കൊപ്പമുണ്ടായിരുന്ന സംഘം അഭിജിത്തിനെ അകാരണമായി മർദ്ദിച്ചത്. പത്തനംതിട്ട സ്റ്റേഷനിലെ പൊലീസുകാരനായ റഷീദും ഇക്കൂട്ടത്തിലുണ്ടായിരുന്നെന്നാണ് അഭിജിത്ത് പറയുന്നത്. പിടിച്ചു മാറ്റാൻ വന്നവരെ അഭിജിത്ത് ഭീഷണിപ്പെടുത്തിയെന്നും അക്ഷേപമുണ്ട്. മർദ്ദനത്തിന്‍റെ ദൃശ്യങ്ങളടക്കം നൽകിയിട്ടും കേസെടുക്കാൻ പൊലീസ് തയ്യാറാവുന്നില്ലെന്നാണ് അഭിജിത്തിന്‍റെ പരാതി.

You may also like

error: Content is protected !!
Join Our WhatsApp Group