Home Featured യുപിഐ സേവനങ്ങൾ സൗജന്യം തന്നെ.. സർവീസ് ചാർജ് ഈടാക്കില്ലെന്ന് കേന്ദ്രം

യുപിഐ സേവനങ്ങൾ സൗജന്യം തന്നെ.. സർവീസ് ചാർജ് ഈടാക്കില്ലെന്ന് കേന്ദ്രം

യുപിഐ സേവനങ്ങൾക്ക് സർവീസ് ചാർജ് ഈടാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായുള്ള വാർത്തകൾ തള്ളി ധനകാര്യ മന്ത്രാലയം. ​ഗൂ​ഗിൾ പേ ഉൾപ്പെടെയുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഇടാക്കുന്നത് സംബന്ധിച്ച് ആർബിഐ അഭിപ്രായം തേടിയതായി നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ അത്തരമൊരു ആലോചന പരി​ഗണനയിൽ ഇല്ലെന്നും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ നയമെന്നും മന്ത്രാലയം വ്യക്തമാക്കി.

യുപിഐ എന്നത് പൊതുജനങ്ങൾക്ക് വലിയ സൗകര്യവും സമ്പദ്‌ വ്യവസ്ഥയ്ക്ക് ഉത്പാദന ക്ഷമതയും നൽകുന്ന ഒരു ഡിജിറ്റൽ പൊതു സംവിധാനമാണ്. സേവന ദാതാക്കളുടെ ആശങ്കകൾ മറ്റ് മാർഗങ്ങളിലൂടെ പരിഹരിക്കേണ്ടത് ആണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.യുപിഐ ഇടപാടുകൾക്കു ചാർജ് നിശ്ചയിക്കുന്നത് സംബന്ധിച്ച് ആർബിഐ ഡിസ്‍കഷൻ പേപ്പർ പുറത്തിറക്കിയിരുന്നു.

മൊബൈൽ ഫോണിൽ അതിവേഗ ഇടപാട് സാധ്യമാക്കുന്ന ഐഎംപിഎസിന് സമാനമായതിനാൽ യുപിഐ ഇടപാടിനും ചാർജ് ബാധകമാണെന്ന് കണക്കാക്കാം എന്നാണ് ആർബിഐ ചൂണ്ടിക്കാണിച്ചത്. തുകയുടെ തോത് അനുസരിച്ച് പല തട്ടിലുള്ള ചാർജ് നിശ്ചയിക്കുന്നതിലേക്കാണ് ആർബിഐ വിരൽ ചൂണ്ടുന്നത്. 800 രൂപ യുപിഐ വഴി അയയ്ക്കുമ്പോൾ രണ്ട് രൂപ ചെലവുണ്ടെന്നാണ് ആർബിഐയുടെ കണക്ക്.

പണമിടപാട് ശൃംഖലയിലെ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഇതിലൂടെ വരുമാനം ഉറപ്പാക്കാമെന്നും ഡിസ്കഷൻ പേപ്പറിൽ പറയുന്നു. യുപിഐ, ഐഎംപിഎസ്, എൻഇഎഫ്ടി, ആർടിജിഎസ് എന്നിവയ്ക്ക് വ്യത്യസ്ത ചാർജുകൾ ഈടാക്കുന്നതിലാണ് റിസർവ് ബാങ്ക് അഭിപ്രായം തേടിയത്. നിലവിൽ ഇതുസംബന്ധിച്ച് ആർബിഐ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. ഒക്ടോബർ മൂന്നിന് മുൻപായി അഭിപ്രായങ്ങൾ അറിയിക്കാനാണ്ആർബിഐ നിർദേശിച്ചിരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group