ബെംഗളൂരു: മംഗളൂരുവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പുത്തൂർ സുറത്ത്കലിൽ യുവാവിനെ നാലംഗ അജ്ഞാത സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. സൂറത്ത്കൽ മംഗലപ്പെട്ട സ്വദേശി ഫാസിലാണ് മരിച്ചത്.ഇന്ന് രാത്രി 8.30 ഓടെ ഹ്യുണ്ടായി കാറിൽ എത്തിയ അജ്ഞാത സംഘം ഫാസിലിനെ ആക്രമിച്ചതായാണ് ദൃക്സാക്ഷികൾ പറയുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. പോലീസ് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൂട്ടുകാരന്റെ കടയിൽ പോയി മടങ്ങുമ്പോഴാണ് അജ്ഞാത സംഘം യുവാവിനെ ആക്രമിച്ചത്.
യുവമോർച്ച നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ അതീവ ജാഗ്രത പ്രഖ്യാപിച്ച മംഗളൂരുവിലാണ് നാടിനെ നടുക്കി വീണ്ടും കൊലപാതകമുണ്ടായത്. സൂറത്കൽ സ്വദേശി ഫാസിലാണ് കൊലപ്പെട്ടത്. മംഗളൂരുവിൽ തുണിക്കട നടത്തുന്നയാളാണ് ഫാസിൽ. ഇയാളുടെ കടയുടെ മുന്നിൽ വച്ചാണ് അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട ഫാസിലിന്റെ സംസ്കാരം സൂറത്കലിൽ ഇന്ന് നടക്കും. ദക്ഷിണ കന്നഡയിൽ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ഇടങ്ങളിലെ നിരോധനാജ്ഞ ഇന്നും തുടരും. കൂടുതൽ പൊലീസിനെ മേഖലയിൽ വിന്യസിച്ചു. എഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ മംഗളൂരുവിൽ ക്യാമ്പ് ചെയ്യുകയാണ്. വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധിക്കുന്നുണ്ട്.