കൊല്ലം: രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യ കണ്ണിയായ ആഫ്രിക്കയിലെ ഘാനാ സ്വദേശി ക്രിസ്ത്യന്‍ യൂഡോയെ കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത് സിനിമാ രംഗങ്ങളെ വെല്ലുന്ന തരത്തില്‍.
ബംഗളൂരു സര്‍ജാപുരയില്‍ വച്ചാണ് ജീവന്‍ പണയപ്പെടുത്തി പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. വേഷപ്രച്ഛന്നരായ പൊലീസ് സംഘം യൂഡോയെ വളഞ്ഞപ്പോള്‍ ആക്രമിക്കാനെത്തിയവര്‍ക്ക് നേരെ കരുനാഗപ്പള്ളി സിഐ ജി ഗോപകുമാര്‍ സിനിമാ സ്റ്റൈല്‍ തോക്കു ചൂണ്ടി വിരട്ടി. വെടി പൊട്ടുമെന്ന് മനസ്സിലായതോടെ സംഘാംഗങ്ങള്‍ ഓടി രക്ഷപെട്ടു.
മൂന്നാഴ്ച മുന്‍പാണ് കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും കേരളപുരം സ്വദേശിയായ അജിത് എന്ന യുവാവിനെ കരുനാഗപ്പള്ളി പൊലീസ് പിടികൂടുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരിമരുന്ന് ഇടപാടുകാരുടെ ശൃഖലയെപറ്റി പൊലീസിന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. അജിത് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബാംഗ്ലൂരില്‍ നഴ്സിങ് പഠനം നടത്തുന്ന അല്‍ത്താഫ് ആണ് ഇയാള്‍ക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കിയത് എന്ന് പൊലീസ് മനസിലാക്കി. അല്‍ത്താഫിനെ അറസ്റ്റ് ചെയ്തപ്പോള്‍ പാലക്കാട് സ്വദേശിയും ബാംഗ്ലൂരില്‍ നഴ്സിങ് വിദ്യാര്‍ത്ഥിയുമായ അന്‍വര്‍ ആണ് വിദേശികളുമായി നേരിട്ട് ഇടപാട് നടത്തുന്നതെന്ന് പൊലീസ് മനസ്സിലാക്കി. അന്‍വറിനെ പൊലീസ് തന്ത്രപരമായി ബംഗളൂരുവില്‍ നിന്നും കസ്റ്റഡിയിലെടുത്തു. അന്‍വറാണ് യൂഡോയെ പറ്റിയുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറിയത്. യൂഡോയെ പിടികൂടാന്‍ അത്ര എളുപ്പമല്ലെന്ന് പൊലീസിന് മനസ്സിലായി. ഇതോടെ കേരളത്തിലേക്ക് ലഹരിമരുന്ന് വില്‍പ്പന നടത്തുന്ന പ്രധാന കണ്ണിയായ യൂഡോയെ പിടികൂടാന്‍ കരുനാഗപ്പള്ളി സിഐയുടെ നേതൃത്വത്തില്‍ ദിവസങ്ങളോളം പൊലീസ് ഉറക്കമിളച്ചുള്ള പരിശ്രമത്തിലായിരുന്നു. അങ്ങനെയാണ് അന്‍വറിനെ മുന്‍പില്‍ നിര്‍ത്തി പൊലീസ് കളി തുടങ്ങിയത്.
യൂഡോയെ അറസ്റ്റ് ചെയ്യാന്‍ സഹായിച്ചാല്‍ മാപ്പു സാക്ഷിയാക്കാം എന്ന് അന്‍വറിന് പൊലീസ് വാഗ്ദാനം നല്‍കി. തുടര്‍ന്ന് അന്‍വറിന്റെ ഫോണില്‍ നിന്നും യൂഡോയെ വീഡിയോ കോളില്‍ വിളിച്ച് എം.ഡി.എം.എ വേണം എന്ന് പൊലീസ് അറിയിച്ചു. സര്‍ജാപുരയില്‍ എത്താമെന്ന് യൂഡോ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്‍വറും പൊലീസ് സംഘവും സ്ഥലത്തെത്തി കാത്തു നിന്നു. ഇതിനിടയില്‍ രണ്ട് അഭിഭാഷകരും ഓട്ടോ റിക്ഷക്കാരനുമായി തര്‍ക്കമുണ്ടാകുകയും കര്‍ണ്ണാടക പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. പൊലീസിനെ കണ്ടതോടെ യൂഡോ അന്‍വറിനെ സമീപത്തേക്ക് വന്നില്ല. ഇതോടെ ഓപ്പറേഷന്‍ പാളിപ്പോയി എന്ന് കരുതി പൊലീസ് അന്‍വറുമായി മടങ്ങി. എന്നാല്‍ പൊലീസ് വീണ്ടും ഒന്നു കൂടി പരിശ്രമിക്കാമെന്ന് കരുതി അന്‍വറിനോട് മറ്റൊരു സ്ഥലത്തേക്ക് എത്താന്‍ ആവശ്യപ്പെടാന്‍ നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ കാത്തു നിന്ന സ്ഥലത്തിന്റെ മറ്റൊരു ഭാഗത്തേക്ക് എത്താന്‍ യൂഡോ അറിയിച്ചു. ഒരു കാരണവശാലും യൂഡോ രക്ഷപെടരുതെന്ന് തീരുമാനിച്ച പൊലീസ് സംഘം പിന്നെ തിരക്കഥ മാറ്റിയെഴുതി.
സമീപത്ത് നിന്നും സൊമാറ്റോ ജീവനക്കാരുടെ യൂണിഫോമും ഒരു കാറും രണ്ട് ബൈക്കും തരപ്പെടുത്തി. യൂഡോ എത്താമെന്ന് പറഞ്ഞ സ്ഥലത്ത് സൊമാറ്റോ ജീവനക്കാരെന്ന രീതിയില്‍ പൊലീസ് നിലയുറപ്പിച്ചു. കര്‍ണ്ണാടക രജിസ്ട്രേഷന്‍ കാര്‍ നിര്‍ത്തിയിട്ട് മെക്കാനിക്കല്‍ തകരാര്‍ പരിഹരിക്കുന്നതു പോലെയും പൊലീസ് നിന്നു. അല്‍പ്പ സമയത്തിനകം തന്നെ യൂഡോ സ്ഥലത്തെത്തി. അന്‍വറുമായി സംസാരിക്കുകയും എം.ഡി.എം.എ കൈമാറുകയും ചെയ്തു. ഉടന്‍ തന്നെ പൊലീസ് സംഘം യൂഡോയെ വളഞ്ഞു. അപകടം മനസ്സിലായ യൂഡോ ഉച്ചത്തില്‍ അലറിയതോടെ ഒരു കാറില്‍ നിന്നും സ്ത്രീ അടക്കമുള്ള ഒരു സംഘം ആളുകള്‍ പൊലീസിന് നേരെ പാഞ്ഞടുത്തു. ഇതോടെയാണ് സിഐ ഗോപകുമാര്‍ റിവോള്‍വര്‍ എടുത്തു ചൂണ്ടിയത്. തോക്കു കണ്ടതോടെ സംഘം ഭയന്നു പിന്മാറി. ഉടന്‍ തന്നെ യൂഡോയെ വാഹനത്തില്‍ കയറ്റി പൊലീസ് സംഘം കേരളത്തിലേക്ക് തിരിക്കുകയായിരുന്നു. കര്‍ണ്ണാടക പൊലീസ് അറിയാതെയായിരുന്നു ഓപ്പറേഷന്‍. കാരണം ലഹരിമാഫിയകള്‍ക്ക് പൊലീസുമായി അടുത്ത ബന്ധമാണുള്ളത്. ഏതെങ്കിലും കാരണവശാല്‍ വിവരം ചോര്‍ന്നാല്‍ പ്രതിയെ പിടികൂടാന്‍ കഴിയില്ല എന്നതിനാല്‍ രഹസ്യമായിട്ടായിരുന്നു എല്ലാം നടന്നത്. പൊലീസിന്റെ പിടിയിലാകുമ്ബോള്‍ യൂഡോയുടെ കൈവശം 52 ഗ്രാം എം.ഡി.എം.എ ഉണ്ടായിരുന്നു.
കേരളം ഉള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ എം.ഡി.എം.എ, ഹെറോയിന്‍ എന്നിവയുള്‍പ്പെടെയുള്ള മയക്കുമരുന്ന് എത്തിച്ച് നല്‍കുന്ന സംഘത്തിലെ പ്രധാനകണ്ണിയാണ് അറസ്റ്റിലായ ക്രിസ്റ്റ്യന്‍ യൂഡോ. യൂഡോ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ വംശജര്‍ ലഹരികടത്തിന്റെ എല്ലാ തലത്തിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. നൈജീരിയക്കാരാണ് ഇതില്‍ ഏറെയും. മുന്‍പ് സൈബര്‍ കുറ്റകൃത്യങ്ങളില്‍ വ്യാപകമായിരുന്ന നൈജീരിയക്കാര്‍ പൊലീസ് നടപടികള്‍ വര്‍ധിച്ചതോടെയാണ് ലഹരികടത്തിലേക്കുകൂടി ശ്രദ്ധ തിരിച്ചത്. വിദ്യാര്‍ത്ഥി വീസയിലാണ് ഏറെപ്പേരും ഇന്ത്യയില്‍ എത്തുന്നത്. കുടുംബത്തെയും ഒപ്പം കൂട്ടും. ക്രിസ്ത്യന്‍ യൂഡോ ബംഗളൂരു സെന്റ് ജോസഫ്സ് കോളജില്‍ ബികോം വിദ്യാര്‍ത്ഥിയാണ്. വടക്കന്‍ ബംഗളൂരു കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം. അവിടെ എം.ഡി.എം.എ നിര്‍മ്മാണ യൂണിറ്റ് വരെ തയാറാക്കിയിട്ടുണ്ട്. പൊലീസ് കരുതിയതിനേക്കാള്‍ ബുദ്ധികൂര്‍മതയുള്ളവരാണ് നൈജീരിയക്കാര്‍. എം.എസ്.സി കെമിസ്ട്രി വരെ നേടിയ പലരും അതുവഴി ലഭിച്ച അറിവുകള്‍ ലഹരിനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു.
കാരിയര്‍മാരില്‍ പ്രധാനികള്‍ സ്ത്രീകളാണ്. സ്ത്രീകളെയും കുട്ടികളെയും ഉപയോഗിച്ച് ലഹരികടത്തിയാല്‍ പരിശോധന കുറയും. സിന്തറ്റിക് ലഹരിവസ്തുക്കള്‍ കഞ്ചാവ് പോലെ കടത്താന്‍ ബുദ്ധിമുട്ടില്ല. എം.ഡി.എം.എ കാഴ്ചയില്‍ ഉപ്പുപരല്‍ പോലെയുള്ളതുകൊണ്ട് സംശയവും തോന്നില്ല. ഉന്നത വിദ്യാഭ്യാസത്തിനായി ബാംഗ്ലൂരെത്തുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ സാമ്ബത്തികലാഭം മുന്നില്‍ക്കണ്ടാണ് മയക്കുമരുന്ന് വില്‍പ്പനസംഘത്തിന്റെ പിടിയിലാകുന്നത്. വിദേശികള്‍ 1,100 രൂപയ്ക്ക് നല്‍കുന്ന ഒരു ഗ്രാം എം.ഡി.എം.എ ചില കെമിക്കലുകള്‍ കലര്‍ത്തി തൂക്കം വര്‍ധിപ്പിച്ചാണ് ഇവര്‍ കേരളത്തില്‍ വില്‍പ്പന നടത്തുന്നത്. ഇത്തരത്തില്‍ തൂക്കം വര്‍ധിപ്പിച്ച ലഹരിമരുന്ന് ഗ്രാമിന് 3,000 രൂപയ്ക്ക് വിറ്റ് അമിതലാഭം നേടാം എന്നതാണ് വിദ്യാര്‍ത്ഥികളെ ഇതിലേയ്ക്ക് ആകര്‍ഷിക്കുന്നത്. ആഡംബര ജീവിതത്തിന് പണം കണ്ടെത്താനാണ് വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ലഹരി വിതരണക്കാരാകുന്നത്.
മയക്കുമരുന്ന് ചില്ലറ വില്‍പ്പനക്കാരന്റെ അറസ്റ്റ് നിസാരമാക്കാതെ അന്വേഷിച്ചിറങ്ങിയ കരുനാഗപ്പള്ളി പൊലീസിന്റെ ദൃഢനിശ്ചയമാണ് നിര്‍ണ്ണായക അറസ്റ്റിന് വഴിവച്ചത്. കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണര്‍ വി എസ് പ്രദീപ്കുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. എസ്.എച്ച്.ഒ ജി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ അലോഷ്യസ് അലക്സാണ്ടര്‍, ജിമ്മി ജോസ്, ശരത് ചന്ദ്രന്‍, എഎസ്‌ഐമാരായ ഷാജിമോന്‍, നന്ദകുമാര്‍, സീനിയര്‍ സി.പി.ഒമാരായ രാജീവ്, സാജന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നവര്‍.