ബെംഗളൂരു:പത്തിലധികം വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സ്‌കൂളുകൾ 2-3 ദിവസത്തേക്ക് അടച്ചിടാൻ നിർദേശിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ. ബിബിഎംപി ദാസറഹള്ളി സോണിനു കീഴിലെ 2 സ്കൂളുകൾ കഴിഞ്ഞ ദിവസം ക്ലസ്റ്ററായതിനെ തുടർന്നാണ് നടപടി. ക്ലസ്റ്ററുകൾ ശ്രദ്ധയിൽപ്പെട്ടാലുടൻ സമ്പർക്ക പരിശോധന ഊർജിതമാക്കാൻ ആരോഗ്യ കമ്മിഷണർ ഡി.രൺദീപും നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്തു രേഖപ്പെടുത്തുന്ന പ്രതിദിന കോവിഡ് കണക്കുകളിൽ 95 ശതമാനത്തിലധികം വ്യാപനവും ബെംഗളൂരുവിലാണ്. ഇതിനെ തുടർന്ന് നഗരത്തിലെ സ്കൂൾ അധികൃതർക്കും രക്ഷിതാക്കൾക്കുമായി ബിബിഎംപിയും സുരക്ഷാ നിർദേശങ്ങൾ പുറതിറക്കിയിരുന്നു.
സ്കൂളുകളുടെ പ്രവേശന കവാടത്തിൽ തന്നെ വിദ്യാർഥികളെയും അധ്യാപക ഇതരം ജീവനക്കാരെയും തെർമൽ പരിശോധനയ്ക്കു വിധേയമാക്കണം, മാസ്കും സുരക്ഷാ അകലവും ഉറപ്പുവരുത്തണം, ശുചിമുറികൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയ ഇടങ്ങളിൽ സാനിറ്റൈസറും സുരക്ഷാ അകലവും ഉറപ്പു വരുത്തണം തുടങ്ങിയവയാണിത്.
വാക്സിനേഷൻ ക്യാംപ്
കേരള സമാജം ദൂരവാണിനഗറിന്റെയും ബിബിഎംപിയുടെയും ആഭിമുഖ്യത്തിലുള്ള കോവിഡ് വാക്സിനേഷൻ ക്യാംപ് നാളെ രാവിലെ 10 മുതൽ 1 വരെ വിജിനപുര ജുബിലി സ്കൂളിൽ നടക്കും. ഫോൺ. 9945919144