ബെംഗ്ളുറു: യുവാവിന്റെ കൊലപാതകത്തെ ചൊല്ലിയുള്ള കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ പ്രസ്താവന വിവാദമായി.ബെംഗ്ളൂറിലെ ജെജെ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചന്ദ്രു (22) എന്ന യുവാവ് ചൊവ്വാഴ്ച കൊല്ലപ്പെട്ടിരുന്നു. ഉറുദു അറിയാത്തതിനാലാണ് 22കാരന്‍ കൊല്ലപ്പെട്ടതെന്ന് ബുധനാഴ്ച രാവിലെ ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.’ഞാന്‍ വിവരങ്ങള്‍ ശേഖരിച്ചു.
അവര്‍ അദ്ദേഹത്തോട് (ചന്ദ്രുവിനോട്) ഉറുദു സംസാരിക്കാന്‍ ആവശ്യപ്പെട്ടു. അവന് അറിഞ്ഞില്ല. കന്നഡയല്ലാതെ മറ്റൊരു ഭാഷയും അറിയില്ലെന്ന് പറഞ്ഞപ്പോള്‍ കത്തികൊണ്ട് ഒന്നിലധികം തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. അയാള്‍ ഒരു ദളിതനാണ്. കേസില്‍ ഇതുവരെ ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്’, ആഭ്യന്തരമന്ത്രി പറഞ്ഞു.
എന്നാല്‍, ബെംഗ്ളുറു പൊലീസ് കമീഷനര്‍ കമല്‍ പന്ത് ഉടന്‍ തന്നെ ഇക്കാര്യത്തിലെ വസ്തുത വ്യക്തമാക്കി ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ടില്‍ ട്വീറ്റ് ചെയ്തു. ‘ഏപ്രില്‍ അഞ്ചിന് അര്‍ധരാത്രിയോടെ സൈമണ്‍ രാജും ചന്ദ്രുവും മൈസൂറു റോഡിലെ ഒരു ധാബയില്‍ ഭക്ഷണം കഴിക്കാന്‍ പോയി. തിരികെ വരുന്നതിനിടെ ഇയാളുടെ മോടോര്‍ സൈകിള്‍ മറ്റൊരു ബൈകുമായി കൂട്ടിയിടിക്കുകയായിരുന്നു.
ശാഹിദ് എന്ന യുവാവാണ് ആ ബൈക് ഓടിച്ചിരുന്നത്. ഇതേച്ചൊല്ലി ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായി.ഇതില്‍ മറ്റ് ചിലരും ചേര്‍ന്നു. വഴക്കിനിടെ ശാഹിദ്, ഇടത് തുടയ്ക്ക് സമീപം മൂര്‍ചയുള്ള ആയുധം കൊണ്ട് ചന്ദ്രുവിനെ കുത്തുകയായിരുന്നു. അതിനുശേഷം അക്രമികള്‍ അവിടെ നിന്ന് ഓടിപ്പോയി. ചന്ദ്രുവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.
എന്നാല്‍ രക്ഷിക്കാനായില്ല. കുറ്റാരോപിതരായ മൂന്ന് പേരെയും അറസ്റ്റ് ചെയ്തു’, ട്വീറ്റില്‍ വ്യക്തമാക്കി.കൂടാതെ ,മന്ത്രിയുടെ പ്രസ്താവന റിപോര്‍ട് ചെയ്യുന്ന ടിവി ന്യൂസ് ചാനലുകളില്‍ നിന്നുള്ള സ്‌ക്രീന്‍ ഷോര്‍ടുകള്‍ കര്‍ണാടക പൊലീസിന്റെ വെബ്‌സൈറ്റിലെ ഫാക്‌ട് ചെകില്‍ പോസ്റ്റ് ചെയ്തു.
‘മേല്‍പ്പറഞ്ഞ വാര്‍ത്തകള്‍ പോലെയുള്ള വസ്തുതകള്‍ പരിശോധിക്കാത്ത വാര്‍ത്തകള്‍ സമൂഹത്തിന് ഹാനികരമാണ്, അതിനെതിരെ നിയമനടപടി സ്വീകരിക്കും. സാമൂഹ്യ മാധ്യമങ്ങളിലെ പ്ലാറ്റ്‌ഫോമുകളില്‍ സ്ഥിരീകരിച്ച വാര്‍ത്തകള്‍ പങ്കിടാനും വ്യാജ വാര്‍ത്തകള്‍ പങ്കിടരുതെന്നും പൊതുജനങ്ങളോട് അഭ്യര്‍ഥിക്കുന്നു’, പൊലീസ് അതില്‍ പറഞ്ഞു.തൊട്ടുപിന്നാലെ ആഭ്യന്തരമന്ത്രി പ്രസ്താവന പിന്‍വലിച്ചു.
‘എനിക്കറിയാവുന്ന എല്ലാ വിവരങ്ങളും ഞാന്‍ അപ്പോള്‍ നല്‍കി. ഇപ്പോള്‍ സംഭവത്തിന്റെ വിശദാംശങ്ങളുള്ളതിനാല്‍, രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് കൊലപാതകം നടന്നതെന്ന് ഞാന്‍ വ്യക്തമാക്കുന്നു… ഭാഷയെക്കുറിച്ചും മറ്റും ഞാന്‍ ചില കാര്യങ്ങള്‍ പറഞ്ഞു, അങ്ങനെയൊന്നും അവിടെ ഇല്ലെന്ന് പൊലീസ് എന്നോട് പറഞ്ഞു’, അദ്ദേഹം വിശദീകരിച്ചു.
എന്തുകൊണ്ടാണ് സ്ഥിരീകരണമില്ലാതെ പ്രസ്താവന പുറപ്പെടുവിച്ചതെന്ന ചോദ്യത്തിന്, ചില ഉറവിടങ്ങളില്‍ നിന്ന് തനിക്ക് ലഭിച്ച വിവരങ്ങള്‍ തെറ്റാണെന്ന് തെളിയിക്കപ്പെട്ടതായി മന്ത്രി പറഞ്ഞു. ‘ഇത് ബൈക് കൂട്ടിയിടിച്ചതുകൊണ്ടാണെന്നും മറ്റ് കാരണങ്ങളല്ലെന്നും എനിക്ക് ഇപ്പോള്‍ സ്ഥിരീകരിക്കാന്‍ കഴിയും’, മന്ത്രി വ്യക്തമാക്കി.
അതേസമയം ജ്ഞാനേന്ദ്രയ്‌ക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ രംഗത്തെത്തി. ജ്ഞാനേന്ദ്ര സംസ്ഥാന ആഭ്യന്തരമന്ത്രിയായത് നിര്‍ഭാഗ്യകരമാണെന്നും ആ സ്ഥാനത്ത് തുടരാന്‍ അദ്ദേഹം യോഗ്യനല്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും നിരുത്തരവാദപരമാണെന്നും ജനതാദള്‍ (സെകുലര്‍) നേതാവ് എച് ഡി കുമാരസ്വാമി പ്രസ്താവിച്ചു.
എന്നാല്‍ സംഭവത്തെക്കുറിച്ച് തനിക്ക് ഒരു വിവരവുമില്ലെന്നും ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേഷിക്കുമെന്നും ഇപ്പോള്‍ ന്യൂഡെല്‍ഹിയിലുള്ള മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചു.