ബെംഗളൂരു; അധികാരത്തിലിരുന്ന പഞ്ചാബിൽ സമാനതകൾ ഇല്ലാത്ത തിരിച്ചടിയായിരുന്നു കോൺഗ്രസ് നേരിട്ടത്. ഉൾപാർട്ടി തർക്കങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കാത്തതതായിരുന്നു കോൺഗ്രസ് പതനത്തിന് ആക്കം കൂട്ടിയത്. ഈ സാഹചര്യത്തിൽ 2023 ൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ കരുതലോടെ നീങ്ങനാണ് കോൺഗ്രസ് ഹൈക്കമാന്റിന്റെ നീക്കം. ഇവിടെ മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് പി സി സി അധ്യക്ഷൻ ഡികെ ശിവകുമാറും മുൻ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യയും ചരടുവലികൾ ആരംഭിച്ച് കഴിഞ്ഞു.
പഞ്ചാബിൽ മുൻ മുഖ്യമന്ത്രിയായിരുന്നു അമരീന്ദർ സിംഗും പി സി സി അധ്യക്ഷനായിരുന്ന നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള അധികാര വടംവലിയായിരുന്നു ഹൈക്കമാന്റിന് തലവേദന തീർത്തത്. ഒടുവിൽ ഒരു വിഭാഗം എം എൽ എമാരുടേയും എം പിമാരുടേയും എതിർപ്പിനെ തള്ളി ഹൈക്കമാന്റ് സിദ്ദുവിനൊപ്പം ഉറച്ച് നിന്നു. പാർട്ടിയിൽ നിന്നും നേരിട്ട അവഗണനയിൽ പ്രതിഷേധിച്ച് അമരീന്ദർ സിംഗ് കോൺഗ്രസ് വിടുകയും പുതിയ പാർട്ടി രൂപീകരിക്കുകയും ചെയ്തു.
നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് നടന്ന ഈ നാടകീയ നീക്കങ്ങൾ തന്നെയാണ് കോൺഗ്രസിന്റെ പരാജയത്തിന് കാരണമായതെന്നാണ് നേതാക്കളിൽ പലരും അഭിപ്രായപ്പെടുന്നത്. ഉടൻ തന്നെ പുനഃസംഘടന നടത്തണമെന്ന ആവശ്യവും ഇതിനോടകം സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കൾ ഉയർത്തി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് സമാന സ്ഥിതി നിലനിൽക്കുന്ന കർണാടകയും കോൺഗ്രസ് ഹൈക്കമാന്റിന് പ്രതിസന്ധി ഉയർത്തുന്നത്.
തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഡി കെ ശിവകുമാർ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി അദ്ദേഹം പലതവണ ദില്ലിയിലെത്തി സോണിയയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഡികെയെ പോലൊരു ശക്തനായ നേതാവിനെ ഉയർത്തിക്കാട്ടിയാൽ ഇത് കോൺഗ്രസിന്റെ സംസ്ഥാനത്തെ തലവര തന്നെ മാറ്റുമെന്നാണ് ഡികെ വിഭാഗം പറയുന്നത്.
മാത്രമല്ല ഡികെയെ ഉയർത്തിക്കാട്ടിയാൽ സമുദായ സമവാക്യങ്ങളും കോണ്ഗ്രസിന് അനുകൂലമാകുമെന്ന് നേതാക്കളും പറയുന്നു. വൊക്കാലിഗ സമുദായത്തിലെ ശക്തനായ നേതാവാണ് ഡികെ ശിവകുമാർ. പഴയ മൈസൂർ മേഖലയിൽ ഉൾപ്പെടെ സ്വാധീനമുള്ള പ്രബല വിഭാഗമാണ് വൊക്കാലിഗ. അതേസമയം മറുവശത്ത് സിദ്ധരാമയ്യയ്ക്ക് വേണ്ടി മറുവിഭാഗവും ശക്തമായ വാദമാണ് ഉയർത്തുന്നത്. ജനപിന്തുണ ഏറെയുള്ള മുതിർന്ന നേതാവിനെ കണ്ടില്ലെന്ന് നടക്കുന്നത് തിരിച്ചടിയാകുമെന്ന് ഇവർ പറഞ്ഞു നേരത്തേ 2013 ൽ കോൺഗ്രസിന്റെ മുഖ്യമന്ത്രിയായിരുന്നു സിദ്ധരാമയ്യ. 2018 ലെ നിയമസഭ തിരഞ്ഞെടുപ്പിലും സിദ്ധരാമയ്യയെ ആണ് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയത്.
സിദ്ദരാമയ്യയെ അവഗണിച്ച് ഡികെയെ പിന്തുണച്ചാൽ തിരിച്ചടിയാകുമെന്ന് ദേശീയ നേതൃത്വവും കരുതുന്നുണ്ട്. അദ്ദേഹത്തെ തഴഞ്ഞാൽ സിദ്ദരാമയ്യയുടെ അനുയായികൾ ഇതിനെതിരെ കലാപക്കൊടി ഉയർത്തിയേക്കും എന്ന ആശങ്കയും നേതൃത്വത്തിന് ഉണ്ട്. തിരഞ്ഞെടുപ്പിന് മുൻപ് പരമാവധി അത്തരൊമരു പൊട്ടിത്തെറിഒഴിവാക്കാനാണ് നേതൃത്വം ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി സിദ്ദരാമയ്യയ്ക്ക് ദേശീയ പദവിയും നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അദ്ദേഹം ആ ആവശ്യം നിരസിച്ചു.
ജില്ലാ, ബ്ലോക്ക് യൂണിറ്റുകളിലേക്കുള്ള ഭാരവാഹികളുടെ പുനഃസംഘടന ഇനിയും പൂർത്തിയായിട്ടില്ല. തങ്ങളുടെ അനുയായികൾക്കായുള്ള ചരടുവലികൾ ഇരു നേതാക്കളും ശക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇത് ഹൈക്കമാന്റ് പ്രോത്സാഹിപ്പിച്ചിട്ടില്ല. അതിനിടെ മുതിർന്ന നേതാക്കളായ മല്ലികാർജ്ജുൻ ഖാർഖെസ ഹരിപ്രസാദ്, മുനിയപ്പ എന്നിവർ ഡികെയാണ് പിന്തുണയ്ക്കുന്നത്. സിദ്ദരാമയ്യയുടെ ശക്തി നന്നായി അറിയാവുന്ന നേതൃത്വം ഇതിനോട് പ്രതികരിച്ചിച്ചില്ല. എന്തായാലും ഉടൻ തന്നെ ഇരു നേതാക്കളുമായി ചർച്ച നടത്തി ഉചിതമായ തിരുമാനം കൈക്കൊള്ളാനാണ് നേതൃത്വം ആലോചിക്കുന്നത്.