2019 മുതല്‍ ബോളിവുഡില്‍ നിന്നും കേട്ട് കൊണ്ടിരിക്കുന്നൊരു ഒരു പേരാണ് ഗംഗുഭായ് കത്ത്യാവാടി. ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ പേരാണ് ഇത്. സെക്സ് വര്‍ക്കറും മാഫിയ ക്വീനുമായ ഗംഗുഭായിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ‘ഗംഗുഭായ് കത്ത്യാവാടി’ ഒരുങ്ങുന്നത്.
‘മാഫിയ ക്വീന്‍സ് ഓഫ് മുംബൈ; സ്റ്റോറീസ് ഓഫ് വിമണ്‍ ഫ്രം ദ ഗ്യാങ്ലാന്‍ഡ്സ്’ എന്ന പേരില്‍ ഹുസൈന് സെയ്ദി, ജെയിന് ബോര്‍ഗസ് എന്നിവര്‍ എഴുതിയ പുസ്തത്തിലാണ് ഗംഗുഭായിയുടെ ജീവിതം രേഖപ്പെടുത്തിയിട്ടുള്ളത്. ബോംബെ നഗരത്തെ കിടുകിടാ വിറപ്പിച്ച 13 സ്ത്രീകളുടെ കഥയാണ് ഈ പുസ്തകം പറയുന്നത്. ഇതിലെ ഒരു അധ്യായമാണ് ഗംഗൂ ഭായിയുടെ കഥ. സഞ്ജയ് ലീല ബന്‍സാലി ആണ് സംവിധാനം ചെയ്യുന്നത്. ആലിയ ഭട്ട് ആണ് ഗംഗുബായിയുടെ വേഷം ചെയ്യുന്നത്.
ആരായിരുന്നു ഈ ഗംഗുബായ്?
ഗുജറാത്തിലെ കത്തിയവാഡ് സ്വദേശിനിയാണ് ഗംഗുബായ്. ഇവരുടെ യഥാര്‍ഥ പേര് ഗംഗാ ഹര്‍ജിവന്‍ദാസ് കത്തിയവാഡി എന്നാണ്. ചെറുപ്പത്തില്‍ത്തന്നെ ലൈംഗിക തൊഴിലാളിയാവാന്‍ വിധിക്കപ്പെട്ടവള്‍. സിനിമ ആയിരുന്നു ഗംഗുഭായിയുടെ ഏറ്റവും വലിയ സ്വപ്നം. അതിനായി മുംബൈയിലെത്തുക അവളുടെ ലക്ഷ്യവും. പഠനകാലത്താണ് അവള് രാംനിക് ലാലിനെ പരിചയപ്പെടുന്നത്. അയാള്‍ അവളുടെ അച്ഛന്റെ അക്കൗണ്ടന്റായിരുന്നു. ഇരുവരും പ്രണയത്തിലായി. രാംനിക് ലാലിനൊപ്പം പതിനാറാം വയസ്സില്‍ അവള് മുംബൈയിലേക്ക് വണ്ടി കയറി. ഒരുമിച്ചു ജീവിക്കുക എന്നതിനൊപ്പം സിനിമാമോഹവും അവളുടെ മനസ്സില്‍ ഉണ്ടായിരുന്നു.
ജീവിതം ആരംഭിച്ച് അധികം വൈകാതെ തന്നെ രാംനിക് ലാല്‍ ഗംഗുഭായിയെ ലൈംഗിക ജീവിതത്തിലേക്ക് തള്ളിയിട്ടു. അഞ്ഞൂറു രൂപയ്ക്ക് അയാള്‍ അവളെ വേശ്യാലയത്തില്‍ വിറ്റു. അവളുടെ അഭിനയ മോഹങ്ങള്‍ അതോടെ അവസാനിച്ചു. തുടര്‍ന്നങ്ങോട്ട് കാമാത്തിപുരയിലെ മാഫിയാ ക്വീനായുള്ള ഗംഗുഭായിയുടെ വളര്‍ച്ച ആണ് ലോകം കണ്ടത്. അക്കാലത്തെ അധോലോക സംഘത്തിലെ പലരും അവളുടെ കസ്റ്റമേഴ്സായിരുന്നു.
ആയിടയ്ക്കാണ് മാഫിയാ തലവനായ കരിം ലാലയുടെ ആളുകള്‍ ഗംഗുഭായിയെ ബലാത്സംഗം ചെയ്യുന്നത്. പക്ഷേ തോറ്റു കൊടുക്കാന്‍ അവള് ഒരുക്കമായിരുന്നില്ല. കരിം ലാലയുടെ അടുത്തെത്തി നീതി ആവശ്യപ്പെട്ടു. അതിനായി കരിം ലാലയെക്കൊണ്ട് രാഖി കെട്ടിച്ച് സഹോദരതുല്യനാക്കി മാറ്റി. കരിം ലാല ഗംഗുഭായിയെ സഹോദരിയെപ്പോലെ തന്നെ കണ്ടു. കരിം ലാലയുടെ സഹോദരി എന്ന പേര് ഗംഗുഭായിയെ മാഫിയാ ലോകത്തിന്റെ റാണിയാക്കി മാറ്റി.
അധോലോക സംഘങ്ങളുമായുള്ള ബന്ധവും മാംസക്കച്ചവടവും, മയക്കുമരുന്നു കടത്തുമൊക്കെ ഗംഗുഭായിയെ കാമാത്തിപുരയുടെ മാഡം എന്ന പേരിലേക്ക് വളര്‍ത്തി. എന്നാല്‍ ഒരു പെണ്‍കുട്ടിയെയും സ്വന്തം സമ്മതമില്ലാതെ അവള് വേശ്യാലയത്തില്‍ നിര്ത്തിയിരുന്നില്ലന്നു മാത്രമല്ല തന്റെ പണമോ സ്വാധീനങ്ങളോ ഉപയോഗിച്ച് ലൈംഗിക തൊഴിലിലേക്ക് കൊണ്ടുവരാനും ശ്രമിച്ചില്ല.
കാലം ഏറെ കഴിഞ്ഞപ്പോള്‍ ലൈംഗിക തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും ഗംഗുഭായ് മുന്നിട്ടിറങ്ങി. അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിനെ കണ്ട് ലൈംഗികതൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന ചര്‍ച്ചകള്‍ക്കും ഗംഗുഭായ് മുന്നിട്ടിറങ്ങി.
കാമാത്തിപുരയിലെ ഓരോ സ്ത്രീയും കുട്ടിയും അവര്‍ക്ക് മക്കളായിരുന്നു. കാമാത്തിപുരയില്‍ ഗംഗുഭായിയുടെ ഓര്‍മ്മയ്ക്കായി പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.