കൊച്ചി: രാജ്യസുരക്ഷ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് ഹൈക്കോടതി കൂടി ശരിവച്ചതോടെ ചാനല്‍ നിലനിര്‍ത്താന്‍ പുതിയ നീക്കവുമായി മീഡിയവണ്‍.
മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് കമ്ബനിയുടെ ഉടമസ്ഥതയിലാണ് മീഡിയവണ്‍ പ്രവര്‍ത്തനം തുടങ്ങിയത്. ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലാണ് കമ്ബനിയെങ്കിലും അത് അവര്‍ തുറന്നു സമ്മതിച്ചിട്ടില്ല.
ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ നിന്നും സംപ്രേഷണ വിലക്കിന് സ്‌റ്റേ കിട്ടിയില്ലെങ്കില്‍ ചാനല്‍ അടഞ്ഞു തന്നെ കിടക്കും. നിലവില്‍ ഡിജിറ്റല്‍ മീഡിയയില്‍ സംപ്രേഷണം തുടരുന്നുണ്ടെങ്കിലും അതു നീക്കം ചെയ്യാന്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഉടന്‍ ഫേസ്ബുക്കിനും യൂടൂബിനും നിര്‍ദേശം നല്‍കിയേക്കും.
ഈ സാഹചര്യത്തില്‍ പ്രക്ഷേപണം മുടങ്ങാതിരിക്കാന്‍ എന്തു ചെയ്യുമെന്ന ചര്‍ച്ച മാനേജ്‌മെന്റില്‍ സജീവമാണ്. നിലവില്‍ സാറ്റലൈറ്റ് ലൈസന്‍സുള്ള മൂന്നു വാര്‍ത്താ ചാനലുകളുമായി മീഡിയവണ്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. പേരും ലോഗോയും കമ്ബനിയുമടക്കം മാറി ചാനലിന്റെ പ്രവര്‍ത്തനം തുടരാനാണ് ഇവരുടെ നീക്കം.
നിലവില്‍ നിരവധി വാര്‍ത്താ ചാനലുകള്‍ ലൈസന്‍സ് ഉള്ളതുണ്ട്. ഇവയില്‍ പലതിന്റെയും ഉടമസ്ഥാവകാശം കൈമാറാതെ തന്നെ മറ്റു ചാനലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ലൈസന്‍സുള്ള സ്ഥാപനത്തിലേക്ക് വാങ്ങാനെത്തുന്നവരെ ചേര്‍ത്താണ് ചാനല്‍ കൈമാറ്റം നടത്തുന്നത്.
കേരളത്തിലെ പല ചാനലുകളും ആദ്യഘട്ടത്തില്‍ ഇത്തരം വാങ്ങലുകള്‍ നടത്തിയാണ് പ്രവര്‍ത്തനം തുടങ്ങിയിരുന്നത്. ഈ മാതൃക തന്നെ തല്‍ക്കാലം പിന്തുടരാമെന്നാണ് മീഡിയവണ്ണിന്റെ മാനേജ്‌മെന്റ് ആലോചിക്കുന്നത്. ജീവനക്കാരെ തല്‍ക്കാലം കുറയ്‌ക്കേണ്ടതില്ലെന്നും മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്.
