ബെംഗ്ളുറു: കോളജുകളില്‍ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത് മുസ്ലീം വിദ്യാര്‍ഥിനികള്‍ സമര്‍പിച്ച ഹര്‍ജി പരിഗണിച്ച കര്‍ണാടക ഹൈകോടതിയുടെ വിശാല ബെഞ്ച് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി.ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കോടതി വിഷയം തീരുമാനിക്കുന്നത് വരെ മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ നിന്ന് വിലക്കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചു. കോളജുകള്‍ വീണ്ടും തുറക്കാന്‍ നിര്‍ദേശം നല്‍കുമെന്നും ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കണമെന്നും കോടതി പറഞ്ഞു. ഉഡുപിയിലെ വിദ്യാര്‍ഥിനികള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് സഞ്ജയ് ഹെഗ്ഡെയും കുന്ദാപുര വിദ്യാര്‍ഥിനികള്‍ക്ക് വേണ്ടി ദേവദത്ത് കാമത്തും ഹാജരായി.
ഹിജാബ് ധരിക്കുന്നത് മൗലികാവകാശങ്ങളില്‍ ഉള്പെടുമോയെന്ന കാര്യം പരിഗണിക്കുകയാണെന്ന് കോടതി അറിയിച്ചു. ശിരോവസ്ത്രം ധരിക്കുന്നത് മതപരമായ ആചാരത്തിന്റെ അവിഭാജ്യ ഘടകമാണോ എന്നതും പരിഗണിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. കോടതിയുടെ വാക്കാലുള്ള നടപടികള്‍ റിപോര്‍ട് ചെയ്യരുതെന്നും അന്തിമ ഉത്തരവ് വരുന്നത് വരെ കാത്തിരിക്കണമെന്നും മാധ്യമങ്ങളോട് നിര്‍ദേശിച്ചു.
അതിനിടെ വൈകിട്ട് ആറിന് കര്‍ണാടക മുഖ്യമന്ത്രി വിദ്യാഭ്യാസ മന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായും കൂടിക്കാഴ്ച നടത്തുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.