ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടുമൊരു കൂട്ടബലാത്സംഗം. 20 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം അയല്‍ക്കാര്‍ മുഖത്ത് കരിപൂശി, മൊട്ടയടിച്ച് തെരുവിലൂടെ നടത്തിച്ചു. സംഭവത്തിന്‍റെ വിഡിയോ പുറത്തുവന്നതോടെ നാല് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കന്‍ ഡല്‍ഹിയിലെ ഷഹ്‌ദാരയിലാണ് സംഭവം. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. യുവതിക്ക് സാധ്യമായ എല്ലാ സഹായവും കൗണ്‍സിലിങ്ങും നല്‍കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ നടപടി സ്വീകരിക്കുന്നതിന് പൊലീസിന് കത്തയച്ചിട്ടുണ്ടെന്ന് ഡല്‍ഹി വനിതാ കമീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു. യുവതിയെ സന്ദര്‍ശിച്ച അവര്‍, അനധികൃത മദ്യവില്‍പ്പനക്കാര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് വ്യക്തമാക്കി. യുവതിയുടെ മുഖത്ത് കരിപൂശി, തല മൊട്ടയടിച്ചു. ചെരുപ്പ് മാലയണിയിച്ചാണ് അവളെ തെരുവിലൂടെ നടത്തിയതെന്നും മലിവാള്‍ പറഞ്ഞു. പെണ്‍കുട്ടിക്കും അവളുടെ കുടുംബത്തിനും സുരക്ഷ നല്‍കാന്‍ പൊലീസിനോട് വനിതാ കമീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തട്ടിക്കൊണ്ടുപേയി മൂന്നുപേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചതെന്ന് യുവതി പറഞ്ഞതായി വനിതാ കമീഷന്‍ അറിയിച്ചു. അവിടെയുണ്ടായിരുന്ന സ്ത്രീകള്‍ തന്നെ ബലാത്സംഗം ചെയ്യാന്‍ പുരുഷന്മാരെ പ്രേരിപ്പിച്ചതായും യുവതി മൊഴി നല്‍കിയിട്ടുണ്ട്. പ്രതികള്‍ മദ്യവും മയക്കുമരുന്നും വില്‍ക്കുന്നവരാണെന്നും കമീഷന്‍ വ്യക്തമാക്കി. യുവതിയുമായി പ്രണയത്തിലായിരുന്ന അയല്‍പക്കത്തെ യുവാവ് കഴിഞ്ഞ നവംബറില്‍ ആത്മഹത്യ ചെയ്തിരുന്നു. യുവാവിന്‍റെ ആത്മഹത്യക്ക് ഉത്തരവാദിയാണെന്ന് ആരോപിച്ച് ഇയാളുടെ ബന്ധുക്കളാണ് യുവതിയെ ക്രൂരപീഡനത്തിനിരയാക്കിയത്. യുവാവിന്‍റെ ആത്മഹത്യക്ക് ശേഷം യുവതി വാടക വീട്ടിലേക്ക് മാറിയിരുന്നു. അവിടെനിന്ന് യുവാവിന്‍റെ അമ്മാവന്‍ അവളെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് സഹോദരി പറഞ്ഞു.
സംഭവത്തിന്‍റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. പീഡനത്തിനിരയായ യുവതിയെ ഒരു സ്ത്രീയുടെ നേതൃത്വത്തിലാണ് ജനക്കൂട്ടത്തിലേക്ക് കൊണ്ടുവരുന്നത്. ഇവര്‍ യുവതിയെ ചീത്തവിളിക്കുന്നത് വിഡിയോയില്‍ കാണാം. ഇത് കേട്ട് കൂടിയിരുന്നവര്‍ കൈയടിക്കുകയും യുവതിയുടെ മുഖത്ത് അടിക്കുകയും ചെയ്യുന്നുണ്ട്.