ബെംഗളൂരു: നമ്മ മെട്രോയുടെ ഭാഗമായി റാഗിഗുഡയ്ക്കും സിൽക് ബോർഡിനും ഇടയിൽ നിർമിക്കുന്ന 3.35 കിലോമീറ്റർ ഇരട്ട ഡെക്ക് മേൽപാലത്തിന്റ നിർമാണം ജൂണിൽ പൂർത്തിയാകും. മെട്രോ ബൊമ്മസന്ദ- ആർ 1 വി റോഡ് റീച്ചിന്റെ ഭാഗമായാണ് ഇരട്ട മേൽപാലം നിർമിക്കുന്നത്. ആദ്യം വാഹനങ്ങൾക്ക് കടന്നു പോകാനുള്ള 2 വരി മേൽപാലം, അതിനു മുകളിലാണ് മെട്രോ പാലം നിർമിക്കുന്നത്. ഇതിൽ റോഡ് മേൽപാലമാണ് ആദ്യം ഗതാഗതത്തിന് തുറന്നുകൊടുക്കുക.
ഗതാഗതക്കുരുക്കിന് പേരുകേട്ട ഹൊസൂർ റോഡും ഔട്ടർ റിങ് റോഡും സംഗമിക്കുന്ന സിൽക്ക് ബോർഡ് ജംക്ഷനിൽ ഏറെ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചാണ് പാലം നിർമാണം പുരോഗമിക്കുന്നത്. കഴിഞ്ഞ 2 ലോക്ഡൗൺ സമയങ്ങളിലും വാഹനത്തിരക്ക് ഒഴിഞ്ഞ നേരത്താണ് പാലത്തിന്റെ തൂണുകൾ ഉൾപ്പെടെയുള്ളവയുടെ നിർമാണം പൂർത്തിയായത്. സിൽക്ക് ബോർഡ് കെആർ പുരം മെട്രോ പാതയും ഇരട്ട ഡെക്ക് പാലത്തിന് സമീപത്താണ് സംഗമിക്കുന്നത്. ഇരു ഭാഗങ്ങളിലേക്കും പോകേണ്ടവർക്ക് സിൽക്ക് ബോർഡ് സ്റ്റേഷനിലെ താൻ കാൽനടമേൽപാലവും നിർമിക്കും.