ആലുവ: ഭര്‍ത്താവിനും ഭര്‍തൃകുടുംബത്തിനും ആലുവ സി.ഐക്കുമെതിരെ കുറിപ്പെഴുതിവെച്ച് യുവതി ആത്മഹത്യ ചെയ്തു.എടയപുറത്ത് താമസിക്കുന്ന കക്കാട്ട് ദില്‍ഷാദിന്റെ മകളും നിയമ വിദ്യാര്‍ഥിയുമായ മൂഫിയ പര്‍വീനാണ് ആത്മഹത്യ ചെയ്തത്.ഭര്‍ത്താവ് സുഹൈലുമായി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആലുവ സി.ഐ തിങ്കളാഴ്ച്ച രാവിലെ മധ്യസ്ഥ ചര്‍ച്ചക്ക് വിളിച്ചിരുന്നു. ഭര്‍ത്താവ് ഒരു രാഷ്ട്രീയ നേതാവിനൊപ്പമാണത്രെ ചര്‍ച്ചക്കെത്തിയത്. അവിടെ വച്ച് സി.ഐ തന്നോട് മോശമായി പെരുമാറിയെന്ന് യുവതിയുടെ ആത്മഹത്യ കുറിപ്പില്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു.
പൊലീസ് സ്റ്റേഷനില്‍ നിന്ന് തിരികെ എത്തിയ യുവതി വൈകീട്ട് മൂന്നു മണിയോടെ മുറിയില്‍ കയറി കതകടച്ചു. ഏറെ നേരമായിട്ടും പുറത്തേക്ക് വരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ വൈകീട്ട് ആറുമണിയോടെ വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് എം.എല്‍.എ ഇടപെട്ട് രാത്രി തന്നെ തഹസില്‍ദാറെ വരുത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി. തുടര്‍ന്നാണ് മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. യുവതിയുടെ മുറിയില്‍ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പും ഫോണും അധികൃതര്‍ കൊണ്ടുപോയിട്ടുണ്ട്. പപ്പാ, ചാച്ചാ നിങ്ങള്‍ പറഞ്ഞതായിരുന്നു ശരി. അവന് ശരിയില്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാന്‍. ഈ ലോകത്ത് ആരേക്കാളും സ്നേഹിച്ചയാള്‍ എന്നെ പറ്റി പറയുന്നത് കേള്‍ക്കാന്‍ ശക്തിയില്ല.’ -ഇങ്ങിനെയാണ് മൂഫിയയുടെ ആതമഹത്യാ കുറിപ്പ് തുടങ്ങുന്നത്. സി.ഐക്കെതിരെ നടപടി വേണമെന്നും ഭര്‍ത്താവ് സുഹൈലും പിതാവും മാതാവും ക്രിമിനലുകളാണെന്നും പരമാവധി ശിക്ഷ ലഭിക്കണമെന്നുമാണ് അവസാനത്തെ ആഗ്രഹമെന്നും മൂഫിയ കുറിപ്പില്‍ എഴുതിയിട്ടുണ്ട്.എന്നാല്‍, പൊലീസ് ആരോപണം പൂര്‍ണമായും നിഷേധിച്ചു. യുവതി ഭര്‍ത്താവിനോട് മോശമായി പെരുമാറിയതോടെ അവരെ ശാസിക്കുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനു പിന്നാലെ ഗാര്‍ഹിക പീഡനത്തിന് ഭര്‍തൃകുടുംബത്തിനെതിരെ കേസ് എടുത്തിട്ടുണ്ട്