Home തിരഞ്ഞെടുത്ത വാർത്തകൾ മുംബൈ ലോക്കൽ ട്രെയിനിൽ പ്രീ വെഡിങ് ആഘോഷം; വീഡിയോ വൈറൽ, നടപടിക്കൊരുങ്ങി റെയിൽവേ

മുംബൈ ലോക്കൽ ട്രെയിനിൽ പ്രീ വെഡിങ് ആഘോഷം; വീഡിയോ വൈറൽ, നടപടിക്കൊരുങ്ങി റെയിൽവേ

മുംബൈയിലെ തിരക്കേറിയ ലോക്കൽ ട്രെയിനിനുള്ളിൽ സുഹൃത്തിന്റെ വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷം സംഘടിപ്പിച്ച് ഒരു കൂട്ടം യുവതികൾ.സാധാരണ യാത്രക്കാർ ജോലിക്കും പഠനത്തിനുമായി ഓടിക്കയറുന്ന ട്രെയിൻ ഡബ്ബ് തന്നെ വിവാഹപൂർവ ആഘോഷത്തിനുള്ള വേദിയാക്കി മാറ്റുകയായിരുന്നു ഇവർ. പൂക്കളും തൂക്കുവിളക്കുകളും മറ്റ് അലങ്കാരങ്ങളുമെല്ലാം ഉപയോഗിച്ച് ഡബ്ബിന്റെ ഒരു ഭാഗം മനോഹരമായി ഒരുക്കിയ ശേഷമായിരുന്നു ആഘോഷം. വിവാഹത്തിനൊരുങ്ങുന്ന സുഹൃത്തിനെ അപ്രതീക്ഷിതമായി സന്തോഷിപ്പിക്കുകയായിരുന്നു യുവതികളുടെ ലക്ഷ്യം. മഹാരാഷ്ട്രയിലെ പരമ്പരാഗത വിവാഹപൂർവ ചടങ്ങായ ‘കേൾവൺ’ ആണ് ഇവർ ട്രെയിനിൽ സംഘടിപ്പിച്ചത്.

അലങ്കരിച്ച താലവുമായി ഒരു യുവതി കാത്തുനിൽക്കുന്നതും സുഹൃത്ത് ഡബ്ബിനുള്ളിലേക്ക് എത്തിയതോടെ മറ്റുള്ളവർ പൂക്കൾ വിതറി സ്വീകരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.തുടർന്ന് പരമ്പരാഗത ചടങ്ങുകൾ നടത്തി ആശംസകൾ നേർന്നും ആലിംഗനം ചെയ്തുമാണ് സുഹൃത്തുക്കൾ ആഘോഷം മനോഹരമാക്കിയത്. മുംബൈ ഹെറിറ്റേജ് എന്ന എക്സ് അക്കൗണ്ടിലൂടെയാണ് ആഘോഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. പിന്നാലെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. എന്നാൽ ആഘോഷത്തിന് കൈയടിക്കുന്നതിനൊപ്പം വിമർശനങ്ങളും ഉയർന്നു. പൊതുഗതാഗത സംവിധാനമായ ട്രെയിനിനുള്ളിൽ വ്യക്തിപരമായ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത് ശരിയാണോ എന്നായിരുന്നു പലരുടെയും ചോദ്യം.

പൊതുജനങ്ങൾ ഒരുപോലെ ഉപയോഗിക്കുന്ന ട്രെയിൻ സ്വകാര്യ ആവശ്യങ്ങൾക്കായി വിനിയോഗിക്കരുതെന്നും ചിലർ അഭിപ്രായപ്പെട്ടു.സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ റെയിൽവേയുടെ യാത്രക്കാരുടെ സഹായ സംവിധാനമായ റെയിൽവേ സേവയും പ്രതികരണവുമായി രംഗത്തെത്തി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ എക്സിലെ പോസ്റ്റിൽ ടാഗ് ചെയ്ത റെയിൽവേ സേവ, ആവശ്യമായ നടപടികൾക്കായി വിഷയം ബന്ധപ്പെട്ട ഉദ്യോഗസ്ഥന് കൈമാറിയതായി അറിയിച്ചു. ഇതോടെ സന്തോഷകരമായ ഒരു വിവാഹപൂർവ ആഘോഷമായി തുടങ്ങിയ സംഭവം പൊതുഗതാഗത സംവിധാനത്തിന്റെ ഉപയോഗത്തെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group