ബെംഗളൂരു: 2026ലെ വർഷാവസാന യാത്രകള്‍ക്കായി ഏറ്റവും ജനപ്രിയമായ ആഭ്യന്തര വിമാന യാത്രാ ലക്ഷ്യസ്ഥാനമായി ബെംഗളൂരു മാറി.ഡല്‍ഹിയെ മറികടന്നാണ് ബെംഗളൂരു ഈ നേട്ടം കൈവരിച്ചത്. ‘ക്ലിയർട്രിപ്പ് പീക്ക്-എ-ബൂ ട്രെൻഡ്സ് ട്രാക്കർ’ പ്രകാരം ബെംഗളൂരുവില്‍ നിന്നുള്ള വിമാന ബുക്കിങ്ങുകളില്‍ മുൻവർഷത്തെ അപേക്ഷിച്ച് 6.2% വർധനയുണ്ടായി. ഇതോടെ ഡല്‍ഹി, മുംബൈ തുടങ്ങിയ പ്രധാന ഇന്ത്യൻ നഗരങ്ങളെ ബെംഗളൂരു പിന്നിലാക്കി.ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, പൂനെ, ഗോവ, ഗുവാഹത്തി, കൊച്ചി, ചെന്നൈ എന്നിവയ്ക്കൊപ്പം ബെംഗളൂരുവും വിമാന യാത്രകള്‍ക്കായുള്ള മികച്ച ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നായി ഇടംപിടിച്ചു. നഗരത്തിലെ ഹോട്ടല്‍ ബുക്കിംഗുകളില്‍ 88.1% വർധനയും രേഖപ്പെടുത്തിയിട്ടുണ്ട്. വർഷാവസാന യാത്രകളുടെ തിരക്ക് ഹോട്ടലുകള്‍, ബസുകള്‍, ട്രെയിനുകള്‍ എന്നിവയിലുടനീളം വലിയ ഡിമാൻഡിന് കാരണമാകുന്നുണ്ട്.
യുവാക്കളായ സഞ്ചാരികളാണ് ഈ വർധനവിന് പിന്നില്‍.കൊച്ചിയില്‍ ഹോട്ടല്‍ ബുക്കിങ്ങുകളില്‍ 169 ശതമാനം വർധിച്ചപ്പോള്‍, മുംബൈയില്‍ 110.6 ശതമാനം വർധനയുണ്ടായി. വാരണാസി, ഡല്‍ഹി, പുരി, കൊല്‍ക്കത്ത എന്നിവിടങ്ങളിലും കാര്യമായ വളർച്ച രേഖപ്പെടുത്തി. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഒരേപോലെ വലിയ ഡിമാൻഡുണ്ടെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.വിമാന യാത്രകള്‍ക്ക് പുറമെ ബസ് ബുക്കിങ്ങുകളിലും മുൻവർഷത്തെ അപേക്ഷിച്ച് 159.7 ശതമാനം വർധനയുണ്ടായി. ബെംഗളൂരുവില്‍ ബസ് ബുക്കിങ്ങുകളില്‍ 253.8 ശതമാനം വർധന രേഖപ്പെടുത്തിയപ്പോള്‍ ഉദയ്പൂരില്‍ 428.6 ശതമാനം എന്ന വലിയ വർധനയാണ് ഉണ്ടായത്. ബെംഗളൂരുവിനെ ഹൈദരാബാദ്, ഗോവ, ചെന്നൈ, എറണാകുളം എന്നിവയുമായി ബന്ധിപ്പിക്കുന്ന റൂട്ടുകളിലും വലിയ വളർച്ച പ്രകടമായി. ട്രെയിൻ യാത്രകളോടുള്ള താല്‍പ്പര്യവും ഉയർന്ന നിലയില്‍ തുടരുകയാണ്. ട്രെയിൻ ബുക്കിങ്ങുകളില്‍ 74.7 ശതമാനം വരുന്നത് എസി ക്ലാസുകളിലാണ്. ഡല്‍ഹി – ബെംഗളൂരു, ന്യൂഡല്‍ഹി – പട്ന, വാരണാസി – ഡല്‍ഹി, ഡല്‍ഹി – മുംബൈ എന്നിവയാണ് പ്രധാന റൂട്ടുകള്‍.
അന്താരാഷ്ട്ര തലത്തില്‍ വർഷാവസാന യാത്രകളില്‍ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങള്‍ തന്നെയാണ് മുന്നില്‍. തായ്ലൻഡ് പ്രധാന കേന്ദ്രമായി തുടരുമ്പോള്‍ വിയറ്റ്നാമിലേക്കും ജപ്പാനിലേക്കുമുള്ള യാത്രകളില്‍ വലിയ വളർച്ചയാണ് കാണുന്നത്. ഹനോയിയില്‍ ബുക്കിങ്ങുകളില്‍ മുൻവർഷത്തെ അപേക്ഷിച്ച് 44.6 ശതമാനം വർധന രേഖപ്പെടുത്തി. ഫു ക്വോക്ക് (33.2%), ടോക്കിയോ (22.2%) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്. ജനപ്രിയ അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊളംബോ, ദുബായിയെയും ഫുക്കറ്റിനെയും മറികടന്ന് രണ്ടാം സ്ഥാനത്തെത്തി.തണുപ്പേറിയതും മഞ്ഞുമൂടിയതുമായ സ്ഥലങ്ങളിലേക്കുള്ള യാത്രകളോട് ആളുകള്‍ക്ക് താല്‍പ്പര്യം വർധിക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ആഭ്യന്തര സഞ്ചാരികള്‍ മണാലി, മുസ്സൂറി, ഊട്ടി, ധരംശാല, പഹല്‍ഗാം എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍, ടോക്കിയോ, ഒസാക്ക, ബെർലിൻ, മ്യൂണിക്ക്, ക്യോട്ടോ എന്നിവ അന്താരാഷ്ട്ര തലത്തില്‍ ശൈത്യകാലത്തെ പ്രധാന ആകർഷണ കേന്ദ്രങ്ങളായി മാറുന്നു.സോളോ യാത്രയ്ക്ക് മറ്റൊരു പ്രധാന പ്രവണതയാണ്.
വിമാനയാത്രകളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവരുടെ വിഹിതം 59.5 ശതമാനത്തില്‍ നിന്ന് 63.3 ശതമാനമായി ആയി ഉയർന്നു. സ്ത്രീകളും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നു. ആകെ വിമാന ബുക്കിങ്ങുകളില്‍ ഇവരുടെ പങ്ക് 19.8%ല്‍ നിന്ന് 22.6% ആയി വർധിച്ചു. ബസ് യാത്രകളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ മുൻവർഷത്തെ അപേക്ഷിച്ച് 162% വർധനയുണ്ടായി.ജെൻ സി വിഭാഗമാണ് ഏറ്റവും വേഗത്തില്‍ വളരുന്ന സഞ്ചാരികള്‍. മൊത്തത്തിലുള്ള ബുക്കിങ്ങുകളില്‍ 25 – 34 വയസ്സ് പ്രായമുള്ളവരാണ് ഏറ്റവും വലിയ വിഭാഗം. 15 – 34 വയസ്സ് പ്രായമുള്ളവർ ആകെ വിമാന ബുക്കിങ്ങുകളുടെ 57.6%വും, ഹോട്ടല്‍ ബുക്കിങ്ങുകളുടെ 51.4%വും, ബസ് ബുക്കിങ്ങികളും 50%വും ട്രെയിൻ ബുക്കിങ്ങുകളുടെ 66.2%വും കൈകാര്യം ചെയ്യുന്നു.വർഷാവസാനത്തില്‍ ഇന്ത്യയിലുണ്ടാകുന്ന യാത്രാ തിരക്കിന് പിന്നില്‍ ആഭ്യന്തര നഗരങ്ങളിലേക്കുള്ള യാത്രകള്‍, അന്താരാഷ്ട്ര വിനോദയാത്രകള്‍, ശൈത്യകാല കേന്ദ്രങ്ങള്‍, കൂടാതെ ഒറ്റയ്ക്കുള്ള യാത്രകള്‍ എന്നിവയുടെ ഒരു സമ്മിശ്ര സ്വഭാവമാണുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2026ല്‍ ആഭ്യന്തര വിമാനയാത്രകളിലെ വർധനയില്‍ ബെംഗളൂരു മുന്നിലാണ്.