Home കർണാടക ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസം; സെൻട്രല്‍ സില്‍ക്ക് ബോര്‍ഡ് ജംഗ്‌ഷനില്‍ നവീകരണം പൂര്‍ത്തിയായി

ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസം; സെൻട്രല്‍ സില്‍ക്ക് ബോര്‍ഡ് ജംഗ്‌ഷനില്‍ നവീകരണം പൂര്‍ത്തിയായി

ബെംഗളൂരു: നഗരത്തിലെ തിരക്കേറിയ സെൻട്രല്‍ സില്‍ക്ക് ബോർഡ് ജംഗ്ഷനില്‍ നവീകരണ പ്രവർത്തനങ്ങള്‍ പൂർത്തിയായി. പ്രദേശം കൂടുതല്‍ വൃത്തിയുള്ളതും വാഹനയാത്രക്കാർക്കും കാല്‍നടയാത്രക്കാർക്കും സൗകര്യപ്രദവുമാക്കുന്നതിനായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി നിരവധി വികസന പ്രവർത്തനങ്ങളാണ് നടത്തിയത്.നഗരത്തിലെ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള ജംഗ്ഷനുകളിലൊന്നായ ഇവിടെ നേരത്തേ തകർന്ന റോഡുകള്‍, മാലിന്യക്കൂമ്പാരങ്ങള്‍, വെള്ളക്കെട്ട്, ചെളി, വൃത്തിഹീനമായ പൊതുസ്ഥലങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ രൂക്ഷമായിരുന്നു.ബെംഗളൂരു വികസന മന്ത്രി കൃഷ്‌ണ ബൈരെ ഗൗഡ പ്രദേശം സന്ദർശിച്ച്‌ പരിശോധന നടത്തിയതിന് പിന്നാലെയാണ് നവീകരണ പ്രവർത്തനങ്ങള്‍ ആരംഭിച്ചത്.

ബെംഗളൂരു സൗത്ത് സിറ്റി കോർപ്പറേഷൻ കമ്മീഷണർ കെഎൻ രമേശിന്റെ മേല്‍നോട്ടത്തിലായിരുന്നു പ്രവർത്തനങ്ങള്‍. റോഡുകളുടെ അറ്റകുറ്റപ്പണി, ശുചിത്വം, ജംഗ്ഷന്റെ ആകെ ഭംഗി എന്നിവ മെച്ചപ്പെടുത്തുന്നതിനായിരുന്നു പ്രധാനമായും ശ്രദ്ധ നല്‍കിയത്.തകർന്ന റോഡുകള്‍ പുതുക്കിപ്പണിതതാണ് പ്രധാന മാറ്റങ്ങളിലൊന്ന്. വെള്ളക്കെട്ടും കുഴികളും കാരണം യാത്ര ദുഷ്‌കരമായിരുന്ന ജംഗ്ഷനിലും സമീപ റോഡുകളിലും ഒക്ടോബർ 30-ന് പുതിയ ടാറിങ് നടത്തി. ഇതോടെ വാഹനങ്ങള്‍ക്ക് കൂടുതല്‍ സുഗമമായി സഞ്ചരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഫ്ലൈഓവറിന്റെ തൂണുകള്‍ക്കും ബീമുകള്‍ക്കും പുതിയ രൂപവും ഭംഗിയും നല്‍കിയിട്ടുണ്ട്.ആകർഷകമായ പർപ്പിള്‍ നിറത്തില്‍ പെയിന്റ് ചെയ്‌ത ഇവയില്‍ മനോഹരമായ ഡിസൈനുകളും ഒരുക്കി. പരിസരത്ത് ടൈലുകളും പേവിങ് സംവിധാനവും സ്ഥാപിച്ചു. ജംഗ്ഷന് കൂടുതല്‍ ചിട്ടയായ രൂപം നല്‍കുന്നതിനായി റോഡരികിലെ കർബുകള്‍ക്ക് മഞ്ഞ നിറവും നല്‍കി.

ഫ്ലൈഓവർ തൂണുകള്‍ക്ക് ചുറ്റുമുള്ള ഭാഗങ്ങളും ടൈലുകള്‍ പാകി വൃത്തിയാക്കി.കാല്‍നടയാത്രക്കാർക്ക് കൂടുതല്‍ സൗകര്യപ്രദമായി സഞ്ചരിക്കാൻ നടപ്പാതകളും നവീകരിച്ചു. മെട്രോ, ഇലക്‌ട്രോണിക് സിറ്റി റോഡ്, ഔട്ടർ റിങ് റോഡ് തുടങ്ങി ബെംഗളൂരുവിലെ പ്രധാന ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഗതാഗത കേന്ദ്രമാണ് സില്‍ക്ക് ബോർഡ് ജംഗ്ഷൻ. ദിവസവും ആയിരക്കണക്കിന് ആളുകളാണ് ഇതുവഴി യാത്ര ചെയ്യുന്നത്. അതിനാല്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിന് ഈ മാറ്റങ്ങള്‍ സഹായിക്കും.മഴവെള്ളം ഒഴുകിപ്പോകുന്ന ഓടകള്‍ വൃത്തിയാക്കിയതും നവീകരണത്തിന്റെ പ്രധാന ഭാഗമായിരുന്നു. മണ്ണും മാലിന്യങ്ങളും മറ്റ് അവശിഷ്‌ടങ്ങളും അടിഞ്ഞുകൂടിയതിനാല്‍ ഇവിടെ വെള്ളക്കെട്ടും വൃത്തിഹീനമായ സാഹചര്യങ്ങളും ഉണ്ടായിരുന്നു. തുടർന്ന് ഓടകളിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുകയും ആവശ്യമായ സ്ഥലങ്ങളില്‍ സ്ലാബുകള്‍ സ്ഥാപിച്ച്‌ ഓടകള്‍ മൂടുകയും ചെയ്‌തു. ഫ്ലൈഓവറിന് താഴെയും പരിസര പ്രദേശങ്ങളിലും കുന്നുകൂടിയിരുന്ന വലിയ അളവിലുള്ള മാലിന്യങ്ങളും നീക്കം ചെയ്‌തിട്ടുണ്ട്‌.

ഈ പ്രവർത്തനങ്ങളിലൂടെ ജംഗ്ഷന്റെ രൂപത്തില്‍ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. നേരത്തേ മാലിന്യക്കൂമ്പാരങ്ങളും ചെളി നിറഞ്ഞ ഭാഗങ്ങളും തകർന്ന റോഡുകളും നിറഞ്ഞിരുന്ന പ്രദേശം ഇപ്പോള്‍ കൂടുതല്‍ വൃത്തിയുള്ളതും ടൈലുകള്‍ പാകിയതും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുള്ളതുമായ ഇടമായി മാറി.നഗരത്തിലെ പ്രധാന പൊതുസ്ഥലങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി നടത്തുന്ന വിപുലമായ പ്രവർത്തനങ്ങളുടെ ഭാഗം കൂടിയാണ് ഈ നവീകരണം. നേരത്തേ സില്‍ക്ക് ബോർഡ് ഫ്ലൈഓവറിന് താഴെയുള്ള സ്ഥലം കൂടുതല്‍ പ്രയോജനപ്രദമായ പൊതുഇടമാക്കി മാറ്റാനുള്ള പദ്ധതിയും ബെംഗളൂരു വികസന മന്ത്രി കൃഷ്‌ണ ബൈരെ ഗൗഡ പ്രഖ്യാപിച്ചിരുന്നു.

ഇതിന്റെ ഭാഗമായി ത്രോബോള്‍ കോർട്ട്, ടേബിള്‍ ടെന്നീസ് സൗകര്യം, ഇരിപ്പിടങ്ങള്‍, മികച്ച ലൈറ്റിങ് സംവിധാനം തുടങ്ങിയവ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.അതേസമയം, നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും കാല്‍നടയാത്രക്കാർക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിനും വലിയ പദ്ധതികളാണ് പരിഗണനയിലുള്ളത്. മഴവെള്ളം ഒഴുകിപ്പോകാനുള്ള മികച്ച സംവിധാനങ്ങള്‍, നവീകരിച്ച നടപ്പാതകള്‍, വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. പ്രത്യേകിച്ച്‌ ഇലക്‌ട്രോണിക് സിറ്റിയില്‍ നിന്ന് ബിടിഎം ലേഔട്ടിലേക്ക് യാത്ര ചെയ്യുന്നവർക്ക് കൂടുതല്‍ സൗകര്യമൊരുക്കുകയാണ് ലക്ഷ്യം.

You may also like

error: Content is protected !!
Join Our WhatsApp Group