ബെംഗളൂരു മെട്രോ യാത്രക്കാർക്ക് ആശ്വാസമായി പുതിയ തീരുമാനം. ഇനി മുതല്‍ യെല്ലോ ലൈനില്‍ 13 ട്രെയിനുകള്‍ ഓടും. 16 മുതലാണ് ഒരു ട്രെയിൻ അധികമായി എത്തുക.കൂടാതെ തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ തിരക്കുള്ള സമയങ്ങളില്‍ ഓരോ 5.5 മിനിറ്റ് കഴിയും തോറും ട്രെയിനുകള്‍ സർവ്വീസ് നടത്തും. അതേസമയം തിരക്കില്ലാത്ത സമയങ്ങളില്‍ 10 മിനിറ്റായിരിക്കും ഇടവേള.ശനി ഞായർ ദിവസങ്ങളിലും ട്രെയിനുകള്‍ തമ്മിലുള്ള ഇടവേള 10 മിനിറ്റായിരിക്കും. ആർവി റോഡ്, ബൊമ്മസാന്ദ്ര സ്റ്റേഷനുകളില്‍ നിന്നുള്ള ആദ്യത്തേയും അവസാനത്തേയും ട്രെയിനിൻ്റെ സമയങ്ങളില്‍ മാറ്റം ഉണ്ടാകില്ലെന്നും ബിഎംആർസിഎല്‍ അറിയിച്ചു.ബെംഗളൂരു നമ്മ മെട്രോ നെറ്റ്വർക്കിലെ തിരക്കേറിയ പാതകളലൊന്നാണ് യെല്ലോ ലൈൻ.
19.15 കിമി വരുന്ന പാത കഴിഞ്ഞ വർഷം ഓഗസ്റ്റ് 10 നായിരുന്നു പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കിയത്. സില്‍ക്ക് ബോർഡ് ജംഗ്ഷൻ, ഇലക്‌ട്രോണിക്സ് സിറ്റി എന്നിവ വഴി ആർവി റോഡിനെ ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാത. യെല്ലോ ലൈൻ യാഥാർത്ഥ്യമായതോടെ സില്‍ക്ക് ബോർഡിലെ ഗതാഗതക്കുരിക്കിന് വലിയ പരിഹാരം കാണാൻ സാധിച്ചിട്ടുണ്ട്.അതേസമയം എലവേറ്റഡ് പിങ്ക് ലൈൻ പാത കൂടി തുറന്നത് യാത്രക്കാരെ സംബന്ധിച്ച് കൂടുതല്‍ ആശ്വാസകരമാണ്. പിങ്ക് ലൈനിലെ ജയദേവയാണ് യെല്ലോ ലൈനിലേക്ക് മാറാനുള്ള സ്റ്റേഷൻ. ലൈൻ യാഥാർത്ഖ്യം ആയതോടെ ബന്നാർഘട്ട റോഡ് ഭാഗത്ത് നിന്നുള്ള യാത്രക്കാർക്ക് ഗതാഗതക്കുരുക്കില്‍ പെടാതെ നേരിട്ട് യെല്ലോ ലൈനിലേക്ക് മാറി ഇലക്‌ട്രോണിക്സ് സിറ്റി, ബൊമ്മസാന്ദ്ര ഭാഗങ്ങളിലേക്ക് വളരെ വേഗത്തില്‍ എത്തിച്ചേരാൻ സാധിക്കും. അതുപോലെ തന്നെ സില്‍ക്ക് ബോഡിലെ ഗതാഗതക്കുരിക്കിലും പെട്ടെന്ന് ഇനി സമയം നഷ്ടമാകില്ല.
കഴിഞ്ഞ ദിവസമായിരുന്നു കലേന അഗ്രഹാര മുതല്‍ തവരേക്കര വരെയുള്ള 7.5 കിമി പാത തുറന്നത്. കലേന അഗ്രഹാര, ഹുളിമാവ്, ഐഐഎം ബെംഗളൂരു, ജെപി നഗർ 4th ഫേസ്, ജയദേവ ആശുപത്രി , തവരേക്കര എന്നിവയാണ് പാതയില്‍ ഉള്‍പ്പെടുന്ന ആറ് സ്റ്റേഷനുകള്‍. 21. 25 കീമിയാണ് പദ്ധതിയുടെ ആകെ നീളം. 18 സ്റ്റേഷനുകളാണ് ഉള്‍പ്പെടുന്നത്. ഇതില്‍ ബാക്കി വരുന്ന പാതയും സ്റ്റേഷനുകളും അണ്ടർഗ്രൌണ്ട് പാതയിലാണ്. പിങ്ക് ലൈൻ പൂർണമായും അടുത്ത വർഷം പകുതിയോടെ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.