Home കർണാടക ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ എലിവേറ്റഡ് കോറിഡോര്‍; 18 മാസം ട്രാഫിക് നിയന്ത്രണം; ബദല്‍ റോഡുകളില്‍ വമ്പൻ ട്രാഫിക് സ്തംഭനത്തിന് സാധ്യത

ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ എലിവേറ്റഡ് കോറിഡോര്‍; 18 മാസം ട്രാഫിക് നിയന്ത്രണം; ബദല്‍ റോഡുകളില്‍ വമ്പൻ ട്രാഫിക് സ്തംഭനത്തിന് സാധ്യത

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവള റോഡില്‍ നാലുവരി എലിവേറ്റഡ് കോറിഡോർ നിർമ്മാണം നടക്കുന്നതിന്റെ ഭാഗമായി 18 മാസത്തേക്ക് ട്രാഫിക് നിയന്ത്രണം.എയർപോർട്ട് റോഡില്‍ 1.7 കി.മീ നീളമുള്ള നാലുവരി എലിവേറ്റഡ് കോറിഡോർ നിർമ്മാണം ആരംഭിച്ചതിന്റെ ഭാഗമായാണ് നിയന്ത്രണം. 18 മാസത്തേക്ക് ഈ പാതയില്‍ ട്രാഫിക് നിയന്ത്രണങ്ങള്‍ ഉണ്ടാകും.അതെസമയം പൊതുവെ എല്ലാ വികസന പ്രവർത്തനങ്ങളും വർഷങ്ങളോളം നീളുന്നതില്‍ കുപ്രസിദ്ധിയുള്ള ബെംഗളൂരു അധികൃതർ ഈ പണിയും നീട്ടുമോയെന്ന ആശങ്ക പൊതുവിലുണ്ട്. പറഞ്ഞിരിക്കുന്ന 18 മാസത്തിനുള്ളില്‍ പദ്ധതി പൂർത്തിയാക്കാൻ കഴിയുമോ എന്ന കാര്യത്തില്‍ യാത്രക്കാർക്ക് സംശയമാണ്.

വാഹനങ്ങള്‍ വഴിതിരിച്ചുവിടാൻ നിർദ്ദേശിച്ചിരിക്കുന്ന ബദല്‍ റോഡുകള്‍ അധിക ട്രാഫിക്കിനെ താങ്ങാൻ എത്രത്തോളം പര്യാപ്തമാണെന്ന ആശങ്കയും വളരുന്നുണ്ട്. ഭാരമേറിയ വാഹനങ്ങളുടെ ട്രാഫിക് താങ്ങാൻ റോഡിനാകുമോയെന്നാണ് സംശയം. ഈ റോഡുകളുടെ ശേഷി പരിശോധിച്ച്‌ ആവശ്യമായ മെച്ചപ്പെടുത്തല്‍ വരുത്തിയ ശേഷമേ വഴിതിരിച്ചുവിടാവൂ എന്നാണ് പല യാത്രക്കാരും അഭിപ്രായപ്പെടുന്നത്.കൂടാതെ എയർപോർട്ട് റോഡിന് താല്‍ക്കാലിക ബദല്‍ ആയി ചൂണ്ടിക്കാട്ടുന്ന റോഡുകളില്‍ ഭൂരിഭാഗത്തിലും നമ്മ മെട്രോയുടെ ബ്ലൂലൈൻ നിർമ്മാണ പ്രവൃത്തികള്‍ നടക്കുകയാണ്. ഈ പദ്ധതിയും വൈകിയോടുകയാണ്. ഇതിനകം തിരക്കുമൂലം തടസ്സപ്പെട്ട ഈ റോഡുകളിലേക്ക് കൂടുതല്‍ വാഹനങ്ങള്‍ എത്തുന്നതോടെ വൻ ഗതാഗത സ്തംഭനം ഉണ്ടാകാൻ സാധ്യതയുണ്ട്.ഇതിനെല്ലാം പുറമെയാണ് കുടിവെള്ളം, കേബിള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി റോഡുകളില്‍ നടത്തിക്കൊണ്ടിരിക്കുന്ന കുഴിക്കലുകള്‍.

ഈ ജോലികള്‍ മൂലം ബദല്‍ റോഡുകളുടെ അവസ്ഥ കൂടുതല്‍ മോശമായിരിക്കുകയാണ്. ചില റൂട്ടുകളില്‍ റോഡ് റീ-സർഫേസിങ് പ്രവൃത്തികള്‍ നടക്കുന്നുണ്ട്. ഇക്കാരണത്താല്‍ വാഹനങ്ങള്‍ ഗതാഗതം വളരെ സാവധാനത്തിലാണ്. പോലീസ് നിർദ്ദേശിച്ച ബദല്‍ റൂട്ടുകളെല്ലാം തന്നെ കടുത്ത ഗതാഗതക്കുരുക്ക് നേരിടുന്നവയാണ്. നൂറുകണക്കിന് പുതിയ വാഹനങ്ങള്‍ കൂടി എത്തുന്നതോടെ ഈ വഴികള്‍ വലിയ ട്രാഫിക് സ്തംഭനങ്ങളാണ് കാണാനിരിക്കുന്നത്.പൊതുവെ ട്രാഫിക് കുരുക്കുകള്‍ക്ക് കുപ്രസിദ്ധമായ ബെംഗളൂരു നഗരത്തെ കൂടുതല്‍ പ്രയാസത്തിലാക്കാൻ ഈ പുതിയ നിർമാണ പ്രവർത്തനം കാരണമായേക്കും എന്ന ആശങ്ക ഉയരുമ്പോഴും നഗര അധികാരികള്‍ അതിനെ നേരിട്ട് അഭിസംബോധന ചെയ്യാൻ മടിക്കുകയാണ്. 18 മാസത്തിനുള്ളില്‍ കൃത്യമായി ജോലികള്‍ പൂർത്തീകരിക്കുമെന്ന് വാക്ക് നല്‍കാൻ നേതാക്കളും തയ്യാറാകുന്നില്ല.

You may also like

error: Content is protected !!
Join Our WhatsApp Group