ബെംഗളൂരുവില്‍ ഡ്യൂട്ടിക്കിടെ മദ്യലഹരിയിലായിരുന്നുവെന്ന ആരോപണവും പൊതുജനങ്ങളോട് മോശമായി പെരുമാറിയെന്ന പരാതിയും ഉയർന്നതിനെ തുടർന്ന് അസിസ്റ്റന്റ് റിസർവ് സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു.സിറ്റി ആംഡ് റിസർവ് വെസ്റ്റേണ്‍ സ്ക്വാഡിലെ ഗോപാല്‍ ബി. റാത്തോഡിനെയാണ് വകുപ്പുതല അന്വേഷണത്തിന് വിധേയമായി സസ്പെൻഡ് ചെയ്തത്.അന്നപൂർണേശ്വരി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ആശുപത്രിക്ക് സമീപം ബന്ദോബസ്ത് ഡ്യൂട്ടിയിലിരിക്കെയാണ് സംഭവം.
അവിടെ തടിച്ചുകൂടിയിരുന്ന ചിലർ ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തില്‍ സംശയം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. തുടർന്ന് വാക്കേറ്റമുണ്ടായെന്നും സംഭവത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നും വാർത്തകളുണ്ട്.സംഭവത്തില്‍ അന്വേഷണം നടത്താൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ നിർദേശം നല്കി. ഡ്യൂട്ടിക്കിടെ അച്ചടക്കലംഘനം നടത്തിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സസ്പെൻഷൻ. ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ വകുപ്പുതല അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്.