അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബാച്ചിലർ പാർട്ടി Deux’-ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. നസ്ലിൻ അവതരിപ്പിക്കുന്ന സോണി, ഹൻസിക കൃഷ്കുമാർ അവതരിപ്പിക്കുന്ന കരോൾ എന്നീ കഥാപാത്രങ്ങൾ ഒന്നിച്ചുള്ള സ്റ്റൈലിഷ് പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ചിത്രം നവംബർ 19ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.ടൊവിനോ തോമസ്, നസ്ലിൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാർ, ഷൈൻ ടോം ചാക്കോ, നാദിയ മൊയ്തു, രജിഷ വിജയൻ, ജ്യോതിർമയി, ഹൻസിക, പാരിസ് ലക്ഷ്മി തുടങ്ങിയവരുടെ ക്യാരക്ടർ പോസ്റ്ററുകൾ നേരത്തേ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.2012ൽ പുറത്തിറങ്ങി കൾട്ട് ക്ലാസിക് പദവി നേടിയ ‘ബാച്ചിലർ പാർട്ടി’യുടെ രണ്ടാം ഭാഗമാണ് ചിത്രം.
14 വർഷങ്ങൾക്കുശേഷം എത്തുന്ന രണ്ടാം ഭാഗം തികച്ചും പുതിയ തലമുറയുടെ, അതായത് ‘ജെൻ-സി’ വൈബിലാണ് ഒരുക്കിയിരിക്കുന്നത്. ഫ്രഞ്ച് ഭാഷയിൽ ‘രണ്ട്’ എന്നർഥമുള്ള ‘Deux’ എന്ന പേരും ചിത്രത്തിന്റെ പ്രത്യേകതയാണ്. ‘അവരുടെ’ അല്ലെങ്കിൽ ‘അവരെക്കുറിച്ച്’ എന്ന അർഥവും ഈ വാക്കിനുണ്ട്. റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് സിനിമാപ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷ സൃഷ്ടിച്ചിരുന്നു.അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. അപ്പു പ്രഭാകറാണ് ഛായാഗ്രഹണം. വിവേക് ഹർഷൻ എഡിറ്റിംഗും ക്രിസ്റ്റോ സേവ്യർ സംഗീതവും നിർവഹിക്കുന്നു. ഉണ്ണി ആർ. സംഭാഷണവും തപസ് നായക് സൗണ്ട് ഡിസൈനും നിർവഹിക്കുന്നു. റഫീഖ് അഹമ്മദും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കൾ.ജോസഫ് നെല്ലിക്കലാണ് പ്രൊഡക്ഷൻ ഡിസൈൻ. മഷർ ഹംസ വസ്ത്രാലങ്കാരവും റോണക്സ് സേവ്യർ മേക്കപ്പും നിർവഹിക്കുന്നു. ആതിര ദിൽജിത്താണ് പി.ആർ.ഒ.