Home തിരഞ്ഞെടുത്ത വാർത്തകൾ എസ്.ഐ.ആർ വിരുദ്ധ സമരം: കോടതിയിൽ മാപ്പുപറഞ്ഞ് നടൻ ഇമ്രാൻ ഖാൻ

എസ്.ഐ.ആർ വിരുദ്ധ സമരം: കോടതിയിൽ മാപ്പുപറഞ്ഞ് നടൻ ഇമ്രാൻ ഖാൻ

മുംബൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ നടത്തിയ പ്രകോപനപരമായ ഇടപെടലുകളിൽ ബോംബെ ഹൈക്കോടതിയിൽ മാപ്പുപറഞ്ഞ് നടൻ ഇമ്രാൻ ഖാൻ. സത്യവാങ്മൂലത്തിലൂടെയാണ് അദ്ദേഹം മാപ്പ് അറിയിച്ചത്. ഭാവിയിൽ ഇത്തരം പ്രതിഷേധങ്ങളിൽ പങ്കെടുക്കില്ലെന്നും കോടതിക്ക് ഉറപ്പുനൽകി.അമേരിക്കൻ പൗരനും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാർഡ് ഉടമയുമായ ഇമ്രാന് ഇന്ത്യയിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ അവകാശമില്ലെന്ന് കോടതി വിമർശിച്ചു.

ഗ്യാനേഷ് കുമാറിനെതിരെ സി.ജെ.പി നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്ന് ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ പ്രാദേശിക രജിസ്ട്രേഷൻ ഓഫീസ് (എഫ്.ആർ.ആർ.ഒ) നൽകിയ നോട്ടീസിനെതിരെ ഇമ്രാൻ സമർപ്പിച്ച ഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം.ഒ.സി.ഐ കാർഡുള്ളവരെയും ഇന്ത്യൻ പൗരന്മാരെയും ഒരുപോലെ കാണാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഇന്ത്യയിലാണ് ചെലവഴിച്ചതെന്നും അമേരിക്കയിൽ ജനിച്ചതുകൊണ്ടാണ് അവിടുത്തെ പൗരത്വമുള്ളതെന്നും ഇമ്രാൻ കോടതിയിൽ വിശദീകരിച്ചു.

എന്നാൽ, ഒരു ഇന്ത്യൻ പൗരൻ മറ്റൊരു രാജ്യത്ത് സമാനമായ രീതിയിൽ പ്രതിഷേധിച്ചാൽ ആ രാജ്യത്തുനിന്ന് ഉടൻ ഇന്ത്യയിലേക്ക് തിരിച്ചയക്കപ്പെടുമെന്ന് കോടതി നിരീക്ഷിച്ചു.ഇമ്രാൻ മാപ്പുപറഞ്ഞ പശ്ചാത്തലത്തിൽ വാദം കേൾക്കാൻ കോടതി കൂടുതൽ സമയം അനുവദിച്ചു. ഹർജിയിൽ അടുത്ത ശനിയാഴ്ച വീണ്ടും വാദം കേൾക്കും. അതുവരെ ഇമ്രാൻ ഖാൻ രാജ്യം വിടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ഒക്ടോബർ 10ന് മുംബൈയിൽ നടന്ന സി.ജെ.പി പ്രതിഷേധത്തിലാണ് നടൻ പങ്കെടുത്തത്.

You may also like

error: Content is protected !!
Join Our WhatsApp Group