തിരൂർ: മോട്ടോർ ഷോയില്‍ പങ്കെടുത്ത 18 തീതുപ്പും വാഹനങ്ങള്‍ക്ക് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടു. കല്പകഞ്ചേരി കുറുക്കോളില്‍ സ്വകാര്യ ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.40 വാഹനങ്ങള്‍ പങ്കെടുത്തു. ഓപ്പറേഷൻ തൂഫാന്റെ പ്രചാരണത്തിനായി വൈലത്തൂരിലെ യുവകൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കുറുക്കോളി മൊയ്തീൻ എം.എല്‍.എയാണ് ഉദ്ഘാടനം ചെയ്തത്. നിയമവിരുദ്ധ മോഡിഫിക്കേഷൻ നടത്തിയ വാഹനങ്ങളാണ് ഷോയില്‍ കൂടുതലും അണിനിരന്നത്.15 ആഡംബര വാഹനങ്ങള്‍ അന്യസംസ്ഥാന രജിസ്‌ട്രേഷനുണ്ടായിരുന്നു.
മറ്റു ചിലതിന് നമ്പറുണ്ടായിരുന്നില്ല. പത്തിലധികം കാറുകള്‍ക്ക് പുക പരിശോധനാ സർട്ടിഫിക്കറ്റുമില്ലായിരുന്നു. ഓഡിറ്റോറിയത്തില്‍ നടത്തേണ്ട പരിപാടി റോഡിലാക്കിയതിന് എതിരെ നാട്ടുകാർ പരാതിപ്പെട്ടതോടെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടപടിയെടുത്തത്. കൂടുതല്‍ വാഹനങ്ങള്‍ക്കെതിരെ നടപടിക്ക് സാദ്ധ്യതയുണ്ട്. ഓപ്പറേഷൻ തൂഫാന്റെ പ്രചാരണത്തിനായുള്ള മോട്ടോർ വാഹന പ്രദർശനം ഉദ്ഘാടനം ചെയ്യാനാണ് പോയതെന്ന് കുറുക്കോളി മൊയ്തീൻ എം.എല്‍.എ പറഞ്ഞു. നിയമലംഘനം നടന്നെങ്കില്‍ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.