ചെന്നൈ: എസ്‌ഐആറിനെതിരായ ടിവികെ നിലപാടുകളില്‍ വൈരുധ്യം എന്ന വിമർശനം ശക്തമാകുന്നു. എസ്‌ഐആറിനെ എതിർക്കുന്നുവെന്ന് പറയുകയും, പ്രതിഷേധങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്ന സമീപനം ഇരട്ടത്താപ്പാണെന്ന് ഇന്ത്യ സഖ്യ പാർട്ടികള്‍ വിമർശിക്കുന്നു.വിഷയത്തില്‍ വിജയ് പരസ്യ പ്രസ്താവനകള്‍ക്ക് മടിക്കുന്നതും ആശയക്കുഴപ്പം വർധിപ്പിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ തോളില്‍ കയ്യിടുകയും, നരേന്ദ്ര മോദിയെ പിണക്കാതെ ചേർത്തുപിടിക്കുകയും ചെയ്യുന്ന ട്രപ്പീസ് കളിയാണ് ടിവികെ അധ്യക്ഷൻ സി. ജോസഫ് വിജയ് നടത്തുന്നതെന്നാണ് വിമർശനം.
കോണ്‍ഗ്രസിന്‍റെ സമ്മർദ്ദത്തിനൊടുവില്‍ തമിഴ്നാട്ടിലെ ഇന്ത്യ സഖ്യ യോഗത്തില്‍ പങ്കെടുത്ത ടിവികെ, ഗ്യാനേഷ് കുമാറിന്ർറെ രാജി ആവശ്യപ്പെട്ട് ഈ മാസം 15ന് നടന്ന പ്രതിഷേധത്തിലേക്ക് വിദ്യാഭ്യാസ മന്ത്രി രാജ്മോഹനെ അയച്ചിരുന്നു. എന്നാല്‍ ടിവികെ പ്രവർത്തകരുടെ എണ്ണം വിരലിലൊതുങ്ങി. വോട്ടർ പട്ടിക ചർച്ച ചെയ്യാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ചെന്നൈയില്‍ വിളിച്ച യോഗം ഇന്ത്യ സഖ്യ പാർട്ടികള്‍ക്കൊപ്പം ടിവികെയും ബഹിഷ്കരിച്ചു. എന്നാല്‍ രാഹുല്‍ വിജയ് കൂടിക്കാഴ്ചയ്ക്ക് ശേഷവും ദില്ലിയിലെ പ്രതിഷേധങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുകയാണ് ടിവികെ.
വിവിധ വിദ്യാർത്ഥി സംഘടനകള്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയപ്പോഴെല്ലാം ദില്ലി പൊലീസിന്ർറെ മാതൃകയില്‍ തമിഴ്നാട് പൊലീസ് പെരുമാറിയെന്നും ഇന്ത്യ സഖ്യ പാർട്ടികള്‍ വിമർശിക്കുന്നു. എസ്‌ഐആർ നടപടികള്‍ തുടങ്ങിയതിന് ശേഷം വോട്ടുചോരി ആരോപണം ഉയർന്ന സംസ്ഥാനങ്ങളിലെ എല്ലാം നിയമസഭ പിരിച്ചുവിടണമെന്നാണ് ഇന്ത്യ സഖ്യത്തിന്ർറെ ആവശ്യം. എന്നാല്‍ തമിഴ്നാടിനെ കൂടി ബാധിക്കുന്ന ഈ നിലപാട് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത് കൂടിയാലോചനകള്‍ ഇല്ലാതെയാണെന്നും, വിജയ് സർക്കാരും പുറത്തുപോകേണ്ടിവരില്ലേ എന്നുമാണ് ടിവികെ നേതാക്കള്‍ ചോദിക്കുന്നത്.