Home തിരഞ്ഞെടുത്ത വാർത്തകൾ കുട്ടികളെ സ്നേഹിക്കണം പക്ഷേ, തിരുത്താൻ മടിക്കരുത്!

കുട്ടികളെ സ്നേഹിക്കണം പക്ഷേ, തിരുത്താൻ മടിക്കരുത്!

അവകാശങ്ങള്‍ക്കൊപ്പം ഉത്തരവാദിത്വവും പഠിപ്പിക്കേണ്ടത് വീടും വിദ്യാലയവും ചേർന്നാണ്: സംസ്ഥാന ബാലാവകാശ കമ്മിഷന്റെ നിർണായക ഉത്തരവ്.നേരംപോക്കിന്റെയും അമിത സ്വാതന്ത്ര്യത്തിന്റെയും പേരില്‍ കുട്ടികള്‍ അപകടങ്ങളിലേക്ക് വഴുതിവീഴുമ്പോള്‍, അവരെ തിരിച്ചു കൊണ്ടുവരാൻ മുതിർന്നവർക്ക് കഴിയുന്നുണ്ടോ? ഈ ചോദ്യം പലവിധ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിരന്തരമായി നമുക്കിടയില്‍ ഉയർന്നുതുടങ്ങിയിട്ട് ചില വർഷങ്ങളായി.സ്കൂളുകളുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങള്‍, അതിക്രമ സംഭവങ്ങള്‍, ലഹരി ഉപയോഗം, കൊച്ചുകുട്ടികള്‍പോലും ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ തുടങ്ങിയ പല സാഹചര്യങ്ങളിലും ഇത്തരം ചർച്ചകള്‍ നമുക്കിടയില്‍ നടക്കുന്നു. അതേസമയം, കുട്ടികളുടെ ചില സ്വാതന്ത്ര്യങ്ങള്‍ നിഷേധിച്ചു, കുട്ടികള്‍ക്കെതിരേ അച്ചടക്ക നടപടികള്‍ സ്വീകരിച്ചു തുടങ്ങിയ ആരോപണങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയും സ്കൂളുകളും അധ്യാപകരും പ്രതിക്കൂട്ടിലാവുകയും ചെയ്ത സംഭവങ്ങളും വിരളമല്ല.

ഈ പശ്ചാത്തലത്തിലാണ് ബാലാവകാശ കമ്മിഷന്റെ ഉത്തരവ് പ്രസക്തമാകുന്നത്.കുട്ടികള്‍ക്കിടയില്‍ വർധിച്ചുവരുന്ന ലഹരി ഉപയോഗം, അശ്ലീല ഉള്ളടക്കങ്ങളോടുള്ള അമിതമായ താത്പര്യം, ചൂഷണസാധ്യതയുള്ള ബന്ധങ്ങള്‍, മൊബൈല്‍ ഫോണ്‍-സാമൂഹിക മാധ്യമ അടിമത്തം തുടങ്ങിയവ നമ്മുടെ വീടുകളിലും വിദ്യാലയങ്ങളിലും സമൂഹത്തില്‍ പൊതുവെയും ഗൗരവമായ ആശങ്ക ഉയർത്തുന്ന വിഷയങ്ങളാണ്. എന്നാല്‍, അപകടങ്ങള്‍ പലപ്പോഴും തിരിച്ചറിയപ്പെടുന്നത് പ്രശ്നം കൈവിട്ടുപോകുമ്പോഴാണ്. കുട്ടികളെ കണ്ണടച്ച്‌ വിശ്വസിക്കുന്നതും അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകുമെന്ന ഭയത്തില്‍ ആവശ്യമായ നിരീക്ഷണം പോലും ഒഴിവാക്കുന്നതും അതീവ ദോഷകരമാണ്.ബാലാവകാശ കമ്മിഷന്റെ നിർണായക ഉത്തരവ്കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ 23ന് പുറപ്പെടുവിച്ച ഉത്തരവ് ഈ പശ്ചാത്തലത്തില്‍ ഗൗരവമായ ചർച്ച അർഹിക്കുന്നു. സ്കൂളുകളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം, ലഹരിവസ്തുക്കള്‍ തടയുന്നതിനുള്ള പരിശോധന, യൂണിഫോം-അച്ചടക്ക വ്യവസ്ഥകള്‍, അധ്യാപകരുടെ ഉത്തരവാദിത്വം തുടങ്ങിയ വിഷയങ്ങള്‍ പരിഗണിച്ച കമ്മിഷൻ, കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമ്പോള്‍ മാതാപിതാക്കളും അധ്യാപകരും തങ്ങളുടെ കടമകള്‍ വിസ്മരിക്കരുതെന്ന് ഓർമിപ്പിക്കുന്നു.സ്കൂള്‍സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഗുരുതരമായ അച്ചടക്കലംഘനമായി കാണണമെന്നും, എന്നാല്‍, പ്രത്യേക സാഹചര്യങ്ങളില്‍ രക്ഷിതാക്കളുടെ അറിവോടെ കൊണ്ടുവരുന്ന ഫോണുകള്‍ ഓഫാക്കി സൂക്ഷിക്കാൻ സ്കൂള്‍ അധികൃതർ സൗകര്യമൊരുക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. അതേസമയം, സ്കൂളിലെ മൊബൈല്‍ ഉപയോഗം ഗുരുതരമായ അച്ചടക്ക ലംഘനമായി പരിഗണിച്ച്‌ നടപടികള്‍ സ്വീകരിക്കണം.

കുട്ടികളുടെ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം അവരില്‍ ഗുരുതരമായ മാനസിക, ശാരീരിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നെന്ന നിരീക്ഷണവും ബാലവകാശ കമ്മീഷൻ വ്യക്തമാക്കുന്നുണ്ട്. ഈ വിഷയം മാതാപിതാക്കളുടെ അടിയന്തര ശ്രദ്ധയർഹിക്കുന്നുണ്ട്.ലഹരിപദാർഥങ്ങള്‍ ഉള്‍പ്പടെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ കണ്ടെത്തുന്നതിനുള്ള പരിശോധന അധ്യാപകർ കൃത്യമായി നടത്തണമെന്നും, എന്നാല്‍ അത് കുട്ടികളുടെ അന്തസിനും അഭിമാനത്തിനും മുറിവേല്‍ക്കാത്ത രീതിയില്‍ ആയിരിക്കണമെന്നും ഉത്തരവില്‍ നിർദേശിക്കുന്നു. കുട്ടികളെ അപമാനിക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ ക്ലാസില്‍നിന്ന് പുറത്താക്കുകയോ വിദ്യാഭ്യാസാവകാശം നിഷേധിക്കുകയോ ചെയ്യാതെ, നിയമാനുസൃതമായ അച്ചടക്കനടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവ് നിഷ്കർഷിക്കുന്നു.തിരുത്തലുകളും രക്ഷിതാക്കളുടെ പങ്കുംഇവിടെ പ്രസക്തമായ ചോദ്യം ഇതാണ്: കുട്ടികളില്‍ ഉത്തരവാദിത്വബോധവും അച്ചടക്കവും വളർത്താൻ ശ്രമിക്കുന്ന അധ്യാപകർക്ക് ആവശ്യമായ പിന്തുണ ലഭിക്കുന്നുണ്ടോ? സ്കൂളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം തടയുകയോ അച്ചടക്കലംഘനം ചോദ്യം ചെയ്യുകയോ ചെയ്യുമ്പോള്‍ ചില രക്ഷിതാക്കള്‍ അധ്യാപകർക്കെതിരേ രംഗത്തുവരുന്ന സാഹചര്യങ്ങള്‍ അധ്യാപകരെ സമ്മർദത്തിലാക്കുന്നു. കുട്ടികളുടെ ഓരോ പ്രവൃത്തിയെയും ന്യായീകരിക്കുകയും തിരുത്തലുകള്‍ക്കെല്ലാം എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്ന രക്ഷാകർതൃ സമീപനം കുട്ടികളുടെ ദീർഘകാല താത്പര്യങ്ങള്‍ക്ക് സഹായകരമല്ല.

സ്നേഹം എന്നത് തെറ്റുകള്‍ക്കും അച്ചടക്കലംഘനങ്ങള്‍ക്കും സംരക്ഷണകവചം തീർക്കലല്ല;

തെറ്റുകളില്‍നിന്ന് അകന്നുനില്‍ക്കാൻ കുട്ടികളെ സഹായിക്കലാണ്.

കുട്ടികള്‍ക്ക് ആവശ്യമായ സ്വാതന്ത്ര്യം വേണം;

എന്നാല്‍, അതിനൊപ്പം അതിരുകളും ഉത്തരവാദിത്വങ്ങളും തിരിച്ചറിയാനുള്ള വിവേകവും അവരില്‍ രൂപപ്പെടണം. അവരുടെ സുഹൃദ്ബന്ധങ്ങള്‍, ഓണ്‍ലൈൻ ഇടപെടലുകള്‍, ഉറക്കശീലങ്ങള്‍, മൊബൈല്‍ ഉപയോഗം, പെരുമാറ്റത്തിലെ പെട്ടെന്നുള്ള മാറ്റങ്ങള്‍ എന്നിവയെക്കുറിച്ച്‌ മാതാപിതാക്കള്‍ ജാഗ്രത പുലർത്തണം. കുറ്റപ്പെടുത്തലിനു പകരം തുറന്ന സംഭാഷണവും വിശ്വാസവും വളർത്തണം. പ്രശ്നങ്ങളില്‍ അകപ്പെട്ടാല്‍ ശിക്ഷിക്കപ്പെടുമെന്ന ഭയംകൊണ്ട് കുട്ടികള്‍ നിശബ്ദരാകുന്ന സാഹചര്യം ഒഴിവാക്കണം.അതേസമയം, അച്ചടക്കം നടപ്പാക്കുന്നത് അപമാനത്തിലൂടെയോ ഭീഷണിയിലൂടെയോ ശാരീരിക-മാനസിക പീഡനത്തിലൂടെയോ ആകരുത്. കുട്ടികളുടെ മാനസികാരോഗ്യപ്രശ്നങ്ങളെ അവഗണിക്കുന്നതും ആത്മഹത്യാഭീഷണികളെയും മറ്റും നിസാരമായി കാണുന്നതും അപകടകരമാണ്. ആത്മഹത്യയിലേക്കു നയിക്കുന്ന കാരണങ്ങള്‍ സങ്കീർണമായതിനാല്‍, അത്തരം സംഭവങ്ങളുടെ ഉത്തരവാദിത്വം അന്വേഷണങ്ങളില്ലാതെ അധ്യാപകരിലോ രക്ഷിതാക്കളിലോ മാത്രം ആരോപിക്കുന്നതും ശരിയല്ല. കുട്ടികളുടെ മാനസികാവസ്ഥ തിരിച്ചറിയാനും ആവശ്യമായ കൗണ്‍സലിംഗും വിദഗ്ധസഹായവും ലഭ്യമാക്കാനും വീടും വിദ്യാലയവും ആരോഗ്യസംവിധാനങ്ങളും കൈകോർക്കണം.

യഥാർഥ വിദ്യാഭ്യാസവും കൂട്ടുത്തരവാദിത്വവുംകുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം;

അതുപോലെ അവരുടെ സുരക്ഷയും സ്വഭാവരൂപീകരണവും സാമൂഹിക ഉത്തരവാദിത്വബോധവും ഉറപ്പാക്കപ്പെടണം. കുട്ടികള്‍ക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കുന്നതല്ല പുരോഗമനപരമായ രക്ഷാകർതൃത്വം. ശരിയും തെറ്റും തിരിച്ചറിയാനും തെറ്റുകളുടെ പ്രത്യാഘാതങ്ങള്‍ മനസിലാക്കാനും ഉത്തരവാദിത്വത്തോടെ തീരുമാനങ്ങളെടുക്കാനും അവരെ പ്രാപ്തരാക്കുന്നതാണ് യഥാർഥ വിദ്യാഭ്യാസം.കുട്ടികളെ സ്നേഹിക്കണം, വിശ്വസിക്കണം, കേള്‍ക്കണം; ആവശ്യമുള്ളപ്പോള്‍ തിരുത്തുകയും വേണം. തിരുത്താനുള്ള അവകാശവും ഉത്തരവാദിത്വവും നഷ്ടപ്പെട്ടാല്‍ വീടും വിദ്യാലയവും കുട്ടികളുടെ വളർച്ചയില്‍ നിർണായകമായ പങ്ക് നിർവഹിക്കാൻ കഴിയുന്ന സംവിധാനങ്ങളല്ലാതാകും.

കുട്ടികളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം അധ്യാപകരുടേതു മാത്രമല്ല;

അത് കുടുംബവും വിദ്യാലയവും സമൂഹവും സർക്കാരും ഒരുപോലെ ഏറ്റെടുക്കേണ്ട കൂട്ടുത്തരവാദിത്വമാണ്.ഇത്തരത്തില്‍, കുട്ടികളുടെ അവകാശങ്ങളെയും സ്വഭാവരൂപീകരണത്തെയും ഒപ്പം, മാതാപിതാക്കളുടെയും അധ്യാപകരുടെയും ഉത്തരവാദിത്വങ്ങളെയും പരിഗണിച്ചുകൊണ്ട് കാലാനുസൃതമായ നിർദേശങ്ങള്‍ നല്‍കിയ സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഇടപെടല്‍ ശ്ലാഘനീയമാണ്. തിരിച്ചറിയപ്പെടാതെപോകുന്ന പ്രതിസന്ധികളില്‍ അകപ്പെടുന്ന അനേകം കുട്ടികളുടെ സുരക്ഷയും തിരിച്ചുവരവും ലക്ഷ്യമാക്കി ഉത്തരവാദിത്വപൂർണമായ നടപടികള്‍ സ്വീകരിക്കാൻ സർക്കാർ സംവിധാനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും ഈ ഉത്തരവ് ദിശാബോധം നല്‍കിയേക്കും.

You may also like

error: Content is protected !!
Join Our WhatsApp Group