Home കർണാടക ബെംഗളൂരു എയര്‍പോര്‍ട്ടിലേക്ക് ഇനി ബ്ലോക്കില്ലാതെ എത്താം; സദാഹള്ളി ജംഗ്ഷനില്‍ മേല്‍പ്പാലം വരുന്നു

ബെംഗളൂരു എയര്‍പോര്‍ട്ടിലേക്ക് ഇനി ബ്ലോക്കില്ലാതെ എത്താം; സദാഹള്ളി ജംഗ്ഷനില്‍ മേല്‍പ്പാലം വരുന്നു

ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന ബല്ലാരി റോഡിലെ പ്രധാന പാതയിലുള്ള അവസാനത്തെ ട്രാഫിക് സിഗ്‌നല്‍ ഒഴിവാക്കുന്നതിനായി, സദാഹള്ളി ജംഗ്ഷനില്‍ നാഷണല്‍ ഹൈവേ അതോറിറ്റി അണ്ടര്‍പാസ് നിര്‍മ്മാണം ആരംഭിച്ചു.35 കോടി രൂപ ചെലവിലാണ് 750 മീറ്റര്‍ നീളവും ആറ് വരികളുമുള്ള ഈ അണ്ടര്‍പാസ് നാഷണല്‍ ഹൈവേ അതോറിറ്റി നിര്‍മ്മിക്കുന്നത്.2027-ന്റെ മധ്യത്തോടെ പദ്ധതി പൂര്‍ത്തിയാകുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു. ജംഗ്ഷനില്‍ ഇതുവരെ ഗതാഗത നിയന്ത്രണങ്ങളോ വഴിതിരിച്ചുവിടലുകളോ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. അതേസമയം ഗതാഗത നിയന്ത്രണങ്ങള്‍ക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ബെംഗളൂരു ട്രാഫിക് പൊലീസ് അനുമതി നല്‍കിയതായി നാഷണല്‍ ഹൈവേ അതോറിറ്റി അറിയിച്ചു.

വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങള്‍ക്ക് പുറമെ, സദാഹള്ളിയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും നഗരത്തിലേക്കോ ദേവനഹള്ളിയിലേക്കോ പോകുന്നവര്‍ക്കും ജംഗ്ഷനിലെ ഓവര്‍പാസ് ഉപയോഗിക്കാനാകും. ആന്ധ്രാപ്രദേശിലേക്കുമുള്ള ഗതാഗത ഒഴുക്കും യാത്രാസൗകര്യവും ഇത് മെച്ചപ്പെടുത്തും. കനത്ത ഗതാഗത തിരക്ക് കണക്കിലെടുത്ത് നാഷണല്‍ ഹൈവേ അതോറിറ്റി ഘട്ടംഘട്ടമായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.കാലാവസ്ഥയും ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളും അനുകൂലമാണെങ്കില്‍ 2027-ന്റെ മധ്യത്തോടെ പദ്ധതി പൂര്‍ത്തിയാകുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി കൂട്ടിച്ചേര്‍ത്തു.

വിദ്യ ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിനാണ് പദ്ധതിയുടെ നിര്‍മാണ ചുമതല നല്‍കിയിരിക്കുന്നത്. വഴിതിരിച്ചുവിടുന്ന ഗതാഗതം സുഗമമാക്കുന്നതിനായി സര്‍വീസ് റോഡ് വീതികൂട്ടുന്നതും ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതും ഉള്‍പ്പെടെയുള്ള പ്രാഥമിക ജോലികള്‍ കരാറുകാര്‍ ഇതിനകം പൂര്‍ത്തിയാക്കി.ഡ്രെയിനേജ്, മീഡിയന്‍, ലാന്‍ഡ്സ്‌കേപ്പിംഗ് എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ബെംഗളൂരുവിലേക്കുള്ള പ്രവേശന കവാടമായ സദഹള്ളി ഗേറ്റിനെ തടസങ്ങളില്ലാത്തതും മനോഹരവുമായ ഒന്നാക്കി മാറ്റാനാണ് പദ്ധതിയെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥന്‍ നേരത്തെ പറഞ്ഞിരുന്നു. നഗരത്തിലേക്ക് തിരിയുന്ന ഭാഗത്ത് സദഹള്ളി ടോള്‍ പ്ലാസയില്‍ നിന്ന് ഏകദേശം 500 മീറ്റര്‍ അകലെയായാണ് മേല്‍പ്പാലം നിര്‍മ്മിക്കുന്നത്.

22.12 കിലോമീറ്റര്‍ മാത്രമാണ് ടോള്‍ നല്‍കേണ്ട ദൂരമെങ്കിലും, വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള വാഹനങ്ങളുടെ സാന്നിധ്യം കാരണം ഈ ടോള്‍ പ്ലാസയില്‍ നിന്ന് പ്രതിദിനം 95 ലക്ഷം മുതല്‍ 1 കോടി രൂപ വരെ വരുമാനം ലഭിക്കുന്നുണ്ട്. പ്രതിദിനം ഏകദേശം ഒരു ലക്ഷം വാഹനങ്ങള്‍ കടന്നുപോകുന്ന ഇത് കര്‍ണാടകയിലെ ഏറ്റവും തിരക്കേറിയ ടോള്‍ പ്ലാസയാണിത്.നിര്‍മ്മാണ സമയത്ത് സദഹള്ളി ജംഗ്ഷന്‍ വഴി യാത്ര ചെയ്യുന്നവര്‍ക്ക് ഗതാഗതക്കുരുക്കും വഴിതിരിച്ചുവിടലുകളും നേരിടേണ്ടി വന്നേക്കാമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. യെലഹങ്കയിലെ ഇന്ത്യന്‍ എയര്‍ ഫോഴ്സ് സ്റ്റേഷന് സമീപമുള്ള സര്‍വീസ് റോഡിനായുള്ള ‘കട്ട്-ആന്‍ഡ്-കവര്‍’ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2027 ഫെബ്രുവരിയിലെ ‘എയ്റോ ഇന്ത്യ’ ഷോയ്ക്ക് ശേഷം ആരംഭിക്കുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി അറിയിച്ചു.

ഐ എ എഫ് മേഖലയ്ക്ക് സമീപമുള്ള സര്‍വീസ് റോഡ് നിര്‍മ്മാണം ഘട്ടംഘട്ടമായാണ് നടപ്പിലാക്കുന്നത്. ഐ എ എഫ് ഗേറ്റ് 1-നും 2-നും ഇടയിലുള്ള ആദ്യ 240 മീറ്റര്‍ ഭാഗവും അനുബന്ധ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്ന ഒന്നാം ഘട്ടം ഇതിനകം പൂര്‍ത്തിയായി. ഗേറ്റ് 2-നും 3-നും ഇടയിലുള്ള ഭാഗം ഉള്‍പ്പെടുന്ന രണ്ടാം ഘട്ടം പുരോഗമിക്കുകയാണ്. ഇത് 2026 ഡിസംബറോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.ഗേറ്റ് 5-നും 6-നും ഇടയിലുള്ള ഡൊമസ്റ്റിക് ഭാഗത്തെ സര്‍വീസ് റോഡിന്റെ നിര്‍മ്മാണം, തടസങ്ങളില്ലാത്ത ഭൂമി ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ കൈമാറിയതിന് ശേഷമേ ആരംഭിക്കൂ.

You may also like

error: Content is protected !!
Join Our WhatsApp Group