Home കർണാടക ബെംഗളൂരു മെട്രോ ബ്ലൂ ലൈൻ; യാത്രക്കാര്‍ ഇനിയും കാത്തിരിക്കണം, സമയ പരിധി 2028 മാര്‍ച്ചിലേക്ക് നീട്ടി

ബെംഗളൂരു മെട്രോ ബ്ലൂ ലൈൻ; യാത്രക്കാര്‍ ഇനിയും കാത്തിരിക്കണം, സമയ പരിധി 2028 മാര്‍ച്ചിലേക്ക് നീട്ടി

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്ന ബ്ലൂ ലൈൻ മെട്രോ പാതയുടെ പൂർണ പ്രവർത്തനം വീണ്ടും വൈകുന്നു.സെൻട്രല്‍ സില്‍ക്ക് ബോർഡില്‍ നിന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ബന്ധിപ്പിക്കുന്ന 58 കിലോമീറ്റർ പാത 2028 മാർച്ചോടെ മാത്രമേ പൂർണമായി പ്രവർത്തനസജ്ജമാകൂ എന്നാണ് പുതിയ സമയക്രമം. നേരത്തെ 2027 ഡിസംബറിനകം പാതയുടെ നിർമാണം പൂർത്തിയാക്കി സർവീസ് ആരംഭിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.മൂന്ന് ഘട്ടങ്ങളിലായാണ് സർവീസ് ആരംഭിക്കുക.സെൻട്രല്‍ സില്‍ക്ക് ബോർഡ് മുതല്‍ കെആർ പുരം വരെയുള്ള ഭാഗത്താണ് ആദ്യം സർവീസ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്.

ഈ പാതയിലെ നിർമ്മാണം പുരോഗമിക്കുകയാണ്. ഈ വർഷം ഒക്ടോബറില്‍ കെആർ പുരം മുതല്‍ ഇബ്ലൂർ വരെയുള്ള ഭാഗത്ത് പരീക്ഷണ ഓട്ടം ആരംഭിക്കാനാണ് ലക്ഷ്യം. ഇബ്ലൂർ മുതല്‍ സെൻട്രല്‍ സില്‍ക്ക് ബോർഡ് വരെയുള്ള ഭാഗത്തെ പരീക്ഷണ ഓട്ടം ഡിസംബറില്‍ നടത്താനാണ് പദ്ധതി.ഈ ഭാഗത്ത് 2027 പകുതിയോടെ യാത്രക്കാർക്കായി സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. രണ്ടാം ഘട്ടത്തില്‍ ഹെബ്ബാള്‍ മുതല്‍ വിമാനത്താവളം വരെയുള്ള ഭാഗം തുറക്കാനാണ് പദ്ധതി. 2027 സെപ്റ്റംബറോടെ ഈ ഭാഗത്ത് സർവീസ് ആരംഭിക്കുകയാണ് ലക്ഷ്യം. വിമാനത്താവളത്തിലേക്കുള്ള നേരിട്ടുള്ള മെട്രോ യാത്ര യാഥാർഥ്യമാകുന്നതോടെ നഗരത്തില്‍ നിന്ന് വിമാനത്താവളത്തിലേക്ക് ടാക്‌സിയെ ആശ്രയിക്കുന്ന യാത്രക്കാർക്ക് ചെലവ് കുറഞ്ഞ മറ്റൊരു യാത്രാമാർഗം ലഭിക്കും.ഔട്ടർ റിംഗ് റോഡിലെ പ്രധാന ഐടി സ്ഥാപനങ്ങള്‍ക്കും താമസമേഖലകള്‍ക്കും ഈ പാത പ്രയോജനപ്പെടും. കെആർ പുരം മുതല്‍ ഹെബ്ബാള്‍ വരെയുള്ള ഭാഗമാണ് നിർമ്മാണത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്നത്. ഈ ഭാഗത്തെ നാഗവാര ഉള്‍പ്പെടെയുള്ള മേഖലകളിലെ നിർമ്മാണം പൂർത്തിയാക്കാൻ 2027 ഡിസംബർ മുതല്‍ 2028 മാർച്ച്‌ വരെ സമയമെടുക്കുമെന്നാണ് കണക്കാക്കുന്നത്.

ഇതോടെയാണ് മുഴുവൻ പാതയും പ്രവർത്തനസജ്ജമാകുന്നതിനുള്ള സമയപരിധി നീണ്ടത്.ഹെബ്ബാള്‍ മുതല്‍ കെമ്പാപുര വരെയുള്ള ഭാഗത്ത് നാല് മെട്രോ പാതകള്‍ ഉള്‍ക്കൊള്ളാൻ കഴിയുന്ന ഉയർന്ന പാത നിർമ്മിക്കുന്നതും പ്രധാന വെല്ലുവിളിയാണ്. ഭാവിയില്‍ നിർമിക്കുന്ന ഓറഞ്ച് ലൈനുമായി ബ്ലൂ ലൈൻ ബന്ധിപ്പിക്കാനാണ് ഈ സൗകര്യം ഒരുക്കുന്നത്. തിരക്കേറിയ ഔട്ടർ റിംഗ് റോഡിലെ നിർമ്മാണം, ഗതാഗത നിയന്ത്രണങ്ങള്‍, നിർമാണാനുമതികള്‍ തുടങ്ങിയവയും പ്രവൃത്തികളുടെ വേഗത്തെ ബാധിക്കുന്നുണ്ട്.ബ്ലൂ ലൈൻ പൂർണമായി തുറക്കുന്നതോടെ നഗരത്തിലെ പ്രധാന സാങ്കേതിക സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന മേഖലകളില്‍ നിന്ന് വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള മെട്രോ യാത്ര സാധ്യമാകും. എന്നാല്‍ യാത്രക്കാർക്ക് മുഴുവൻ പാതയുടെയും സൗകര്യം ലഭിക്കാൻ 2028 മാർച്ച്‌ വരെ കാത്തിരിക്കേണ്ടിവരും. അതേസമയം, നിർമ്മാണം പൂർത്തിയാകുന്ന ഭാഗങ്ങളില്‍ ഘട്ടംഘട്ടമായി സർവീസ് ആരംഭിക്കാനാണ് ബിഎംആർസി ലക്ഷ്യമിടുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group