ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ വികസനം മുന്നില്‍ കണ്ട് ബെംഗളൂരുവിന് സമാനമായി നഗരങ്ങള്‍ വികസിപ്പിക്കുമെന്ന് ദിവസങ്ങള്‍ക്ക് മുൻപാണ് കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ അറിയിച്ചത്.മൈസൂരു, ബെലഗാവി, ഹുബ്ബള്ളി – ധാർവാഡ്, കലബുറഗി നഗരങ്ങള്‍ കേന്ദ്രീകരിച്ച് വികസനം ശക്തമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടാകുമ്പോഴും ബെംഗളൂരുവിനെ പോലും ഞെട്ടിച്ച് വികസനത്തിൻ്റെ കാര്യത്തില്‍ കുതിക്കുകയാണ് മംഗളൂരു എന്നാണ് റിപ്പോർട്ട്.ഇന്ത്യയിലുടനീളമുള്ള 233 നോണ്‍ – മെട്രോ നഗരങ്ങളില്‍ 68.4 സ്കോറുമായി മംഗളൂരു ഒന്നാം സ്ഥാനത്താണെന്നാണ് LEAP സിറ്റീസ് ഇൻഡക്സ് 2026 (LEAP Cities Index 2026) വ്യക്തമാക്കുന്നത്.

ഉത്പാദനം, വ്യാപാരം, ഹോസ്പിറ്റാലിറ്റി, ഗതാഗതം, ലോജിസ്റ്റിക്സ്, സാമ്പത്തിക സേവനങ്ങള്‍, നിർമാണം, മൂലധന രൂപീകരണം, ആരോഗ്യം, വിദ്യാഭ്യാസം, ജീവിത സാഹചര്യങ്ങള്‍ എന്നിവയുള്‍പ്പെടെ നഗര സാമ്പത്തിക പ്രവർത്തനത്തിന്റെ എട്ട് മാനങ്ങള്‍ സൂചിക വിവരിക്കുന്നുണ്ട്.മംഗളൂരുവിന്റെ നേട്ടം ഒരു മേഖലയെ കേന്ദ്രീകരിച്ചല്ല പുരോഗമിക്കുന്നതെന്നാണ് പ്രത്യേകത. വിദ്യാഭ്യാസം, വ്യാപാരം, ഹോസ്പിറ്റാലിറ്റി, സാമ്പത്തിക സേവനങ്ങള്‍ എന്നിവയില്‍ അസാധാരണമായ വളർച്ചയാണ് മംഗളൂരു കൈവരിക്കുന്നത്. ഗതാഗതം, ലോജിസ്റ്റിക്സ്, ഉത്പാദനം, ആരോഗ്യം, ജീവിത സാഹചര്യങ്ങള്‍ എന്നിവയിലും കുതിപ്പുണ്ട്. വിദ്യാഭ്യാസ സ്കോർ 89.7 ആണ്, രാജ്യത്തെ ഏറ്റവും ഉയർന്ന സ്കോറുകളില്‍ ഒന്നാണിത്. സംസ്ഥാനത്ത് സാമ്പത്തിക ശേഷിയുള്ള നിരവധി നഗരങ്ങളുണ്ട്. മൈസൂരു, ഉഡുപ്പി, ഹുബ്ബള്ളി – ധാർവാഡ്, ബെലഗാവി നഗരങ്ങള്‍ക്ക് വ്യത്യസ്തമായ സാമ്പത്തിക അവസരങ്ങളുമുണ്ട്.
മംഗളൂരുവിന്റെ ശക്തിയായ വാണിജ്യം, ധനകാര്യം, കണക്റ്റിവിറ്റി എന്നിവയ്ക്കൊപ്പം വിദ്യാഭ്യാസത്തിലും മനുഷ്യ മൂലധനത്തിലും പ്രാധാന്യമുണ്ട്. വിദ്യാഭ്യാസം, ടൂറിസം, സേവനങ്ങള്‍, സാങ്കേതികവിദ്യ എന്നിവ മൈസൂരുവിന് നേട്ടമാകുന്നുണ്ട്. പ്രാദേശിക വാണിജ്യ, ലോജിസ്റ്റിക്സ്, വ്യാവസായിക കേന്ദ്രം എന്ന നിലയില്‍ ഹുബ്ബള്ളി-ധാർവാഡിന് കൂടുതല്‍ ശക്തിപ്പെടാനാകും. ബെലഗാവിക്ക് നിർമാണത്തിലും എൻജിനീയറിങ്ങിലും കൂടുതല്‍ വികസിക്കാനാകും. കൂടാതെ തീരദേശ നഗരങ്ങള്‍ക്ക് വിദ്യാഭ്യാസം, വ്യാപാരം, ടൂറിസം, കണക്റ്റിവിറ്റി എന്നിവയുടെ സവിശേഷമായ സംയോജനം പ്രയോജനപ്പെടുത്താനും കഴിയും.സ്വത്ത്, ബിസിനസ്, തൊഴില്‍, അടിസ്ഥാന സൗകര്യങ്ങള്‍, ഭൂമി, വിദ്യാഭ്യാസം, ആരോഗ്യം, മുനിസിപ്പല്‍ – ധനകാര്യ സൂചകങ്ങള്‍ എന്നിവ ഒരുമിച്ച് കൊണ്ടുവരുന്ന നഗര സാമ്പത്തിക സംവിധാനം വികസിപ്പിക്കുന്നത് സംസ്ഥാനം പരിഗണിക്കണം. അത്തരമൊരു സംവിധാനം വളർച്ചാ കേന്ദ്രങ്ങളെ തിരിച്ചറിയാനും അടിസ്ഥാന സൗകര്യ തടസ്സങ്ങള്‍ കണ്ടെത്താനും സഹായിക്കും. ഇതുവഴി തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊതുനിക്ഷേപം അനുവദിക്കാനും അനുവദിക്കും.