ബെംഗളൂരു: ബെംഗളൂരുവിലെ റസ്റ്ററന്റില്‍ കയറി ഭക്ഷണം കഴിച്ചതായിരുന്നു യുവാവ്. ശേഷം തനിക്ക് കിട്ടിയ ബില്ല് നോക്കിയ ഇയാള്‍ ആകെ ക്ഷുഭിതനായി.ബില്ലിലെ വില കണ്ടിട്ടൊന്നുമായിരുന്നില്ല ക്ഷോഭം. ബില്ലിലെ പരാമര്‍ശം കണ്ടിട്ടായിരുന്നു. ബില്ലില്‍ കസ്റ്റമറുടെ പേരെഴുതുന്ന ഭാഗത്ത് ബോഡി ഷെയിമിങ് നിറഞ്ഞ ഒരു വാചകമായിരുന്നു എഴുതിയത്. ‘കറുത്ത ഷര്‍ട്ടിട്ട തടിച്ച ആള്’ എന്നായിരുന്നു ബില്ലില്‍ എഴുതിയത്. ബംഗളൂരുവിലെ പ്രശസ്തമായ ‘സബ്കോ കോഫീ’ ഔട്ട്ലെറ്റില് വെച്ചായിരുന്നു സംഭവം.
തനിക്കുണ്ടായ ദുരനുഭവം ഓണ്‍ലൈന്‍ ചര്‍ച്ചാവേദിയായ റെഡ്ഡിറ്റിലാണ് ഇയാള്‍ പങ്കുവെച്ചത്. ബില്ലിന്റെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. തന്റെ പേരോ, ടേബിള്‍ നമ്പറോ, ഓര്‍ഡര്‍ നമ്പറോ നല്‍കുന്നതിന് പകരം തന്റെ ശരീരപ്രകൃതിയെ കുറിച്ച് മോശമായ രീതിയില്‍ ബില്ലില്‍ നല്‍കിയത് എന്തിനെന്നായിരുന്നു ഇയാളുടെ ചോദ്യം. ബോഡി ഷെയിമിങ്ങിനെ തമാശയായി കാണാന്‍ കഴിയുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളോട് മാന്യമായി പെരുമാറാന്‍ ജീവനക്കാരോട് പറയണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.
പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായി. സബ്കോ കോഫീയെ പലരും രൂക്ഷമായി വിമര്‍ശിച്ചു. ഇതിന് പിന്നാലെ ഓഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ സംഭവത്തില്‍ സബ്കോ കോഫീ മാപ്പ് ചോദിച്ചു. തങ്ങളുടെ സ്റ്റാഫിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റ് അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും ആരെയെങ്കിലും ശരീരപ്രകൃതിയുടെ പേരില്‍ വിലയിരുത്തുക സ്ഥാപനത്തിന്റെ രീതിയല്ലെന്നും അവര്‍ കുറിച്ചു. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിന്റെ ഭാഗമായാണ് സബ്കോ എന്ന പേരുപോലും നല്‍കിയത്. അതിന് വിരുദ്ധമായ രീതിയിലുണ്ടായ നടപടിയില്‍ നിരുപാധികം മാപ്പ് ചോദിക്കുന്നു -സബ്കോ വ്യക്തമാക്കി.