Home കർണാടക ബെംഗളുരു ഔട്ടര്‍ റിംഗ് റോഡ് പ്രവൃത്തികള്‍ നടത്തരുത്, ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കില്ല;കടുപ്പിച്ച്‌ കമ്പനികള്‍

ബെംഗളുരു ഔട്ടര്‍ റിംഗ് റോഡ് പ്രവൃത്തികള്‍ നടത്തരുത്, ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കില്ല;കടുപ്പിച്ച്‌ കമ്പനികള്‍

by ടാർസ്യുസ്

ബെംഗളൂരിലെ ഔട്ടർ റിംഗ് റോഡിലെ വൈറ്റ് ടോപ്പിംഗ് പ്രവർത്തികള്‍ ഉടനെങ്ങും ആരംഭിക്കരുതെന്ന അഭ്യർത്ഥനയുമായി ഔട്ടർ റിംഗ് റോർ് കമ്പനീസ് അസോസിയേഷൻ (ഒ ആർ ആർ സി എ).ബ്ല്യൂ ലൈൻ മെട്രോയുടെ പണികള്‍ പൂർത്തിയാക്കിയ ശേഷം മാത്രമേ പണികള്‍ ആരംഭിക്കാവൂ എന്ന് ചൂണ്ടിക്കാട്ടി അസോസിയേഷൻ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് (ജി ബി എ) കത്ത് നല്‍കി.ബെംഗളൂരിലെ പ്രധാന സാങ്കേതിക മേഖലയാണ് ഈ പാത. 500ലധികം കമ്പനികള്‍ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഏകദേശം 13 ലക്ഷത്തോളം ജീവനക്കാരും. ഈ സാഹചര്യത്തില്‍ പണി തുടങ്ങുന്നത് ജീവനക്കാരുടെ യാത്രദുരിതം വർധിപ്പിക്കുമെന്നാണ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നത്.

ഔട്ടർ റിംഗ് റോഡിലെ പണികള്‍ ഒക്ടോബറോടെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകള്‍. ഏകദേശം 450 കോടിയുടെ വികസന പദ്ധതിയാണ് നടപ്പാക്കാനൊരുങ്ങുന്നത്. എത്രയും പെട്ടെന്ന് പണികള്‍ തുടങ്ങുമെന്നതാണ് ജിബിഎ നിലപാട്. എന്നാല്‍ ഓഗസ്റ്റ് 4 ന് ജിബിഎ കമ്മീഷ്ണർ എം മഹേശ്വർ റാവുവിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമാണ് ഈ നീക്കമെന്ന് അസോസിയേഷൻ ആരോപിച്ചു.നിർമ്മാണപ്രവൃത്തികള്‍ നടക്കുമ്പോള്‍ പ്രദേശത്തെ ഗതാഗത തടസം ഒഴിവാക്കാൻ കമ്പനികള്‍ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് ജിബിഎം നിർദേശിച്ചിരുന്നു. എന്നാല്‍ ഈ നിർദേശം അസോസിയേഷൻ തള്ളി. ഗതാഗത നിയന്ത്രണവും അടിസ്ഥാന സൌകര്യവും ഏർപ്പെടുത്താതെ വർക്ക് ഫ്രം ഹോം അനുവദിക്കുന്നത് പ്രായോഗികമായ നടപടിയല്ലെന്ന് കമ്പനികള്‍ വ്യക്തമാക്കി. സാങ്കേതികമായ പഠനങ്ങളും ചർച്ചകളുമെല്ലാം പൂർത്തിയാക്കുന്നതുവരെ യാതൊരു തരത്തിലുള്ള പ്രവർത്തനങ്ങളും നടപ്പാക്കുതെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.

ബ്ലാക്ക് ടാപ്പിംഗ് വേണോ അല്ലെങ്കില്‍ വൈറ്റ് ടാപ്പിംഗ് നടത്തണോ എന്നതൊക്കെ സംബന്ധിച്ച്‌ കൃത്യമായ പഠനമാണ് ആദ്യം നടത്തേണ്ടത്. അതിനുശേഷം മാത്രമേ ഔദ്യോഗിക നടപടികളിലേക്ക് കടക്കാവൂ. ബെംഗളൂരു ട്രാഫിക് പോലീസുമായി സഹകരിച്ച്‌ സമഗ്രമായ ഗതാഗത പരിഷ്കരണം കൂടി ആലോചിക്കണമെന്നും കമ്പനികള്‍ പറഞ്ഞു. കമ്പനികള്‍ റോഡ് വികസനത്തിനെതിരല്ലെന്നും അസോസിയേഷൻ ആവർത്തിച്ചു. ഓടകളുടെ നിർമ്മാണം, നടപ്പാതകള്‍, കാല്‍നടയാത്രക്കാർക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന ജോലികള്‍, വെള്ളപ്പൊക്ക നിയന്ത്രണ പ്രവർത്തനങ്ങള്‍, ട്രാഫിക് സിഗ്നല്‍ നവീകരണം എന്നിവ ഉള്‍പ്പെടെയുള്ള അനുബന്ധ വികസന പ്രവർത്തനങ്ങളുമായി ജിബിഎയ്ക്ക് മുന്നോട്ട് പോകാമെന്നും അസോസിയേഷനുകള്‍ ചൂണ്ടിക്കാട്ടി.

You may also like

error: Content is protected !!
Join Our WhatsApp Group