ബെംഗളൂരു: ആയിരക്കണക്കിന് യാത്രക്കാർക്ക് ആശ്വാസമേകുന്ന നടപടിയായി കെഎസ്‌ആർ ബെംഗളൂരു റെയില്‍വേ സ്‌റ്റേഷനില്‍ പ്ലാറ്റ്ഫോം മേല്‍ക്കൂരയും യാത്രക്കാർക്കായുള്ള ലിഫ്റ്റും സ്ഥാപിക്കുന്നതിനുള്ള ജോലികള്‍ സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേ ആരംഭിച്ചു.ഒരുപാട് നാളായി നഗരത്തിലെ സ്ഥിരം ട്രെയിൻ യാത്രക്കാർ ആവശ്യപ്പെടുന്ന മാറ്റത്തിനാണ് ഇപ്പോള്‍ തുടക്കമായിരിക്കുന്നത്.ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്‌റ്റേഷനുകളിലൊന്നായ കെഎസ്‌ആർ ബെംഗളൂരുവിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും നിലവില്‍ പൂർണമായ മേല്‍ക്കൂരാ സൗകര്യമില്ല. വടക്കൻ കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലേക്കുള്ള ദീർഘദൂര ട്രെയിനുകള്‍ക്ക് പ്രധാനമായും ഉപയോഗിക്കുന്ന എട്ടാം നമ്പർ പ്ലാറ്റ്ഫോമിലാണ് പുതുതായി മേല്‍ക്കൂര സ്ഥാപിക്കുന്നത്.
ഒക്ടോബറോടെ മേല്‍ക്കൂരയുടെ നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേയുടെ ബെംഗളൂരു ഡിവിഷൻ പ്രതീക്ഷിക്കുന്നത്. മഴക്കാലത്ത് യാത്രക്കാർക്ക് പ്രത്യേകിച്ച് ഇത്തരം മേല്‍ക്കൂരാ സൗകര്യങ്ങള്‍ ഏറെ ആവശ്യമാണെന്ന് സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേയുടെ സോണല്‍ റെയില്‍വേ ഉപയോക്തൃ കൂടിയാലോചന സമിതി മുൻ അംഗം ഭാരത് കുമാർ ജെയിനിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.ഇതിന് പുറമെ ഒൻപതാം നമ്പർ പ്ലാറ്റ്‌ഫോമില്‍ യാത്രക്കാർക്കായി ലിഫ്റ്റ് സ്ഥാപിക്കുന്നതിനുള്ള ജോലികളും ആരംഭിച്ചിട്ടുണ്ട്. പ്ലാറ്റ്‌ഫോമിനെ മേല്‍പ്പാലവുമായി ബന്ധിപ്പിക്കുന്ന തരത്തിലായിരിക്കും ലിഫ്റ്റ് ഒരുക്കുന്നത്. പ്രായമായവർ, കുട്ടികള്‍, ഭിന്നശേഷിക്കാർ, ഭാരമേറിയ ലഗേജുകളുമായി യാത്ര ചെയ്യുന്നവർ തുടങ്ങിയവർക്ക് പുതിയ സൗകര്യം ഏറെ പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്.പ്രതിദിനം ശരാശരി രണ്ട് ലക്ഷം യാത്രക്കാരാണ് കെഎസ്‌ആർ ബെംഗളൂരു റെയില്‍വേ സ്‌റ്റേഷൻ വഴി യാത്ര ചെയ്യുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തിരക്കേറിയ സ്‌റ്റേഷനില്‍ യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതില്‍ പുതിയ നിർമ്മാണ പ്രവർത്തനങ്ങള്‍ പ്രധാന ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്.
അതിനിടെ നിരവധി വർഷത്തെ ആസൂത്രണത്തിനും അനുമതികള്‍ക്കും ശേഷം കെഎസ്‌ആർ ബെംഗളൂരു, യശ്വന്ത്പൂർ എന്നിവിടങ്ങളിലെ പ്രവർത്തനപരമായ പരിമിതികള്‍ നീക്കുന്നതിനുള്ള നടപടികള്‍ സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേ ശക്തമാക്കിയിരുന്നു. ഓഗസ്‌റ്റ് നാലിന് കെഎസ്‌ആർ ബെംഗളൂരു റെയില്‍വേ സ്‌റ്റേഷനിലെ യാർഡ് പുനഃക്രമീകരണത്തിന്റെ ആദ്യഘട്ടം സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേ പൂർത്തിയാക്കിയിരുന്നു.2017ല്‍ ആദ്യമായി അനുമതി ലഭിച്ച പദ്ധതിയുടെ ഭാഗമായി നിരവധി നിർമ്മാണ, അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്.
നേരത്തെ വന്ദേ ഭാരത്, ശതാബ്‌ദി പോലുള്ള താരതമ്യേന നീളം കുറഞ്ഞ ട്രെയിനുകള്‍ക്ക് മാത്രമായി ഉപയോഗിച്ചിരുന്ന ഏഴാം നമ്പർ പ്ലാറ്റ്‌ഫോം ഇപ്പോള്‍ കൂടുതല്‍ നീളമുള്ള ട്രെയിനുകള്‍ക്കും ഉപയോഗിക്കാനാകും. പ്ലാറ്റ്‌ഫോമിന്റെ നീളം 449 മീറ്ററില്‍ നിന്ന് 600 മീറ്ററായി വർധിപ്പിച്ചതോടെയാണ് ഈ സൗകര്യം ലഭിച്ചത്.ഇതിന് പുറമെ, ബെംഗളൂരു കന്റോണ്‍മെന്റില്‍ നിന്നുള്ള ട്രെയിനുകള്‍ക്ക് ഇനി ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമില്‍ എത്തിച്ചേരാനും അതേസമയം രണ്ടാം, മൂന്നാം, നാലാം പ്ലാറ്റ്ഫോമുകളില്‍ നിന്ന് ബെംഗളൂരു കന്റോണ്‍മെന്റ് ഭാഗത്തേക്ക് ട്രെയിനുകള്‍ പുറപ്പെടാനും കഴിയും. ഇതോടെ ട്രെയിനുകളുടെ വരവും പുറപ്പെടലും കൂടുതല്‍ കാര്യക്ഷമമായി നിയന്ത്രിക്കാനും സ്‌റ്റേഷനിലെ പ്രവർത്തന തടസങ്ങള്‍ കുറയ്ക്കാനും സാധിക്കും.