Home കർണാടക ബെംഗളൂരു മെട്രോ ഫേസ് 3:ഡെബിള്‍ ഡെക്കറിന് കടുംവെട്ട്? 44 കിമി പാത 11 കിമിയായി ചുരുങ്ങും?

ബെംഗളൂരു മെട്രോ ഫേസ് 3:ഡെബിള്‍ ഡെക്കറിന് കടുംവെട്ട്? 44 കിമി പാത 11 കിമിയായി ചുരുങ്ങും?

by ടാർസ്യുസ്

ബെംഗളൂരു നമ്മ മെട്രോ ഫേസ് 3യുടെ ഭാഗമായി നിർമ്മിക്കാനൊരുങ്ങുന്ന ഡബിള്‍ ഡെക്കർ ഇടനാഴിക്കെതിരെ വീണ്ടും തടസം ഉയർത്തി കേന്ദ്രസർക്കാർ.പദ്ധതി ലാഭകരമാകില്ലെന്നും മെട്രോയില്‍ യാത്രക്കാരുടെ എണ്ണം കുറയാൻ ഇത് കാരണമാകുമെന്നുമാണ് സർക്കാർ ആശങ്ക പ്രകടിപ്പിച്ചത്.പദ്ധതി സംബന്ധിച്ച്‌ പൊതുമേഖല സ്ഥാപനമായ റൈറ്റ്സ് (ആർ ഐ ടി ഇ എസ്) റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മെട്രോ ഫേസ് 3യില്‍ ഡബിള്‍ ഡെക്കർ കൂടി ഉള്‍പ്പെടുത്തിയാല്‍ കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള 14 ശതമാനത്തിനേക്കാള്‍ താഴെയായിരിക്കും ലാഭനിരക്ക് എന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. കരട് റിപ്പോർട്ടില്‍ ഉയർന്ന ലാഭക്ഷമത ഉണ്ടാകുമെന്നാണ് റൈറ്റ്സ് രേഖപ്പെടുത്തിയിരുന്നതെങ്കിലും അന്തിമ റിപ്പോർട്ടില്‍ മാറ്റം വരുത്തിയെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നേരത്തേ തന്നെ ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഡബിള്‍ ഡെക്കർ വരുന്നതോടെ യാത്രക്കാർ സ്വകാര്യ വാഹനങ്ങള്‍ കൂടുതലായി ഉപയോഗിക്കുമെന്നും മെട്രോ യാത്രക്കാരുടെ എണ്ണം കുറയാൻ ഇത് കാരണമാകുമെന്നുമാണ് റിപ്പോർട്ട് സ്ഥാപനം ചൂണ്ടിക്കാട്ടിയത്.അതേസമയം ഡബിള്‍ ഡെക്കറില്‍ സംസ്ഥാന സർക്കാർ എന്ത് നിലപാടെടുക്കുമെന്നാണ് ഉറ്റുനോക്കുന്നത്. മെട്രോകള്‍ക്ക് സമീപം ഡബിള്‍ ഡെക്കർ വേണമെന്നതാണ് മുഖ്യമന്ത്രി ഡികെ ശിവകുമാറിൻ്റെ നിലപാട്. എന്നാല്‍ അത്തരമൊരു നിർദേശവുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് കേന്ദ്രവും വ്യക്തമാക്കുന്നു.2024 ഓഗസ്റ്റിലാണ് ബെംഗളൂരു മെട്രോ ഫേസ് 3 പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നല്‍കിയത്. 15,611 കോടി രൂപയായിരുന്നു പദ്ധതി ചെലവ്. 44.65 കിലോമീറ്റർ നീളമുള്ള പദ്ധതിയില്‍ 31 സ്റ്റേഷനുകളാണ് ഉള്‍പ്പെടുത്തുക. 2029 ഓടെ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.ജെപി നഗർ ഫേർത്ത് ഫേസ് മുതല്‍ കെമ്പാപുര വരെയുള്ള 32 കിലോമീറ്റർ പാതയാണ് ആദ്യ കോറിഡോറില്‍ വരുന്നത്. ഇതില്‍ 21 സ്റ്റേഷനുകള്‍ ഉണ്ടാകും.

മഗാഡി റോഡിലെ ഹൊസഹള്ളി മുതല്‍ കഡബഗെരെ വരെയുള്ള 12.5 കിലോമീറ്റർ പാതയാണ് രണ്ടാമത്തെ കോറിഡോറില്‍ ഉള്‍പ്പെടുന്നത്. 10 സ്റ്റേഷനുകളാണ് ഇതിനുള്ളില്‍ വരുന്നത്.അതേസമയം 3 കിമി നീളുന്ന ഡെബിള്‍ ഡെക്കർ ആണ് കേന്ദ്രസർക്കാർ അംഗീകരിച്ച പദ്ധതിയില്‍ ഉള്ളത്. കനകപുര റോഡ് ജംഗ്ഷനില്‍ 1.4 കിമീ, കാമാക്യ ജംഗ്ഷനില്‍ 1.6 കി.മീ എന്നിങ്ങനെയാണിത്. വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഗൊരഗുണ്ടെപാളയ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ 8 കിലോമീറ്റർ കൂടി ഉള്‍പ്പെടുത്തി മൊത്തം ഡബിള്‍ ഡെക്കർ പാത 11 കിലോമീറ്ററായി ചുരുക്കാനാണ് ഇപ്പോഴത്തെ ആലോചന.കേന്ദ്ര അനുമതി ലഭിച്ച്‌ രണ്ട് വർഷം കഴിഞ്ഞിട്ടും തറക്കല്ലിട്ട് ഒരു വർഷം പൂർത്തിയായിട്ടും ഡെബിള്‍ ഡെക്കർ പദ്ധതിയുടെ പേരില്‍ ഫേസ് 3 പദ്ധതി വൈകുന്നത് ചെലവ് കൂടാനേ വഴിവെയ്ക്കുകയുള്ളൂവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഈ ചെലവ് കൂടി യാത്രക്കാരുടെ തലയില്‍ വരുന്ന സ്ഥിതിയാകും, ഇത് പദ്ധതിയെ തന്നെ ദോഷകരമായി ബാധിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.സ്ഥലപരിമിതിയും സ്ഥലമേറ്റെടുക്കാനുള്ള ചെലവും ചൂണ്ടിക്കാട്ടി ഡബിള്‍ ഡെക്കറിനായി സംസ്ഥാന സർക്കാർ ശക്തമായി തന്നെ വാദിക്കുന്നുണ്ട്. 9,700 കോടി രൂപ ചെലവില്‍ 37 കിലോമീറ്റർ ഡെബിള്‍ ഡെക്കർ നിർമ്മാണത്തിന് അംഗീകാരവും നല്‍കിയിട്ടുണ്ട്. എന്നാല്‍ പരിഷ്കരിച്ച്‌ ഈ പദ്ധതിക്ക് കേന്ദ്രത്തിൻ്റെ അനുമതി ലഭിക്കേണ്ടതുണ്ട്. പദ്ധതിയുടെ സാമ്പത്തിക ലാഭവും സുരക്ഷയും അടക്കം പരിശോധിച്ച ശേഷമായിരിക്കും കേന്ദ്രസർക്കാർ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുക.

You may also like

error: Content is protected !!
Join Our WhatsApp Group