ബംഗളൂരു: കർണാടകയിലെ ബംഗളൂരു നഗരത്തില്‍ പൊലീസ് നടത്തിയ വൻ ലഹരിവേട്ടയില്‍ 39 പേരെ അറസ്റ്റില്‍. 55.80 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയതായും പൊലീസ് അറിയിച്ചു.അറസ്റ്റിലായവരില്‍ എട്ട് പേർ വിദേശികളും 21 പേർ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും 10 പേർ പ്രദേശവാസികളുമാണ്.ബംഗളൂരുവിലുംമറ്റ് സംസ്ഥാനങ്ങളിലുമായി നടത്തിയ പരിശോധനകളിലാണ് മയക്കുമരുന്ന് പിടികൂടിയത്.എം.ഡി.എം.എ, ഹൈഡ്രോ കഞ്ചാവ്, കൊക്കെയ്ൻ, കഞ്ചാവ് എന്നിവ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളാണ് പിടികൂടിയത്. സി.സി.ബി ഉള്‍പ്പെടെ സിറ്റി പൊലീസിന്റെ 16 യൂണിറ്റുകള്‍ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയതെന്ന് കമീഷണർ അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങളില്‍നിന്നും കർണാടകക്കുള്ളില്നിന്നും തിരിച്ചറിയപ്പെടാത്ത വിതരണക്കാരില്‍നിന്ന് കുറഞ്ഞ വിലക്ക് നിരോധിത ലഹരിവസ്തുക്കള്‍ വാങ്ങി ഉയർന്ന വിലക്ക് സാധാരണക്കാർക്കും കോളജ് വിദ്യാർഥികള്‍ക്കും വില്‍ക്കുകയായിരുന്നു പ്രതികള്‍ എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. വേഗത്തില്‍ ലാഭം നേടുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.ലഹരിവസ്തുക്കള്‍ പ്രതികള്‍ക്ക് വിതരണം ചെയ്തതായി ആരോപിക്കപ്പെടുന്ന തിരിച്ചറിയപ്പെടാത്ത വ്യക്തികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.